ആയൂര്‍: കര്‍ക്കിടക ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ ആയൂരിലെ ആയുര്‍വേദ ആശുപത്രിയിലെ പരിമിത സൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നു. ചടയമംഗലം, അഞ്ചല്‍, ഓയൂര്‍, ഇളമാട്, വാളകം മേഖലകളിലെ നൂറുകണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമാണ് ആയൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രി. പ്രായമായവരടക്കം ഓരോ ദിവസവും ശരാശരി ഇരുനൂറ്റി അമ്പത് രോഗികളാണ് ഇവിടെ എത്തുന്നത്. എന്നാല്‍ വെറും മുപ്പത് ബെഡ് മാത്രം സൗകര്യമാണ് ഇവിടുള്ളത്. ചികിത്സയ്ക്കായി എത്തുന്ന കൂടുതല്‍ പേരും കിടത്തി ചികിത്സ ആവശ്യമുള്ളവരുമാണ്.
എല്ലാവിധ ആയൂര്‍വേദ ചികിത്സകള്‍ക്കുമായി രോഗികള്‍ എത്തുന്ന ഇവിടെ എന്‍ആര്‍എച്ച്എമ്മിന്റെ കീഴിലുണ്ടായിരുന്ന മൂന്നു ജീവനക്കാര്‍ നാല് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന സ്ഥിതിവിശേഷമാണ്. ഒരാള്‍ ജോലി നിര്‍ത്തി പോയിക്കഴിഞ്ഞു. കാലങ്ങളായി ഉള്ള തെറാപ്പിസ്റ്റിന്റെ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല. കൂടാതെ ഇവിടെയുണ്ടായിരുന്ന പാചകക്കാരുടെ ഒഴിവും നികത്താത്തതുമൂലം വെള്ളം ചൂടാക്കുന്നതിനുപോലും അടുത്ത വീടുകളെ ആശ്രയിക്കേണ്ടിവരുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ താമസിക്കുന്ന ഇവിടെ ഒരു സെക്യൂരിറ്റിയില്ലാത്തതുമൂലം ഗേറ്റ് അടയ്ക്കുന്നതിനും അവശരായ രോഗികള്‍ തന്നെ എത്തേണ്ടിവരുന്നു. രാത്രികാലത്ത് കറണ്ട് പോയാല്‍ കൂരിരുട്ടില്‍ തന്നെ കഴിഞ്ഞു കൂടേണ്ടിവരികയാണ് പാവം രോഗികള്‍. ഇവിടെ ഒരു ജനറേറ്റര്‍ വേണമെന്ന ആവശ്യത്തിന് നേരെ അധികാരികള്‍ കണ്ണടയ്ക്കുകയാണ്.
രാത്രികാലത്ത് സമീപത്തെ ബാറില്‍ നിന്ന് മദ്യപിച്ച് എത്തുന്നവരില്‍ നിന്നും നിരവധി തവണ ശല്യമുണ്ടായിട്ടുണ്ട്. സ്ത്രീകളുടെ ബാത്ത്റൂം മഴക്കാലമായാല്‍ മനുഷ്യനടുക്കാന് പറ്റാത്തതാവും. ആയൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുമെന്നും വിവിധ യുവജന സംഘടനകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: