പുനലൂര്‍: വര്‍ഷങ്ങള്‍ക്കുമുമ്പ് വേനല്‍ക്കാലത്ത് കുടിവെള്ള വിതരണത്തിനായി ലക്ഷങ്ങള്‍ ചിലവഴിച്ച് വാട്ടര്‍ അതോറിറ്റി വാങ്ങിയ കൂറ്റന്‍ ടാങ്കുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു.
പദ്ധതി നടത്തിപ്പിലെ ദീര്‍ഘവീക്ഷണമില്ലായ്മയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും നഷ്ടമായത് കോടികള്‍. കുടിവെള്ള വിതരണത്തിനായി വണ്ടിയും ടാങ്കും വാടകയ്‌ക്കെടുത്ത വകയില്‍ പത്തനാപുരം താലൂക്ക് ചെലവഴിച്ചത് ഏകദേശം ഒന്നരക്കോടിയോളം രൂപ. ഇതിനെതിരെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിപോലും പ്രതിഷേധവുമായി രംഗത്തെത്തയില്ലെന്ന വലിയ ആശ്വാസത്തിലാണ് അധികൃതര്‍. വരള്‍ച്ച രൂക്ഷമായിരുന്ന വേനല്‍ക്കാലത്ത് ജലവിതരണം സുഗമമായി നടത്തിയതിനാണ് ഒന്നര കോടിയോളം രൂപ ചിലവഴിച്ചതെന്ന് ബന്ധപ്പെട്ടവര്‍ വാദമുയര്‍ത്തുമ്പോഴും അനാഥമായി കാടുമൂടിക്കിടക്കുന്ന കൂറ്റന്‍ ടാങ്കുകളിലേക്ക് ഇവരുടെ കണ്ണുകളെത്തിയിട്ടില്ല.
താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ അധികൃതര്‍ ടാങ്കിനും വണ്ടിക്കുമായി പരക്കം പായുമ്പോഴെല്ലാം കഥയൊന്നുമറിയാതെ കുന്നിന്‍മുകളില്‍ ടാങ്കുകളും ആഫീസുകളില്‍ അധികൃതരും സജീവമായിരുന്നു. ഇവയെല്ലാം വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം മുക്കാല്‍ ഭാഗത്തോളമായി ചുരുങ്ങുമായിരുന്നു. കാലവര്‍ഷക്കെടുതില്‍ ദുരിതമനുഭവിക്കുന്നവരുടേയും, കൃഷിനാശം സംഭവിച്ച കര്‍ഷകരുടേയും നഷ്ടക്കണക്കുകള്‍ കൃത്യമായി തിട്ടപ്പെടുത്തുമ്പോഴും ദുരിതാശ്വാസത്തുക എപ്പോള്‍ കിട്ടുമെന്നറിയാതെ നട്ടംതിരിയുന്ന കുറെയധികം പാവങ്ങള്‍ക്കുവേണ്ടി ഈ തുക വിനിയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുമായിരുന്നു.
പൊതുജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനായി 2007ല്‍ മുപ്പതോളം കൂറ്റണ്‍ ടാങ്കുകളാണ് വാട്ടര്‍ അതോറിറ്റി വാങ്ങിക്കൂട്ടിയത്. പുനലൂര്‍ ഹൈസ്കൂള്‍ വാര്‍ഡിലെ വാട്ടര്‍ അതോറിറ്റിയുടെ ട്രീറ്റ്മെന്റ് പ്ലാന്റില്‍ ഇവയെല്ലാം കൊണ്ടെത്തിക്കുകയും ചെയ്തു. അതികഠിനമായ ചൂടിന് വിടനല്‍കി കാലവര്‍ഷം ശക്തമായതോടെ ഉപയോഗരഹിതമായ ഈ ടാങ്കുകള്‍ ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. കിണറുകളും, തോടുമെല്ലാം നിറഞ്ഞതോടെ എല്ലാവര്‍ക്കും ആവശ്യത്തിലധികം വെള്ളം കിട്ടിതുടങ്ങി. ഇതോടെ കുടിവെള്ളവിതരണം നിര്‍ത്തിവച്ച് പുതിയ പദ്ധതിക്കായുള്ള ഫണ്ട് കാത്തിരിക്കുന്ന അധികൃതരും ദുരിതത്തിലാണ്. കുടിവെള്ള വിതരണത്തിനായി അധികൃതര്‍ സ്വകാര്യ വാഹനങ്ങളേയും ടാങ്കറുകളേയുമായിരുന്നു ഏറ്റവും കൂടുതലായി ആശ്രയിച്ചത്. എന്നാല്‍ മിക്ക പ്രദേശങ്ങളിലും ശരിയായ തോതില്‍ വെള്ളമെത്തിയില്ലെന്ന പരാതികള്‍ നിലനില്‍ക്കുമ്പോഴും മിക്ക വാഹനങ്ങളും രണ്ടു മുതല്‍ അഞ്ച് ട്രിപ്പുകള്‍ വരെ വെള്ളം വിതരണത്തിന്റെ പേരില്‍ സര്‍വീസ് നടത്തിയിരുന്നതായാണ് അരോപണമുയരുന്നത്. ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പത്തനാപുരം താലൂക്കിന് മാത്രം ചെലവഴിക്കേണ്ടിവന്നത് ലക്ഷക്കണക്കിന് രൂപയാണ്. വണ്ടി വാടകയിനത്തില്‍ മാത്രം ഒതുങ്ങുമായിരുന്ന ചെലവാണ് കാടുമൂടി തുരുമ്പെടുത്ത് നശിക്കുന്ന ടാങ്കുകള്‍ വേണ്ടരീതിയില്‍ സംരക്ഷിക്കാഞ്ഞതുമൂലം അധികൃതര്‍ നഷ്ടപ്പെടുത്തിയത്.
വേനലും, മഴയും മാറിവരും. വരും വര്‍ഷവും വേനലെത്തും. കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടമോടും. അധികാരികള്‍ മാറിയാലും അധികൃതരുടെ നടപടികള്‍ പഴയപടിതന്നെ തുടരുമെന്ന പ്രതീക്ഷയ്‌ക്ക് മാറ്റമുണ്ടാകില്ല. അപ്പോഴും അധികൃതരുടെ അനാസ്ഥയുടെ ബാക്കിപാത്രമായി കുന്നിന്‍മുകളില്‍ തുരുമ്പെടുത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച ടാങ്കറുകളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: