ഹരാരെ: സിംബാബ്വെക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 58 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്റെ (116) തകര്‍പ്പന്‍ സെഞ്ച്വറിയുടെയും ദിനേശ് കാര്‍ത്തികിന്റെ (69) അര്‍ദ്ധസെഞ്ച്വറിയുടെയും അവസാന ഓവറില്‍ ആഞ്ഞടിച്ച വിനയ്കുമാറിന്റെയും (12 പന്തില്‍ 27നോട്ടൗട്ട്) കരുത്തിന് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില 236 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 55 റണ്‍സ് നേടിയ ഓപ്പണര്‍ സിബാന്‍ഡ, 46 റണ്‍സെടുത്ത ചിഗുംബര, ഉത്സേയ (52 നോട്ടൗട്ട്), മസാകഡ്സ (34) എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ധവാനാണ് മാന്‍ ഓഫ് ദി മാച്ച്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. മൂന്നാം ഏകദിനം നാളെ നടക്കും.
നേരത്തെ ടോസ് നേടിയ സിംബാബ്വെ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് സിംബാബ്വെ ഫാസ്റ്റ് ബൗളര്‍മാര്‍ ആഞ്ഞടിച്ചതോടെ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നു. ഒരു ഘട്ടത്തില്‍ 16.4 ഓവറില്‍ നാല് വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. സ്കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 7 പന്തുകള്‍ നേരിട്ട് വെറും ഒരു റണ്‍ മാത്രമെടുത്ത രോഹിത് ശര്‍മ്മയാണ് ആദ്യം മടങ്ങിയത്. ബ്രയാന്‍ വിട്ടോറിയുടെ പന്തില്‍ സിബാന്ഡക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് ശര്‍മ്മ മടങ്ങിയത്. പിന്നീട് കോഹ്ലിയും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് നീക്കിയെങ്കിലും സ്കോര്‍ 35 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 18 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ 14 റണ്‍സെടുത്ത കോഹ്ലിയെ ജാര്‍വിസിന്റെ പന്തില്‍ വിവാദ ക്യാച്ചിലുടെ വാലര്‍ പിടികൂടി.
തുടര്‍ന്നെത്തിയ അമ്പാട്ടി റായിഡുവിന് ഏറെ ആയുസ്സുണ്ടായില്ല. ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച റായിഡു അഞ്ച് റണ്‍സെടുത്ത മടങ്ങി. വിട്ടോറിയുടെ പന്തില്‍ ഉത്സേയക്ക് ക്യാച്ച് നല്‍കിയാണ് 25 പന്തുകള്‍ നേരിട്ട് അഞ്ച് റണ്‍സ് മാത്രമെടുത്ത അമ്പാട്ടി റായിഡു മടങ്ങിയത്. സ്കോര്‍: മൂന്നിന് 55. ഇതിനിടെ ഇന്ത്യന്‍ സ്കോര്‍ 11.4 ഓവറില്‍ 50 റണ്‍സ് കടന്നു. റായിഡുവിന് പകരം ക്രീസിലെത്തിയ സുരേഷ് റെയ്ന വീണ്ടും പരാജയപ്പെട്ടു. സ്കോര്‍ 65 റണ്‍സിലെത്തിയപ്പോള്‍ നാല് റണ്‍സെടുത്ത സുരേഷ് റെയ്നയെ ടെന്‍ഡായ് ചതാരയുടെ പന്തില്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്ലര് പിടികൂടി. ഇതോടെ ഇന്ത്യന്‍ ഇന്നിംഗ്സിന് ഏറെ ആയുസ്സുണ്ടാവില്ലെന്ന് തോന്നി. എന്നാല്‍ വിരാട് കോഹ്ലിക്കൊപ്പം ദിനേശ് കാര്‍ത്തിക് ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ ഇന്നിംഗ്സിന് വീണ്ടും ജീവന് വച്ചു. ഇരുവരും ചേര്‍ന്ന് 24.4 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 100 കടത്തിവിട്ടു. അധികം വൈകാതെ ധവാന് അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 70 പന്തില്‍ നിന്ന് 7 ബൗണ്ടറികളോടെയാണ് ധവാന് 50 കടന്നത്. പിന്നീട് 33 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 150 കടന്നു. തുടര്‍ന്ന് ഏറെ കഴിയും മുന്നേ ദിനേശ് കാര്‍ത്തിക് അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 64 പന്തില്‍ നിന്ന് നാല് ബൗണ്ടറികളോടെയാണ് കാര്‍ത്തിക് 50 റണ്‍സ് കടന്നത്. പിന്നീട് 39.1 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 200 പിന്നിട്ടു. ഏറെ വൈകാതെ ശിഖര്‍ ധവാന് സെഞ്ച്വറി നേടി. 115 പന്തുകളില്‍ നിന്ന് 10 ബൗണ്ടറിയും ഒരു സിക്സറുമടക്കമാണ് ധവാന് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 17-ാം ഏകദിനം കളിച്ച ധവാന്റെ മൂന്നാം സെഞ്ച്വറിയാണിത്. ഒടുവില്‍ സ്കോര്‍ 232-ല്‍ എത്തിയപ്പോള്‍ സിംബാബ്വെ കാത്തിരുന്ന വിക്കറ്റ്വീണു. ധവാനൊപ്പം 167 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ദിനേശ് കാര്‍ത്തികാണ് മടങ്ങിയത്. 69 റണ്‍സെടുത്ത കാര്‍ത്തികിനെ ടെയ്ലര് റണ്ണൗട്ടാക്കുകയായിരുന്നു.
അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും സെഞ്ച്വറി വീരന് ധവാനും മടങ്ങി. 127 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 116 റണ്‍സെടുത്ത ധവാന് ഉത്സേയയുടെ പന്തില്‍ ബൗള്‍ഡായി. സ്കോര്‍ 6ന് 237. പിന്നീട് സ്കോര്‍ 251 റണ്‍സിലെത്തിയപ്പോള്‍ അമിത് മിശ്രയും മടങ്ങി. 7 പന്തില്‍ നിന്ന് 9 റണ്‍സെടുത്ത അമിത് മിശ്ര റണ്ണൗട്ടാവുകയായിരുന്നു. അവസാന ഓവറിലെ ആദ്യ പന്തില്‍ 15 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും മടങ്ങി. സീന്‍ വില്ല്യംസിന്റെ പന്തില്‍ ചിഗുംബരക്ക് ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങിയത്. എന്നാല്‍ വെടിക്കെട്ട് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അവാന അഞ്ചു പന്തുകളില്‍ നിന്ന് 23 റണ്‍സാണ് വിനയ്കുമാറും മുഹമ്മദ് ഷാമിയും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. രണ്ടാം പന്തും നാലാം പന്തും വിനയ്കുമാര്‍ അതിര്‍ത്തിക്ക് പുറത്തേക്ക് പായിച്ചപ്പോള്‍ മൂന്നാം പന്ത് ബൗണ്ടറി കടന്നു. അവസാന പന്ത് നേരിട്ട മുഹമ്മദ് ഷാമി ലോംഗ് ഓണിന് മുകളിലൂടെ പന്ത് പുറത്തേക്കിട്ടു. ഇതോടെ ഇന്ത്യന്‍ സ്കോര്‍ 294 റണ്‍സിലെത്തി. സിംബാബ്വെക്ക് വേണ്ടി വിട്ടോറി 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
295 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന സിംബാബ്വെക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഒന്നാം വിക്കറ്റില്‍ സിബാന്‍ഡയും സിക്കന്ദര്‍ റാസയും ചേര്‍ന്ന് 10.4 ഓവറില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 35 പന്തില്‍നിന്ന് മൂന്ന് ബൗണ്ടറികളോടെ 20 റണ്‍സെടുത്ത സിക്കന്ദര്‍ റാസയാണ് ആദ്യം മടങ്ങിയത്. ഉനദ്കതിന്റെ പന്തില്‍ ധവാന് ക്യാച്ച് നല്‍കിയാണ് റാസ മടങ്ങിയത്. തുടര്‍ന്നെത്തിയ മസാകാഡ്സയം സിബാന്‍ഡയും ചേര്‍ന്ന് സിംബാബ്വെ സ്കോര്‍ 100 കടത്തി. എന്നാല്‍ സ്കോര്‍ 109-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ച്വറിയുമായി മുന്നേറുകയായിരുന്ന സിബാന്‍ഡയെ നഷ്ടമായി. 65 പന്തില്‍ നിന്ന് 7 ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 55 റണ്‍സെടുത്ത സിബാന്‍ഡയെ ഉനദ്കത് അമിത് മിശ്രയുടെ കൈകളിലെത്തിച്ചു. ഇതോടെ സിംബാബ്വെയുടെ തകര്‍ച്ചയും തുടങ്ങി. ഒന്നിന് 108 എന്ന ശക്തമായ നിലയില്‍ നിന്ന് ആറിന് 133 എന്ന നിലയിലേക്ക് അവര്‍ തകര്‍ന്നു. 25 റണ്‍സെടുക്കുന്നതിനിടെയാണ് അഞ്ച് വിക്കറ്റുകള്‍ വീണത്. സ്കോര്‍ 109-ല്‍ നില്‍ക്കേതന്നെ ബ്രണ്ടന്‍ ടെയ്ലര് റണ്ണൗട്ടായി. പിന്നീട് സ്കോര്‍ 127-ല്‍ എത്തിയപ്പോള്‍ അഞ്ച് റണ്‍സെടുത്ത വില്ല്യംസും 130-ല്‍ നില്‍ക്കേ 34 റണ്‍സെടുത്ത മസാകാഡ്സയും 133-ല്‍ നില്‍ക്കേ രണ്ട് റണ്‍സെടുത്ത വാലറും മടങ്ങി. എന്നാല്‍ ഏഴാം വിക്കറ്റില്‍ ചിഗുംബരയും ഉത്സേയയും ഒത്തുചേര്‍ന്നതോടെ സിംബാബ്വെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളച്ചു. എന്നാല്‍ റണ്‍റേറ്റ് കുത്തനെ ഉയര്‍ന്നത് അവര്‍ക്ക് തിരിച്ചടിയായി.
ഇരുവരും ചേര്‍ന്ന് സ്കോര്‍ 200 കടത്തിവിട്ടെങ്കിലും ലക്ഷ്യം അപ്രാപ്യമായിരുന്നു. സ്കോര്‍ 48.1 ഓവറില്‍ 221 റണ്‍സിലെത്തിയപ്പോള്‍ 58 പന്തില്‍ നിന്ന് നാല് ബൗണ്ടറികളും ഒരു സിക്സറുമടക്കം 46 റണ്‍സെടുത്ത ചിഗുംബര മടങ്ങി. മുഹമ്മദ് ഷാമിയുടെ പന്തില്‍ ദിനേശ് കാര്‍ത്തികിന് ക്യാച്ച് നല്‍കിയാണ് ചിഗുംബര മടങ്ങിയത്. അവസാന ഓവറില്‍ ഉനദ്കത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നാലാമത്തെയും അഞ്ചാമത്തെയും പന്തുകളില്‍ രണ്ട് റണ്‍സെടുത്ത ജാര്‍വിസിനെയും വിട്ടോറിയെയും ഉനദ്കത് ബൗള്‍ഡാക്കി. ഇന്ത്യക്ക് വേണ്ടി ഉനദ്കത് 10 ഓവറില്‍ 41 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. അമിത് മിശ്ര രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: