കൊച്ചി: തെറ്റായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദല്‍ഹിയിലേക്ക് പോകുന്നതിനു മുന്‍പ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം അഡ്വക്കേറ്റ് ജനറലുമായി താന്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു.
ആള്‍മാറാട്ടം നടത്തി മന്ത്രിയെ വിളിച്ച ചാനലിനെതിരെ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു. നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. പുതിയ നിയമം പരിഗണനയിലില്ല, തീരുമാനത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമസ്വാതന്ത്ര്യത്തെയല്ല, മാധ്യമങ്ങള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമം എല്ലാവര്ക്കും ബാധകമാണ്. നിയമവും നിയമവ്യവസ്ഥിതിയും കുറച്ചുപേര്‍ക്ക് മാത്രമാണെങ്കില്‍ ആരെങ്കിലും സമ്മതിച്ചുകൊടുക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇത് പാര്‍ട്ടിയുടെ തീരുമാനമാണോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് മുഖ്യമന്ത്രി തയാറായില്ല. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ ഹൈക്കമാന്റ് തീരുമാനം വരുന്നതോടെ കാര്യങ്ങളെല്ലാം ശുഭകരാമായി അവസാനിക്കുമെന്നും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ വിഷയത്തില്‍ കോടതിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ പിണറായി വിജയന്റെ നിലപാടിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോടതിയില്‍ നിന്നുള്ള വിധികള്‍ അനുകൂലമായാലും പ്രതികൂലമായാലും അതിനെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അല്ലാതെ വിധി എതിരാകുമ്പോള്‍ ജഡ്ജിമാരെ പ്രതീകാത്മകമായി നാടുകടത്താറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്. ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് റാങ്ക് പദവി നല്‍കിയതില്‍ അപാകതകയൊന്നുമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: