എഴുകോണ്‍: പഞ്ചായത്തിന്റെ ഔദ്യോഹിക വാഹനത്തില്‍ എത്തി ബിജെപി ഓഫീസ് അടിച്ചു തകര്‍ത്ത സിപിഎം സംഘത്തില്‍പ്പെട്ട പഞ്ചായത്തിന്റെ ഡ്രൈവര്‍ പ്രേംജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി എഴുകോണ്‍ പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന സെക്രട്ടറി അഡ്വ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ പരാജയപ്പെട്ട അക്രമരാഷ്‌ട്രീയം എഴുകോണിന്റെ മണ്ണില്‍ ഒട്ടും വിലപ്പോവില്ലെന്നും പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചാല്‍ അതിനെ എങ്ങിനെ നേരിടണമെന്ന് ബിജെപിയ്‌ക്ക് അറിയാമെന്ന് പത്മകുമാര്‍ പറഞ്ഞു. ഏകെജി പോലുള്ളവര്‍ നയിച്ച പ്രസ്ഥാനത്തെ തോക്കുമായി നടക്കുന്ന സംസ്ഥാന സെക്രട്ടറി നയിക്കുന്നതാണ് അനുയായികള്‍ അക്രമകാരികളാകാന്‍ കാരണം.
പഞ്ചായത്തിന്റെ ജീപ്പ്പ് ബിജെപി ഓഫീസ് ആക്രമിക്കാന്‍ വിട്ടുനല്‍കിയതിന്റെ ഉത്തരവാദിത്വം സെക്രട്ടറിക്കും പ്രസിഡന്റിനുമാണ്. അവരറിഞ്ഞാണ് വണ്ടി വിട്ടുനല്‍കിയതെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കണം. ഇല്ലെങ്കില്‍ ഡ്രൈവറെ ഉടന്‍ പുറത്താക്കണം. നടപടി ഇല്ലെങ്കില്‍ പ്രസിഡന്റും, സെക്രട്ടറിയും ജീപ്പ്പില്‍ സഞ്ചരിക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ അനുവാദം തേടേണ്ടിവരും. പോലീസ് സത്യസന്ധമായി കേസ് അന്വേഷിക്കാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ നിയമപരമായും ജനാധിപത്യരീതിയിലും സംഘടനാരീതിയിലും ബിജെപി ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വയയ്‌ക്കല്‍ മധു, ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്‌ക്കല്‍ സോമന്‍, ചന്ദ്രശേഖരന്‍പിള്ള, കലാധരന്‍, ആര്‍. വേണു, രാജേഷ് എന്നിവര്‍ സംസാരിച്ചു.
ചീരങ്കാവില്‍ നിന്നാരംഭിച്ച പ്രകടനം പഞ്ചായത്തോഫീസിനു മുന്നില്‍ കൊട്ടാരക്കര സിഐ വിജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു.
പ്രകടനത്തിന് വിവിധ സംഘടനാ നേതാക്കളായ ശ്രീനിവാസന്‍, പി. പ്രസന്നന്‍, രാജഗോപാല്‍, കോട്ടാത്തല സന്തോഷ്, ആണ്ടൂര്‍ രാധാകൃഷ്ണന്‍, വിച്ചു വിജയന്‍, ചാലുക്കോണം അജിത്ത്, ഇരങ്ങൂര്‍ രതീഷ്, കരിപ്ര ബിജു, മെയിലംകുളം ഹരി, ബൈജു ചെറുപൊയ്ക എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: