കൊച്ചി: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളില്‍ 85 ശതമാവും അനധികൃതമാണ്. എന്നാല്‍ അധികൃതരുടെ ഒത്താശയോടെ ഇവയെല്ലാം തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എഴൂന്നൂറില് അധികം പാറമടകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ മൂവാറ്റുപുഴ ശൂലം, കാടമ്പാറ എന്നിവിടങ്ങളിലാണ്. ഇവിടെ മാത്രം 50 ല്‍ പരം മടകളുണ്ട്. ഇതില്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് വിരലില്‍ എണ്ണാവുന്നവമാത്രം.
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പാറമടകളും പ്രവര്‍ത്തനത്തിന് ഒരു താല്‍ക്കാലിക വിലക്ക് വരുന്നു. കഴിഞ്ഞ ദിവസം സംഭവിച്ചതും അതുതന്നെയാണ്. വെങ്ങോലയില്‍ മടയിടിഞ്ഞ് നാല് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചപ്പോള്‍ ജില്ലാകളക്ടര്‍ ജില്ലയിലെ പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ഉടമസ്ഥര്‍ക്ക് വില്ലേജ് അധികൃതര്‍ നല്‍കിയിട്ടുള്ള സ്റ്റോപ്പ്മെമ്മോയില് പറഞ്ഞിരിക്കുന്നത് മഴമാറുന്നത് വരെ പണിനിര്‍ത്തിവെക്കാനാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാന രീതിയിലുള്ള ഒരു അപകടം മണ്ണൂരിന് സമീപം കൂഴൂരില്‍ സംഭവിച്ചിരുന്നു. 4 തൊഴിലാളികളാണ് അവിടെ മരിച്ചത്. യാതൊരു വിധ ലൈസന്‍സും ഇല്ലാതെ പ്രവര്‍ത്തിച്ച് വന്ന പാറമടയായിരുന്നു അത്. അന്ന് അപകടം ഉണ്ടായപ്പോള്‍ ജില്ലയിലെ പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവക്കാന്‍ അന്നത്തെ കളക്ടര്‍ ഉത്തരവിട്ടു. കൂടാതെ പാറമടകളില്‍ പരിശോധന നടത്തുന്നതിനും ലൈസന്‍സും, സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാത്തവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടെന്നും തിരുമാനിച്ചിരുന്നതാണ്. കാലം പിന്നിട്ടപ്പോള്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം വിസ്മൃതിയിലായി.
പഞ്ചായത്താണ് പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്നത്. റവന്യൂ, പോലീസ്, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് എന്നിവയുടെ സാക്ഷ്യപത്രം ഉണ്ടെങ്കില്‍ മാത്രമേ പഞ്ചായത്ത് അനുമതി നല്‍കാറുള്ളൂ. പാറമടകളുടെ പ്രവര്‍ത്തനത്തിന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതിയാണ് പ്രധാനമായും വേണ്ടത്. പണമുണ്ടെങ്കില്‍ വളരെ വേഗത്തില്‍ ഇവിടെ നിന്ന് അനുമതിവാങ്ങാം. സുരക്ഷാക്രമീകരണങ്ങളോ, മറ്റ് മാനദണ്ഡങ്ങളോ പാലിക്കണമെന്ന് ഈ വകുപ്പിന് യാതൊരുനിര്ബന്ധവും ഇല്ല. 20 അടിയില്‍ കൂടുതല്‍ താഴ്ചയില്‍ പാറപൊട്ടിക്കരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ കഴിഞ്ഞ ദിവസം വെങ്ങോലയില്‍ അപകടം ഉണ്ടായ പാറമടയുടെ താഴ്ച 200 അടിക്ക് മുകളിലാണ്. വില്ലേജ് ഓഫീസിന് നേരെ മുന്നിലും, പഞ്ചായത്ത് ഓഫീസിന്റെ പിറകിലുമായിട്ടാണ് ഈ പാറമട സ്ഥിതിചെയ്യുന്നത്.
ഒരു വര്‍ഷത്തേക്കാണ് സാധാരണ പഞ്ചായത്ത് ലൈസന്‍സ് നല്‍കുന്നത് പിന്നീട് പുതുക്കി നല്‍കാറാണ് പതിവ്. ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് മൈനിംഗ് ആന്റ് ജിയോളജി, പോലീസ്, റവന്യൂ അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കുകയും വേണം. എന്നാല്‍ ജില്ലയിലെ മിക്ക പാറമടകളും ലൈസന്‍സ് പുതുക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. നാട്ടുകാരുടെ ശക്തമായ എതിപ്പിനെ തുടര്‍ന്ന് മുടക്കുഴ പഞ്ചായത്തിലെ പെട്ടമല ഉള്‍പ്പെടെ ചില സ്ഥലങ്ങളിലെ പാറമടകള്‍ക്ക് കോടതി ഇടപെട്ട് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംഗീകൃമാണെങ്കിലും, അനധികൃത മാണെങ്കിലും പാറമടകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അധികൃതര്‍ക്ക് മാസപ്പടി കൃത്യമായി എത്തിക്കണം എന്നതാണ് അവസ്ഥ. പോലീസിനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ കൃത്യനിഷ്ഠ. ചിലസ്ഥലങ്ങളില്‍ ഉടമസ്ഥര്‍ നേരിട്ട് നല്കുന്നു. മറ്റ് സ്ഥലത്ത് മാസപ്പടി വാങ്ങി നല്‍കുന്നതിന് ഏജന്റുമാരും ഉണ്ട്.
പാറമടയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉണ്ടാകാറില്ല. അപകടത്തില്‍പ്പെട്ടാല്‍ തൊഴിലാളി കുടുംബത്തിന് സര്‍ക്കാര്‍ നല്‍കുന്നത് തുഛമായ തുകയാണ്. അടുത്തകാലത്തായി പാറമട ഉടമകളുടെ അസോസിയേഷനും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിവരുന്നുണ്ട്.
കെ.എസ്.ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: