ഹരാരെ: ആത്മവിശ്വാസത്തിന്റെ ആള്‍രൂപങ്ങളായ ഇന്ത്യന്‍ യുവനിര സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്നിറങ്ങും.
രണ്ടു ജയങ്ങളോടെ മുന്നില്‍ക്കയറിയ വിരാട് കോഹ്ലിക്കും സംഘത്തിനും ഇന്നു ജയിച്ചാല്‍ പരമ്പര പോക്കറ്റിലാക്കാം. ആതിഥേയ ടീം മാനംകാക്കല്‍ ലക്ഷ്യമിടുമ്പോള്‍ പോരാട്ടം ആവേശകരമാകുമെന്ന് കരുതപ്പെടുന്നു. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് സ്റ്റേഡിയം തന്നെ ഇത്തവണത്തെയും അങ്കക്കളം.
ബാറ്റിങ്ങിലും ബൗളിങ്ങിലും എതിരാളിയെ ബഹുദൂരം പിന്തള്ളിയാണ് ടീം ഇന്ത്യ പരമ്പരയില്‍ മേല്‍ക്കൈ ഉറപ്പിച്ചത്. ബാറ്റിങ് ലൈനപ്പിലെ സൂപ്പര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്തു. ആദ്യ കളിയില്‍ സെഞ്ചുറിനേടിയ കോഹ്ലിയും അര്‍ധ സെഞ്ചുറിക്കാരന്‍ അമ്പാട്ടി റായിഡുവും ടീമിനെ വിജയതീരമണച്ചു.
രണ്ടാം മുഖാമുഖത്തില്‍ ശിഖര്‍ ധവാനും ദിനേശ് കാര്‍ത്തിക്കും മാച്ച് വിന്നര്‍മാരുടെ റോള്‍ ഏറ്റെടുത്തു. രോഹിത് ശര്‍മയും സുരേഷ് റെയ്നയും തിളങ്ങില്ലെന്നതാണ് കോഹ്ലിപ്പടയുടെ ഏക പ്രശ്നം.
ബൗളര്‍മാരില്‍ വിനയ് കുമാറും ജയദേവ് ഉനാത്കതും കൃത്യതയും സ്ഥിരതയും പുലര്‍ത്തി. എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നത് ഇന്ത്യയ്ക്ക് തലവേദനയാകുന്നുണ്ട്.
വീറോടെ പൊരുതിയശേഷമാണ് സിംബാബ്വെയുടെ കീഴടങ്ങലുകള്‍ എന്നുതന്നെ വിലയിരുത്താം. പരിചയസമ്പത്തിന്റെ അഭാവവും നിര്‍ണായക സമയത്തെ പിഴവുകളുമാണ് അവര്‍ക്ക് വിനയായത്.
കഴിഞ്ഞമത്സരത്തില്‍ ശിഖര്‍ ധവാനെ പുറത്താക്കന്‍ കിട്ടിയ അവസരങ്ങള്‍ തുലച്ചത് പിഴവുകളില്‍ ചിലതുമാത്രം. വുസി സിബാന്‍ഡ- സിക്കന്തര്‍ റാസ ഓപ്പണിങ് ജോടി നിരയില്‍ നല്ലഫോമിലാണ്. ഇരുവരും ഓരോ അര്‍ധ ശതകങ്ങള്‍ വീതം കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്ലര്, സീന്‍ വില്യംസ്, ഹാമില്ട്ടണ് മസകാഡ്സ എന്നിവര്‍ ഉള്‍പ്പെട്ട മധ്യനിര അമ്പേപാളി. മൂവരും ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ സിംബാബ്വെ ഇത്തവണയും വിയര്‍ക്കും.
സിംബാബ്വെ ബൗളര്‍മാരില്‍ മിക്കപേരും വിശ്വസ്തകാട്ടിയിട്ടില്ല. പേസര്‍ കീല് ജാര്‍വിസ് ധാരാളം റണ്‍സ് വഴങ്ങി.
അതേസമയം, സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റിലെ പ്രോസ്പര്‍ ഉത്സേയ ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നത് സിബാംബ്വെയ്ക്ക് ആശ്വാസമാകുന്നുണ്ട്. പക്ഷേ, ഇന്ത്യന്‍ യുവതുര്‍ക്കികളെ കീഴടക്കാന്‍ ബ്രണ്ടന്‍ ടെയ്ലറും കൂട്ടരും കളി മെച്ചപ്പെടുത്തിയ മതിയാവു. സാധ്യതാ ടീമുകള്‍:
ഇന്ത്യ- ശിഖര്‍ ധവാന്, രോഹിത് ശര്‍മ, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അമിത് മിശ്ര, മുഹമ്മദ് ഷാമി, വിനയ് കുമാര്‍, ജയ്ദേവ് ഉനാദ്കത്.
സിംബാബ്വെ- വുസി സിബാന്‍ഡ, സിക്കന്തര്‍ റാസ, സീന്‍ വില്യംസ്, ഹാമില്ട്ടണ് മസകാഡ്സ, ബ്രണ്ടന്‍ ടെയ്ലര് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാല്‍ക്കം വാളര്‍, എല്‍ട്ടന്‍ ചിങ്കുംബുര, ടിനോടെന്റ മുട്ടോംബോട്സി, പ്രോസ്പര്‍ ഉത്സേയ, കീല് ജാര്‍വിസ്, ടെന്റായ് ചതാര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: