ഏക്ക് ലഡ്ക്കി കോ ദേഖാ തോ ഐസാ ലഗാ.. ബോളിവുഡിന്റെ മനം കവര്‍ന്ന നേപ്പാള്‍ സുന്ദരി മനീഷ കൊയ്രാളയെ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ഈ വരികളാണ്. ഒരിയ്ക്കലും സിനിമയുടെ സ്വാതന്ത്ര്യത്തില്‍ നിന്നും ആശുപത്രി ചുവരിന്റെ പാരതന്ത്ര്യത്തില്‍ ഒതുങ്ങിക്കൂടാന്‍ അവര്‍ തയാറല്ലായിരുന്നു.
പ്രാണനെടുക്കാനെത്തിയ മഹാവ്യാധിയോടുള്ള പോരാട്ടത്തിന്റെ വിജയം ദാ ഇപ്പോള്‍ മലയാളത്തിനും സ്വന്തമാകുന്നു. ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന മനീഷയ്ക്ക് മലയാളത്തിന്റെ വെളളിത്തിരയിലേക്ക് വഴിയൊരുക്കുന്നത് പ്രണയത്തിന്റെ ചായക്കൂട്ടുകള്‍ മലയാളിക്കു സമ്മാനിച്ച ലെനിന് രാജേന്ദ്രനാണ്.
ഇടവപ്പാതിയെന്ന മലയാള ചിത്രത്തിലൂടെയാണ് മനീഷ മലയാളിയുടെ മനം കവരാനെത്തുന്നത്.
2010ലെ ശ്യാമപ്രസാദ് ചിത്രമായ ഇലക്ട്രയിലെ ഡയാനയെന്ന കഥാപാത്രമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. പല അര്‍ത്ഥത്തിലും ഈ ചിത്രം വിവാദങ്ങള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും വേദിയായി. പിന്നീട് മനീഷ കൊയ്രാളയെന്ന അഭിനേത്രിയും താല്‍ക്കാലികമായി സിനിമയോട് വിട പറയുകയായിരുന്നു.
2012 നവംബറില്‍ താന്‍ ക്യാന്‍സര്‍ രോഗബോധിതയാണന്ന് തിരിച്ചറിഞ്ഞ നിമിഷം പ്രതീക്ഷകളുടെ അണഞ്ഞ ദീപമാകാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. തന്റെ ഉറച്ച മനസാന്നിധ്യം കോണ്ട് പ്രാണഹാരിയായ മഹാവിപത്തിനെ അവര്‍ ചെറുത്തു തോല്‍പ്പിച്ചു. കീമോ തെറാപ്പിയിലൂടെ മുടിയിഴകള്‍ നഷ്ട്ടപ്പെട്ടപ്പോള്‍ അത് മറച്ചു പിടിക്കുകയോ പൊതു രംഗത്തുനിന്ന് ഒഴിഞ്ഞു മാറുകയോ അല്ല മനീഷ ചെയ്തത്. മറിച്ച് ഒരു ചെറു പൂഞ്ചിരിയോടെ തന്റെ രുപം ലോകത്തിന് മുന്നില്‍ തുറന്നു കാണിച്ചു. ഫോട്ടോകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ ഇത് തന്റെ പുതിയ ട്രെന്റ് എന്ന് കമന്റ് പറയുകയും ചെയ്തു.
നേപ്പാളി ഭാഷാ ചിത്രമായ ഫേരി ഭട്ടൂലയില് തുടങ്ങി നിരവധി വിജയകഥാപാത്രങ്ങളില് മനീഷ കേന്ദ്രകഥാപാത്രമായി. കൃത്യമായി പറഞ്ഞാല്‍ 1995ല്‍ മണി രത്നത്തിന്റ ബോംബേയെന്ന ചിത്രത്തിലുടെ മനീഷ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയത്. അതേവര്‍ഷം സഞ്ജയ് ലീല ബന്സലിയൊരുക്കിയ ഖമോലി മനീഷയ്ക്ക് മികച്ച നടിയ്ക്കുളള ഫിലിം ക്രിട്ടിക്ക്സ് അവാര്‍ഡ് നേടിക്കൊടുത്തു. ജീവിതത്തിലെ പല പരാജയങ്ങളും വെള്ളിതിരയിലെ വന്‍വിജയമാക്കി മധുര പ്രതികാരം ചെയ്യുകയാണ് മനീഷ. മലയാള സിനിമ കാത്തിരിക്കുകയാണ് ഈ രോഗാതുരതയുടെ ദുരിത ജീവിതത്തില്‍നിന്ന് പുഞ്ചിരിച്ചിറങ്ങിവരുന്ന സുന്ദരിയെ…
ശ്രീജാ ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: