കൊല്‍ക്കത്ത: ഐപിഎല്‍ ഒത്തുകളിക്കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ടീം തലവന്‍ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന് റോയല്‍സ് സഹ ഉടമ രാജ് കുണ്ട്രയ്ക്കും ക്ലീന്‍ ചിറ്റ്. ഇരുവരെയും ഒത്തുകളിയുമായി ബന്ധിപ്പിക്കുന്ന തെളിവൊന്നുമില്ലെന്ന് അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബിസിസിഐ വര്‍ക്കിങ് കമ്മിറ്റിയുടെ ഇന്നലത്തെ യോഗത്തില്‍വച്ച റിപ്പോര്‍ട്ട് ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന് കൈമാറും. ആഗസ്റ്റ് രണ്ടിലെ ഗവേണിങ് കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇതോടെ മെയ്യപ്പന്റെ അമ്മാവനായ എന്‍. ശ്രീനിവാസന്റെ ബിസിസിഐ പ്രസിഡന്റ് പദത്തിന് ഇളക്കമൊന്നും തട്ടില്ലെന്ന് ഉറപ്പായി.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ താത്കാലിക ചുമതല ജഗ്മോഹന് ഡാല്മിയ്ക്ക് നല്‍കിയിരുന്നു. അതേസമയം, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളൊന്നും ബിസിസിഐ യോഗത്തിലുണ്ടായില്ല. ടീമിന്റെ യാത്രാ പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ ക്രമപ്പെടുത്തിവരികയാണെന്ന് താത്കാലിക പ്രസിഡന്റ് ഡാല്‍മിയ അറിയിച്ചു.
മുന്‍ ജഡ്ജിമാരായ ജയറാം ചൗത്ത, ആര്. ബാലസുബ്രഹ്മണ്യന് എന്നിവരടങ്ങുന്ന കമ്മീഷനാണ് ഐപിഎല്‍ ഒത്തുകളി സംബന്ധിച്ച് അന്വേഷണം നടത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്ങ്സിനോ അതിന്റെ ഉടമകളായ ഇന്ത്യാ സിമന്റ്സിനോ രാജസ്ഥാന് റോയല്‍സിനോ ഒത്തുകളിയുമായി ബന്ധവുമില്ലെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. എന്നാല്‍ മെയ്യപ്പന് വാതുവച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. തെളിവുകള്‍ ഇല്ലാത്തതിനാല്‍ മെയ്യപ്പന് തടിയൂരാനാണ് സാധ്യതയെന്നു കരുതപ്പെടുന്നു.
മെയ് 16ന,് രാജസ്ഥാന് റോയല്‍ താരങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന് എന്നിവര്‍ അറസ്റ്റിലായതോടെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ഒത്തുകളി വിവാദത്തിന്റെ തുടക്കം. തുടര്‍ന്ന് വാതുവയ്പ്പുകാരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് മെയ് 26ന് മെയ്യപ്പനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ കുണ്ട്രയും പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: