കൊല്ലം: കാലവര്‍ഷത്തില്‍ തകര്‍ന്ന പിഡബ്ല്യുഡി റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി ജില്ലക്ക് 150 കോടി രൂപ അനുവദിക്കണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാവികസനസമിതി യോഗം ആവശ്യപ്പെട്ടു. കനത്ത മഴയില്‍ ജില്ലയിലെ ഗ്രാമീണ റോഡുകള്‍ അടക്കമുള്ള മിക്കവാറും റോഡുകള്‍ തകര്‍ന്നതായി യോഗം വിലയിരുത്തി. പ്രശ്നത്തിന്റെ ഗൗരവം പരിഗണിച്ച് ജില്ലയിലെ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥ മേധാവികളുടേയും യോഗം പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരണമെന്നും സമിതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച പ്രമേയം മുല്ലക്കര രത്നാകരന്‍ എംഎല്‍എ അവതരിപ്പിച്ചു. എന്‍.പീതാംബരക്കുറുപ്പ് എംപിയുടെ പ്രതിനിധി കെ.കരുണാകരന്‍പിള്ള പിന്താങ്ങി. ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി 75 കോടി രൂപ പ്രത്യേകമായി ജില്ലയ്‌ക്ക് അനുവദിക്കണമെന്നതാണ് ജില്ലാവികസനസമിതി അംഗീകരിച്ച മറ്റൊരു പ്രമേയം.
കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തെ പി.കെ.ഗുരുദാസന്‍ എംഎല്‍എ പിന്താങ്ങി. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകള്‍ക്ക് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിക്കണമെന്ന് പി.കെ.ഗുരുദാസന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ആശ്രാമം ലിങ്ക് റോഡ് നീട്ടുന്ന പദ്ധതിയുടെ ഒന്നാംഘട്ടം എന്ന നിലയില്‍ ഓലയില്‍ക്കടവ് വരെ കായല്‍ തീരത്ത് കൂടിയുള്ള റോഡിന്റെ നിര്‍മാണത്തിന് മുന്നോടിയായ സര്‍വെ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സീറോ ലാന്റ് ലെസ് പദ്ധതിയില്‍ ഭൂമിക്കായി അപേക്ഷിച്ചവര്‍ക്ക് വിദൂര ജില്ലകളില്‍ ഭൂമി നല്‍കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 27042 ഭൂരഹിതര്‍ക്ക് ലഭ്യതയ്‌ക്കനുസരിച്ച് ഭൂമി നല്‍കുമെന്ന് കളക്ടര്‍ ബി.മോഹനന്‍ അറിയിച്ചു. നിലവില്‍ കണ്ടെത്തിയിട്ടുള്ള ഭൂമി മൂന്ന് സെന്റ് എന്ന നിലയില്‍ അളന്ന് തിരിച്ച് നറുക്കെടുപ്പിലൂടെ നല്‍കും. 600 ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടം എന്ന നിലയില്‍ ഭൂമി ലഭിക്കും. ഭൂമിയുടെ നറുക്കെടുപ്പ് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
മറ്റു ജില്ലകളില്‍ ലഭ്യമായ ഭൂമിയിലേക്ക് പോകാന്‍ തയ്യാറുള്ളവരെ മാത്രമേ അതിനായി പരിഗണിക്കുവെന്നും ഇക്കാര്യത്തില്‍ യാതൊരു ആശങ്കയ്‌ക്കും അടിസ്ഥാനമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. റോസ്മലയില്‍ വൈദ്യുതിയെത്തിക്കുന്നതിനായി ലൈന്‍ വലിക്കുന്നതിന് വനംവകുപ്പ് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നത് വളരെ ഗൗരവമായി കാണണമെന്ന് കെ.രാജു എംഎല്‍എ പറഞ്ഞു. മുകളിലൂടെയുള്ള ലൈനിന് പകരം ഭൂഗര്‍ഭ കേബിള്‍ ഇടുന്നതിന് നിലവില്‍ പദ്ധതിക്ക് അനുവദിച്ചിട്ടുള്ള 304 ലക്ഷം രൂപ മതിയാകാത്ത സ്ഥിതിയില്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ഇടിഞ്ഞുവീണ മതിലിന്റെ പുനര്‍നിര്‍മാണത്തിന് പണം അനുവദിക്കണമെന്ന് ഐഷാപോറ്റി എംഎല്‍എ ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും ഐഷാപോറ്റി എംഎല്‍എ ആവശ്യപ്പെട്ടു. സുനാമി ഫ്ലാറ്റുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി വാസയോഗ്യമാക്കണമെന്ന് എഎ അസീസ് എംഎല്‍എ ആവശ്യപ്പെട്ടു. ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് സൗകര്യമൊരുക്കണമെന്നും ഇതിനായി തന്റെ എംഎല്‍എ ഫണ്ട് വിഹിതം അനുവദിക്കാന്‍ തയ്യാറാണെന്നും എ എ അസീസ് അറിയിച്ചു. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള സൗജന്യ റേഷന്‍ വിതരണം കുന്നത്തൂര്‍ മണ്ഡലത്തില്‍ കാര്യക്ഷമമായി നടത്തിയെന്ന് ഉറപ്പുവരുത്തണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പള്ളിക്കലാറിലെ പായലുകള്‍ നീക്കം ചെയ്യന്നതിന് നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എല്‍ ഷൈലജ ആവശ്യപ്പെട്ടു. സുതാര്യകേരളം സെല്‍ വഴി ലഭിക്കുന്ന പരാതികള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
കെ.സി.വേണുഗോപാലിന്റെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍, കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതിനിധി എബ്രഹാം സാമുവല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: