കിംഗ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും പാക്കിസ്ഥാന് സ്വന്തമാക്കി. ആദ്യ ട്വന്റി 20യില്‍ രണ്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ പാക്കിസ്ഥാന് രണ്ടാം മത്സരത്തില്‍ 11 റണ്‍സിനാണ് ആതിഥേയരെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പാക്കിസ്ഥാന് വേണ്ടി പുറത്താകാതെ 46 റണ്‍സെടുത്ത ഉമര്‍ അക്മലാണ് മാന്‍ ഓഫ് ദി മാച്ച്. പാക് താരമായ സുള്‍ഫിഖര്‍ ബാബറാണ് മാന്‍ ഓഫ് ദി സീരീസ്. സുള്‍ഫിഖറിന്റെ അരങ്ങേറ്റ പരമ്പരയായിരുന്നു ഇത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് വേണ്ടി ഉമര്‍ അക്മലിന് പുറമെ അഹമ്മദ് ഷെഹ്സാദ് 44 റണ്‍സെടുത്തു. ഇരുവര്‍ക്കം പുറമെ രണ്ടുപേര്‍കൂടി മാത്രമാണ് രണ്ടക്കം കടന്നത്. സുള്‍ഫിഖര്‍ ബാബര്‍ 11 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ മുഹമ്മദ് ഹഫീസ് 10 റണ്‍സെടുത്തു.
ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ മുഹമ്മദ് ഹഫീസും അഹമ്മദ് ഷെഹ്സാദും ചേര്‍ന്ന് നാല് ഓവറില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സാമുവല്‍ ബദ്രിയുടെ പന്തില്‍ സിമണ്‍സിന് ക്യാച്ച് നല്കി ഹഫീസാണ് ആദ്യം മടങ്ങിയത്. സ്കോര്‍ 39-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത ഉമര്‍ അമീനിനെ സമി സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. മൂന്ന് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒരു റണ്‍സെടുത്ത ഹാരിസ് സൊഹൈലിനെ ബദ്രിയും സ്വന്തം പന്തില്‍ കയ്യിലൊതുക്കി. ഇതോടെ പാക്കിസ്ഥാന് മൂന്നിന് 42 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടു. എന്നാല്‍ നാലാം വിക്കറ്റില്‍ അഹമ്മദ് ഷെഹ്സാദും ഉമര്‍ അക്മലും ഒത്തുചേര്‍ന്നതോടെ പാക്കിസ്ഥാന് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറി. 12.5 ഓവറില്‍ സ്കോര്‍ 78-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 46 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 44 റണ്‍സെടുത്ത അഹമ്മദ് ഷെഹ്സാദിനെ കീറണ്‍ പൊള്ളാര്‍ഡ് സിമണ്‍സിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 96-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും വീണു. 6 റണ്‍സെടുത്ത അഫ്രീദിയെ നരേയ്ന് സാമുവല്‍സിന്റെ കയ്യിലെത്തിച്ചു. സ്കോര്‍ 109-ല്‍ നില്‍ക്കേ രണ്ട് വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. ഒരു റണ്‍സെടുത്ത ഹമ്മദ് അസാമിനെ നരേയ്ന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ചാള്‍സ് സ്റ്റാമ്പ് ചെയ്തപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന സൊഹൈല്‍ തന്‍വീറിനെ നരേയ്ന് ബ്രാവോയുടെ കൈകളിലെത്തിച്ചു. പിന്നീട് ഉമര്‍ അക്മലും സുള്‍ഫിഖര്‍ ബാബറും ചേര്‍ന്നാണ് സ്കോര്‍ 135-ല്‍ എത്തിച്ചത്. 36 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമടക്കം ഉമര്‍ അക്മല്‍ 46 റണ്‍സെടുത്തപ്പോള്‍ 6 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയടക്കം 11 റണ്‍സെടുത്ത സുള്‍ഫിഖറും പുറത്താകാതെ നിന്നു. വിന്‍ഡീസിന് വേണ്ടി നരേയ്ന് മൂന്ന് വിക്കറ്റുകളും ബദ്രി രണ്ട് വിക്കറ്റും വീഴ്ത്തി.
136 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് തുടക്കത്തിലേ തകര്‍ച്ച നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ 8 ഓവറില്‍ 17 റണ്‍സ് മാത്രമായപ്പോഴേക്കും ചാള്‍സ് (0), ഗെയില്‍ (1), മര്‍ലോണ്‍ സാമുവല്‍സ് (1), സിമണ്‍സ് (3) എന്നിവര്‍ കൂടാരം കയറി. പിന്നീട് ബ്രാവോയും നരേയ്നും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോര്‍ 64 റണ്‍സിലെത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 16 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമടക്കം 28 റണ്‍സെടുത്ത നരേയ്നെ സയിദ് അജ്മലിന്റെ പന്തില്‍ ഉമര്‍ അമിന്‍ പിടികുടി. പിന്നീട് ബ്രാവോയും പൊള്ളാര്‍ഡും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 10 പന്തില്‍ നിന്ന് രണ്ട് വീതം ബൗണ്ടറികളും സിക്സറുമടക്കം 23 റണ്‍സെടുത്ത പൊള്ളാര്‍ഡിനെ സുള്‍ഫിഖര്‍ ഹാരിസ് സൊഹൈലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇതേ സ്കോറില്‍ തന്നെ വിന്‍ഡീസ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ബ്രാവോയും മടങ്ങി. സുള്‍ഫിഖറിന്റെ പന്തില്‍ ഹമ്മദ് അസമിന് ക്യാച്ച് നല്‍കിയാണ് 35 റണ്‍സെടുത്ത ബ്രാവോ മടങ്ങിയത്. സ്കോര്‍ 105-ല്‍ എത്തിയപ്പോള്‍ ബാണ്‍വെല്ലും (10), സമിയും (1) മടങ്ങി. അവസാനം ഒമ്പത് പന്തില്‍ നിന്ന് രണ്ട് സിക്സറുകളുടെ അകമ്പടിയോടെ 17 റണ്‍സെടുത്ത ടിനോ ബെസ്റ്റ് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. പാക്കിസ്ഥാന് വേണ്ടി സൊഹൈല്‍ തന്‍വീര്‍, സുള്‍ഫിഖര്‍ ബാബര്‍, സയിദ് അജ്മല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: