പല്ലെക്കലെ: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സ്വന്തമാക്കാന്‍ ശ്രീലങ്ക ഇന്ന് മൂന്നാം പോരാട്ടത്തിനിറങ്ങുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ശ്രീലങ്ക 2-0ന് മുന്നിലാണ്. ഇന്നത്തെ മൂന്നാം മത്സരവും വിജയിച്ചാല്‍ പരമ്പര ലങ്കക്ക് സ്വന്തമാവും.
ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ പരിക്കിന്റെ പിടിയിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. സൂപ്പര്‍ ബാറ്റ്സ്മാന് ഹാഷിം ആംല ഇന്ന് കളിക്കാനിറങ്ങില്ല. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തിനില് ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ആംലയുടെ ഇടതു കാലിന്റെ മസിലിന് പരിക്കേറ്റത്. പിന്നീട് ദക്ഷിണാഫ്രിക്കന്‍ ടീം സ്റ്റാഫിന്റെ സഹായത്തോടെയാണ് ആംല ഗ്രൗണ്ട് വിട്ടത്. തുടര്‍ന്ന് ഫീല്‍ഡ് ചെയ്യാനോ ബാറ്റ് ചെയ്യാനോ ആംലയ്ക്ക് കഴിഞ്ഞില്ല. കഴുത്തിലെ മസിലുകള്‍ക്കു നേരിയ പരുക്കേറ്റതു മൂലം ആംലയ്ക്ക് ഒന്നാം ഏകദിനത്തിലും കളിക്കാനായില്ല.
മുന്‍ നിര താരങ്ങളൊന്നും ഫോമിലേക്ക് ഉയരാത്തതാണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്നത്. ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ്, ജെ.പി. ഡുമ്നി, ആല്‍വിരോ പീറ്റേഴ്സണ്, ഡുപ്ലെസിസ് തുടങ്ങിയവര്‍ക്കൊന്നും കഴിഞ്ഞ മത്സരത്തില്‍ മികച്ച സ്കോര്‍ നേടാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. ഇതിനിടെയാണ് കൂനിന്മേല് കുരുവെന്ന പോലെ ആംലയുടെ പരിക്കും. എന്നാല്‍ ബാറ്റ്സ്മാന്മാരെ അപേക്ഷിച്ച് ബൗളര്‍മാര്‍ അല്പം മെച്ചമാണ്. മോണെ മോര്‍ക്കല്‍, റോബിന് പീറ്റേഴ്സണ്, ക്രിസ് മോറിസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ബൗളിംഗ്നിര കഴിഞ്ഞ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ സ്റ്റെയിന്റെ അഭാവം ബൗളിംഗ് നിരയില്‍ പ്രകടമാണ്.
അതേസമയം തികഞ്ഞ ആത്മവിശ്വാസത്തിലാണ് ശ്രീലങ്കന്‍ നിര. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ കുമാര്‍ സംഗക്കാര ഉജ്ജ്വല ഫോമിലാണ് എന്നത് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഒപ്പം മഹേല ജയവര്‍ദ്ധനെ, ദില്ഷന്, ഉപുല്‍ തരംഗ, ക്യാപ്റ്റന്‍ ചണ്ഡിമല്‍ തുടങ്ങിയവരും ഭേദപ്പെട്ട ഫോമിലാണ്. അതുപോലെ കരുത്തുറ്റ ബൗളിംഗ് നിരയും ലങ്കക്ക് സ്വന്തമാണ്. മലിംഗ നയിക്കുന്ന ബൗളിംഗ് നിരയില്‍ ഹെറാത്തും, തീസര പെരേരയും എറംഗയും ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: