കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടീമിന്റെ പ്രകടനത്തിന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്സിന്റെ പ്രശംസ. സമ്മര്‍ദ്ദ നിമിഷങ്ങളില്‍ താരങ്ങള്‍ മികവിലേക്ക് ഉയര്‍ന്നെന്ന് എബിഡി.
കളിയില്‍ 56 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ ഡേവിഡ് മില്ലര്‍ (85 നോട്ടൗട്ട്), ഡിവില്ലിയേഴ്സ് (47) എന്നിവരുടെ മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു. ശ്രീലങ്ക 43.2 ഓവറില്‍ 167 റണ്‍സില്‍ ഒതുങ്ങി.
പേസര്‍മാരായ ലോണ്ബാവൊ ടിസൊറ്റ്സൊബൊ (4 വിക്കറ്റ്), ഫര്‍ഗാന്‍ ബെഹ ര്ദൈന് (3) എന്നിവരുടെ പന്തേറാണ് ലങ്കയെ മുക്കിയത്. റോബിന് പീറ്റേഴ്സന്റെ ഓവറില്‍ അഞ്ചു സിക്സറുകളും ബൗണ്ടറിയുമടക്കം 35 റണ്‍സ് വാരിയ തിസാര പെരേര (49 പന്തില്‍ 65) ദക്ഷിണാഫ്രിക്കയെ വിരട്ടിക്കളഞ്ഞു.
എന്നാല്‍ ബെഹര്ദൈന്റെ പന്തില്‍ ഫാഫ് ഡുപ്ലെസിസിനു പെരേര പിടികൊടുത്തതോടെ ഡിവില്ലിയേഴ്സും കൂട്ടരും ജയം ഉറപ്പിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളിലം തോറ്റ സന്ദര്‍ശകര്‍ക്ക് മൂന്നാം മത്സരം നിര്‍ണായകമായിരുന്നു.
ഉശിരന്‍ ജയം. സമ്മര്‍ദ്ദ നിമിഷങ്ങളെ നമ്മള് വേണ്ടവിധം കൈകാര്യം ചെയ്തു. മത്സര ഫലത്തില്‍ സന്തോഷമുണ്ട്, എബിഡി പറഞ്ഞു. റോബിന്റെ ഓവറില്‍ ധാരാളം റണ്‍സ് വഴങ്ങി. എന്നാല്‍ ആ തിരിച്ചടി ടീം കൈകാര്യം ചെയ്ത രീതി അഭിനന്ദനീയം. നമ്മള് പതറിയില്ല. പദ്ധതികള്‍ക്കനുസരിച്ച് കളി മുന്നോട്ടു കൊണ്ടുപോയെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: