പത്തനാപുരം: കമുകുംചേരി പാറമേല്‍ക്കാവ് ക്ഷേത്രത്തിനു സമീപത്തെ പാറമടയിലെ വെള്ളക്കെട്ടില്‍ നിന്നും അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി.
തലവൂര്‍ ഗ്രാമപഞ്ചായത്തിലെ കമുകുംചേരി ചറയ്‌ക്കോട് പടിഞ്ഞാറ്റതില്‍ പരേതനായ വിഷ്ണു വാസുദേവന്റെ ഭാര്യ ചന്ദ്രലേഖ (26), എകമകന്‍ ലാവണ്യ (രണ്ടര) എന്നിവരുടെ മൃതദേഹമാണ് ഭര്‍ത്തൃഗൃഹത്തിന് സമീപത്തെ പാറമടയിലെ വെള്ളക്കെട്ടില്‍ നിന്നും കണ്ടെത്തിയത്. 3 വര്‍ഷം മുമ്പാണ് വിഷ്ണു വാസുദേവനുമായുള്ള ചന്ദ്രലേഖയുടെ പ്രേമവിവാഹം നടന്നത്. 7 മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് വിഷ്ണു ആത്മഹത്യ ചെയ്തു.
ഭര്‍ത്താവിന്റെ മരണത്തിനുശേഷം ചന്ദ്രലേഖയുടെ താമസം അടൂര്‍ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നിട്ടയിലുള്ള കുടുംബ വീട്ടിലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ക്ഷേത്രത്തില്‍ പോവുകയാണെന്ന് പറഞ്ഞ് രണ്ടര വയസുകാരി മകളെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിയ ചന്ദ്രലേഖ രാത്രിവൈകിയിട്ടും വീട്ടിലെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ കമുകുംചേരിയില്‍ ഭര്‍ത്തൃഗൃഹത്തിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
തിങ്കളാഴ്ച രാവിലെ 9 മണിയോടുകൂടി തൊഴിലുറപ്പ് ജോലിക്ക് പോയ തൊഴിലാളികളാണ് പാറമടയ്‌ക്കുസമീപം സംശയാസ്പതമായ നിലയില്‍ ബാഗും, ചെരിപ്പും മൊബെയില്‍ ഫോണും കണ്ടെത്തിയത്. തുടര്‍ന്ന് കുന്നിക്കോട് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസും പുനലൂരില്‍ നിന്നും എത്തിയ ആര്‍. ബാബുവിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘവും നടത്തിയ 3 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കുന്നിട്ട ചരുവിള പുത്തന്‍വീട്ടില്‍ ചന്ദ്രന്‍-ഗോമതി ദമ്പതികളുടെ 3 മക്കളില്‍ ഇളയ മകളാണ് ചന്ദ്രലേഖ. ചന്ദ്രലേഖയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ഷാജി, ഷൈനി എന്നിവര്‍ ചന്ദ്രലേഖയുടെ സഹോദരങ്ങളാണ്.
200 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ റോഡിനു സമീപത്തായി മരണക്കെണിയായി നിലകൊള്ളുന്ന പാറമടയ്‌ക്ക് സംരക്ഷണ വലയം വേണമെന്ന് സമീപവാസികള്‍ പറഞ്ഞു. പുനലൂര്‍ ഡിവൈഎസ്പി കെ.എല്‍ ജോണ്‍കുട്ടി, കുന്നിക്കോട് എസ്‌ഐ ബിനോജ്, തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രാജീവ് എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: