കൊല്ലം: കര്‍ക്കിടകവാവ് ദിനത്തിലെ ബലിതര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ മെച്ചപ്പെടുത്തുമെന്ന് ജില്ലാകളക്ടര്‍ ബി.മോഹനന്‍ അറിയിച്ചു. ബലിതര്‍പ്പണത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയ്‌ക്ക് പുറത്തു നിന്നുള്‍പ്പെടെ അഞ്ചുലക്ഷം പേര്‍ തിരുമുല്ലവാരം, മുണ്ടക്കല്‍ പാപനാശം, ആലപ്പാട് തുടങ്ങിയ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണത്തിനായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനബാഹുല്യം പരിഗണിച്ച് ബലിതര്‍പ്പണത്തിന് തലേ ദിവസമായ ആഗസ്റ്റ് അഞ്ചിന് വൈകുന്നേരം മുതല്‍ പഴുതുകളടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ബലിതര്‍പ്പണ കേന്ദ്രങ്ങളിലെ വൈദ്യുതി, ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ കൊല്ലം കോര്‍പ്പറേഷന്‍ നിര്‍വഹിക്കും. തിരുമുല്ലവാരം ഭാഗത്ത് ബലിപ്പുരകള്‍ കെട്ടുന്നതിനുള്ള ചുമതല ക്ഷേത്രോപദേശകസമിതിക്കായിരിക്കും.
കടല്‍ത്തീരത്തോട് ചേര്‍ന്ന് അപകടമേഖല വല കെട്ടി തിരിക്കുന്ന പ്രവൃത്തി ഫയര്‍ഫോഴ്സും ക്ഷേത്രോപദേശക സമിതിയും സംയുക്തമായി നടത്തും. തിരുമുല്ലവാരം, അഞ്ചുകല്ലുംമൂട്, മുണ്ടയ്‌ക്കല്‍ പാപനാശം എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സജ്ജമാക്കും. ടൂറിസം വകുപ്പിന്റെ കീഴിലുള്ള എട്ട് ലൈഫ് ഗാര്‍ഡുകളുടെ സേവനത്തിനൊപ്പം മറൈന്‍ എന്‍ഫോഴ്സുമെന്റ്, തുറമുഖം, നാവികസേന, കോസ്റ്റുഗാര്‍ഡ് വിഭാഗങ്ങളുടെ ലൈഫ് ഗാര്‍ഡുകള്‍, മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും. ആവശ്യമായ അളവില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന് ജില്ലാകളക്ടര്‍ ജലഅതോറിറ്റി എക്സി. എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം, ആംബുലന്‍സുകള്‍ തുടങ്ങിയവ ക്രമീകരിക്കുന്നതിന് ഡിഎംഒയെ യോഗം ചുമതലപ്പെടുത്തി.
വാവുദിനത്തിലെ തിരക്ക് പരിഗണിച്ച് നഗരത്തില്‍ പ്രത്യേക ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തും. തിരുമുല്ലവാരം-വിഷ്ണത്തുകാവ് റോഡ് വടം കെട്ടി വിഭജിച്ച് ആളുകള്‍ക്ക് വരുന്നതിനും പോകുന്നതിനും സൗകര്യമൊരുക്കും. ട്രാഫിക് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പോലീസിന്റെ പ്രത്യേക യോഗം ഉടന്‍ ചേരും.
തിരക്കുള്ള സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സിസിടിവി കാമറകള്‍ സ്ഥാപിക്കും. ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ പോലീസിനെ സഹായിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍മാരുടെ സേവനവും വിനിയോഗിക്കും. എഡിഎം ഒ.രാജു, തഹസില്‍ദാര്‍ ജെ.ഗിരിജ, ദേവസ്വം ബോര്‍ഡ് എസി ബി.സതീശന്‍പിള്ള, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി സുന്ദരേശന്‍, ഡിടിപിസി സെക്രട്ടറി കെ.പ്രസാദ്, കൊല്ലം വെസ്റ്റ് സി ഐ വൈ.കമറുദ്ദീന്‍, ആരോഗ്യം, അഗ്നിശമനസേന, മറൈന്‍ എന്‍ഫോഴ്സുമെന്റ്, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍, ബലിതര്‍പ്പണ കേന്ദ്രങ്ങളിലെ സംഘാടകസമിതി പ്രതിനിധികളായ കൊച്ചുണ്ണി, കെ.അംബേദ്കര്‍, എല്‍ പ്രകാശ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: