ഹരാരെ: സിംബാബ്വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും അര്‍ദ്ധസെഞ്ച്വറിയുമായി പുറത്താകാതെ നിന്ന അമ്പാട്ടി റായിഡുവുമാണ് ഇന്ത്യക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. 82 റണ്‍സ് നേടിയ സിക്കന്തര്‍ റാസയും 43 റണ്‍സ് നേടി പുറത്താകാതെ നിന്ന ചിഗുംബരയും 34 റണ്‍സ് നേടിയ സിബാന്‍ഡയുമാണ് സിംബാബ്വെയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 31 പന്തുകള്‍ ബാക്കിയിരിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ഇന്ത്യക്ക് വേണ്ടി കോഹ്ലി 115 റണ്‍സും അമ്പാട്ടി റായിഡു (63 നോട്ടൗട്ട്)വും മികച്ച പ്രകടനം നടത്തി. ഇന്ത്യന്‍ നിരയില്‍ അമ്പാട്ടി റായിഡുവും ജയദേവ് ഉനദ്കതും അരങ്ങേറ്റം കുറിച്ചു. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ മുന്‍നിര ബൗളര്‍മാരുടെ അഭാവത്തില്‍ മൂര്‍ച്ച കുറഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ സിംബാബ്വെ ഓപ്പണര്‍മാര്‍ മികച്ച പ്രകടനം നടത്തി. തുടക്കത്തില്‍ സിബാന്‍ഡയും സിക്കന്തര്‍ റാസയും പതറിയെങ്കിലും പിന്നീട് മികച്ച സ്ട്രോക്ക് പ്ലേയുടെ കെട്ടഴിച്ചു. ഒന്നാം വിക്കറ്റില്‍ 21.5 ഓവറില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇവര്‍ വേര്‍പിരിഞ്ഞത്. 34 റണ്‍സെടുത്ത സിബാന്‍ഡയെ അമിത് മിശ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ സീന്‍ വില്ല്യംസിന് മികച്ച ഫോമിലേക്കുയരാന്‍ കഴിഞ്ഞില്ല. 31 ഓവറില്‍ സ്കോര്‍ 105-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത വില്ല്യംസും മടങ്ങി. വില്ല്യംസിനെ റെയ്ന ബൗള്‍ഡാക്കി. തൊട്ടുപിന്നാലെ റാസ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 88 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയോടെയാണ് റാസ 50ലെത്തിയത്. സ്കോര്‍ 119-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും സിംബാബ്വെക്ക് നഷ്ടമായി. 12 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ഹാമില്ട്ടണ് മസാക്കസയെ മിശ്ര ബൗള്‍ഡാക്കി. പിന്നീട് റാസക്കൊപ്പം ക്യാപ്റ്റന്‍ ബ്രണ്ടര്‍ ടെയ്ലര് ഒത്തുചേര്‍ന്ന് സ്കോര്‍ 162 റണ്‍സിലെത്തിച്ചു. എന്നാല്‍ 12 റണ്‍സെടുത്ത ടെയ്ലറെ അരങ്ങേറ്റക്കാരന്‍ ഉനദ്കതിന്റെ പന്തില്‍ റെയ്ന പിടികൂടിയതോടെ ഈ കൂട്ടുകെട്ടും അവസാനിച്ചു. നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റും സിംബാബ്വെക്ക് നഷ്ടമായി. രണ്ട് റണ്‍സെടുത്ത മാല്‍ക്കം വാലറെ മുഹമ്മദ് ഷാമി ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍ബോര്‍ഡില്‍ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആറാം വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടമായി. സെഞ്ച്വറി ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന സിക്കന്തര്‍ റാസയെയാണ് അവര്‍ക്ക് നഷ്ടമായത്. 112 പന്തില്‍ നിന്ന് 6 ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 82 റണസെടുത്ത പാക് വംശജനായ റാസയെ അമിത് മിശ്ര ബൗള്‍ഡാക്കി. പിന്നീട് ചിഗുംബരയും ടിനോടെന്‍ഡ മുതംബോസിയും ചേര്‍ന്ന് സ്കോര്‍ 200 കടത്തി. എന്നാല്‍ സ്കോര്‍ 205-ല്‍ എത്തിയപ്പോള്‍ എട്ട് റണ്‍സെടുത്ത മുതംബോസിയെ വിനയ്കുമാര്‍ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചു. പിന്നീട് ചിഗുംബരയും പ്രോസ്പര്‍ ഉത്സേയയും ചേര്‍ന്നാണ് സ്കോര്‍ 228-ല്‍ എത്തിച്ചത്. 34 പന്തില്‍ നിന്ന് 6 ബൗണ്ടറിയും ഒരു സിക്സറുമടക്കം 43 റണ്‍സുമായി ചിഗുംബരയും 8 റണ്‍സുമായി ഉത്സേയയും പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി അമിത് മിശ്ര 10 ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി നല്ല പ്രകടനം നടത്തി.
229 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ടീം ഇന്ത്യക്ക് മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മക്കും കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 21 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 17 റണ്‍സെടുത്ത ധവാനാണ് ആദ്യം പുറത്തായത്. കീല് ജാര്‍വിസിന്റെ പന്തില്‍ വാലറിന് ക്യാച്ച് നല്‍കിയാണ് ധവാന് മടങ്ങിയത്. പിന്നീട് രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും സ്കോര്‍ 57-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും വീണു. 40 പന്തുകള്‍ നേരിട്ട് 20 റണ്‍സ് മാത്രമെടുത്ത രോഹിത് ശര്‍മ്മയെ ചിഗുംബരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബ്രണ്ടന്‍ ടെയ്ലര് പിടികൂടി. പിന്നീടാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയ കൂട്ടുകെട്ട് പിറന്നത്. ക്യാപ്റ്റന്‍ കോഹ്ലിക്കൊപ്പം അരങ്ങേറ്റക്കാരന്‍ അമ്പാട്ടി റായിഡു മികച്ച പ്രകടനം നടത്തിയതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു. 14-ാം ഓവറില്‍ ഒത്തുചേര്‍ന്ന ഇൗ കൂട്ടുകെട്ട് 41.3 ഓവറിലാണ് വേര്‍പിരിഞ്ഞത്. 27.3 ഓവറില്‍ 159 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. ഇതിനിടെ 22.2 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. അധികം കഴിയും മുമ്പേ കോഹ്ലി അര്‍ദ്ധസെഞ്ച്വറി മറികടന്നു. 40.2 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 200 കടന്നു.
ഇതിനിടെ ക്യാപ്റ്റന്‍ കോഹ്ലി സെഞ്ച്വറിയും റായിഡു അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. 102 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെയാണ് ഇന്ത്യന്‍ നായകന് മൂന്നക്കം കടന്നത്. ഒടുവില്‍ സ്കോര്‍ 216-ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് മൂന്ന് പന്തുകള്‍ക്കിടെ രണ്ട് വിക്കറ്റ് നഷ്ടമായി. 108 പന്തുകളില്‍ നിന്ന് 13 ബൗണ്ടറിയും ഒരു സിക്സറുമടക്കം 115 റണ്‍സെടുത്ത കോഹ്ലിയെ ഉത്സേയയുടെ പന്തില്‍ സില്ബാന്ഡ പിടികൂടിയപ്പോള്‍ ഒരു പന്തിന്റെ ഇടവേളക്കുഷേം സുരേഷ് റെയ്നയെയും (0) ഉത്സേയ മടക്കി.
പിന്നീട് 84 പന്തുകളില്‍ നിന്ന് 4 ബൗണ്ടറികളോടെ 63 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിന്റെയും എട്ട് റണ്‍സെടുത്ത ദിനേശ് കാര്‍ത്തികിന്റെയും ബലത്തില്‍ ഇന്ത്യ 44.5 ഓവറില്‍ ലക്ഷ്യം മറികടന്നു. 10 ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രോസ്പര്‍ ഉത്സേയയാണ് സിംബാബ്വെ ബൗളര്‍മാരില്‍ മികച്ചുനിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: