അഞ്ചല്‍: ബിആര്‍സി നേതൃത്വത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പ്രഹസന പരിശോധന നടത്തിയ അധികൃതരുടെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. ഒന്നു മുതല്‍ എട്ടുവരെ പഠിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കാണ് വൈദ്യപരിശോധന നിശ്ചയിച്ചിരുന്നത്.
അഞ്ചല്‍ ബിആര്‍സിയുടെ കീഴില്‍ വരുന്ന 75 സ്കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പില്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ പങ്കെടുത്ത കുട്ടികളോടാണ് പ്രഹസന പരിശോധന നടത്തിയത്.
കാഴ്ച വൈകല്യമുള്ള കുട്ടകള്‍ അതത് സ്കൂളിലെ മേലധികാരികളുടെ സാക്ഷ്യപത്രവുമായി രാവിലെ 9ന് ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. രാവിലെ മുതല്‍ എത്തിച്ചേര്‍ന്ന കുട്ടികള്‍ക്ക് വൈകുന്നേരം 5 മണിവരെ നില്‍ക്കേണ്ടിവന്നു. മൂന്നരയോടെ കൂട്ടികളെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടര്‍മാര്‍ സ്ഥലംവിട്ടു. തുടര്‍ന്ന് കാത്തുനിന്ന രക്ഷിതാക്കള്‍ അധികൃതരോട് രൂക്ഷമായി സംസാരിച്ചു. സംഘര്‍ഷത്തിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്തതിനുശേഷം കാര്‍ഡ് കൊടുത്ത് രക്ഷപെടുകായിരുന്നു.
വിവിധ പഞ്ചായത്തുകളില്‍ നിന്നുമെത്തിയ പല കുട്ടകള്‍ക്കും കാഴ്ച പരിശോധനയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പേര് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തി ഡോക്ടര്‍മാരെ കാണണം എന്നാണത്രെ നിര്‍ദ്ദേശം.
കുട്ടികളുടെ പഠനം മുടക്കി പരിശോധന പ്രഹസനമാക്കിയ നടപടി തികഞ്ഞ കാടത്തമാണെന്ന് ബിജെപി പുനലൂര്‍ നിയോജകമണ്ഡലം സെക്രട്ടറി വടമണ്‍ ബിജു കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: