തിരുവനന്തപുരം: ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച എംബിബിഎസ് വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഉള്ളൂര്‍ നീരാഴി ലൈന്‍ ഭാഗ്യശ്രീയില്‍ രജിത രാജീവ് (18) ആണ് ഇന്നലെ ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
കൊല്ലത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുന്ന വഴിയില്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കഴക്കൂട്ടത്തെ ഹോട്ടലില്‍ മാതാപിതാക്കള്‍ക്കൊപ്പം രജിത ബിരിയാണി കഴിച്ചത്. രജിത ചിക്കന്‍ ബിരിയാണിയും മാതാപിതാക്കള്‍ അപ്പവും വെജിറ്റബിള്‍ കറിയും കഴിക്കുകയായിരുന്നു. കഴക്കൂട്ടത്ത് ദംബിരിയാണി വില്‍ക്കുന്ന ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ ഹോട്ടല്‍ കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്നു.
രജിതയ്ക്ക് ഇന്നലെ ഉച്ചയോടെ ഛര്‍ദിയും തളര്‍ച്ചയുമുണ്ടായി. വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ ഉടന്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശനിയാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയുമായിരുന്നു.
തിരുവനന്തപുരം കണ്ണാശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ഡോ. രാജീവിന്റെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സോജയുടെയും മകളായ രജിത പോണ്ടിച്ചേരിയില്‍ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. സഹോദരന് രജു അമേരിക്കയില്‍ എംബിബിഎസിന് പഠിക്കുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും.
കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളതെന്നും ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ പറയാനാകൂവെന്നും പോലീസ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാഉദ്യോഗസ്ഥര്‍ കഴക്കൂട്ടത്തെ ഹോട്ടലുകളില്‍ പരിശോധന നടത്തി. സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അതേസമയം, കഴക്കൂട്ടത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആരുംതന്നെ ചികിത്സതേടിയതായി വിവരം ലഭിച്ചിട്ടില്ല.
നേരത്തേ തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലില്‍നിന്നു ഷവര്‍മ കഴിച്ച് യുവാവു മരിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഹോട്ടലുകളിലും ചായക്കടകളിലും വരെ ഭക്ഷ്യ സുരക്ഷാഉദ്യോഗസ്ഥര്‍ കയറിയിറങ്ങി പരിശോധന നടത്തിയിരുന്നു. തലസ്ഥാനത്തെ ചില ഹോട്ടലുകളില്‍ ഭക്ഷണത്തില്‍ നിന്ന് പല്ലിയെയും പഴുതാരയെയും വരെ ലഭിച്ചു. പക്ഷേ, പരിശോധനകള്‍ ആരംഭത്തില്‍ നടന്നെങ്കിലും പിന്നീട് നിലയ്ക്കുകയായിരുന്നു. പരിശോധനയ്ക്കെതിരെ ഹോട്ടല്‍ ഉടമകളുടെ സംഘടനരംഗത്തു വന്നിരുന്നു. ഇവരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് പരിശോധന അവസാനിപ്പിച്ചതെന്നും സൂചനയുണ്ടായിരുന്നു.
സസ്യേതര വിഭവങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളില്‍ പഴകിയ ഭക്ഷണസാധനങ്ങളും ഇറച്ചിയും വില്ക്കാന് വച്ചിരുന്നത് അന്നത്തെ പരിശോധനയില്‍ കണ്ടെടുത്തിരുന്നു. വിവിധയിടങ്ങളില്‍ ഹോട്ടലുകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. പരിശോധന നിലച്ച മുറയ്ക്ക് ഇവയില്‍ പല ഹോട്ടലുകളും വീണ്ടും തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: