ന്യൂദല്‍ഹി: ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി പകുതിയായി കുറഞ്ഞു. യുഎസ് ഉപരോധം നിലനില്‍ക്കുന്ന ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഒരേയൊരു ഇന്ത്യന്‍ റിഫൈനറിയാണ് എസ്സാര്‍ ഓയില്‍. ജൂണ്‍ മാസത്തില്‍ ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 60 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ചൈന, ജപ്പാന്, ഇന്ത്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങള്‍.
ഇറാന്റെ ആണവ പദ്ധതികള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് യുഎസും യൂറോപ്യന്‍ യൂണിയനും ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാന്റെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് എണ്ണ കയറ്റുമതി. ഉപരോധം കടുത്തതാക്കുന്നതിനായി ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി പ്രതിദിനം 500,000 ബാരലായി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഇറാന് ആണവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ബോംബ് നിര്‍മാണമാണെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഭയക്കുന്നത്. ഇറാന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹസ്സന് റൗഹാനി അടുത്തമാസം ചുമതലയേല്‍ക്കും.
ആണവ പദ്ധതി കൂടുതല്‍ സുതാര്യമാക്കുമെന്നും എന്നാല്‍ യുറേനിയം സമ്പൂഷ്ടീകരണത്തില് കുറവ് വരുത്തില്ലെന്നും അദ്ദേഹം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ജൂണില്‍ ഇറാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി പ്രതിദിനം 140,800 ബാരലായാണ് കുറഞ്ഞത്. മെയ് മാസത്തെ അപേക്ഷിച്ച് 45 ശതമാനമാണ് ഇടിവ്. 2013 ല്‍ ആദ്യ ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ പ്രതിദിനം 211,400 ബാരലിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 42 ശതമാനമാണ് ഇടിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: