ചെന്നൈ: ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി വര്‍ധിപ്പിച്ച നടപടി രൂപയെ ശക്തിപ്പെടുത്താന്‍ സഹായിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ടെലികോം, ഇന്‍ഷുറന്‍സ് മേഖലകളുള്‍പ്പെടെ എഫ്ഡിഐ പരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം സാമ്പത്തിക കാര്യ മന്ത്രി സഭാ സമിതി കഴിഞ്ഞ ദിവസമാണ് എടുത്തത്.
ടെലികോം മേഖലയിലെ എഫ്ഡിഐ പരിധി 74 ശതമാനത്തില്‍ നിന്നും 100 ശതമാനമായും ഇന്‍ഷുറന്‍സ് മേഖലയുടേത് 26 ശതമാനത്തില്‍ നിന്നും 49 ശതമാനമായും പ്ലാന്റേഷന് മേഖലയില്‍ 49 ശതമാനമായും ഉയര്‍ത്തുന്നതിനാണ് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി തേടിയിരിക്കുന്നത്.
എന്നാല്‍ എഫ്ഡിഐയില്‍ ഇളവ് വരുത്തിയ നടപടിയിലൂടെ രാജ്യം അഭിമുഖീകരിക്കുന്ന മാക്രോ ഇക്കണോമിക്സ് അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമാവില്ലെന്ന് ജയലളിതയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കയറ്റുമതി പ്രോത്സാഹിപ്പിക്കുക, അത്യന്താപേക്ഷിതമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, തുടങ്ങിയ നടപടികളാണ് രൂപയെ ശക്തിപ്പെടുത്തുന്നതിന് അത്യാവശ്യമെന്നും ജയലളിത പറയുന്നു.
പ്ലാന്റേഷന് മേഖലയിലെ വിദേശ നിക്ഷേപത്തെ എതിര്‍ത്ത ജയലളിത തമിഴ് നാട്ടില്‍ ചെറുകിട തെയില ഉത്പാദകരുടെ എണ്ണം വളരെ വലുതാണെന്നും അവരുടെ വരുമാനമാര്‍ഗ്ഗം സംരക്ഷിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇത്തരത്തിലൊരു നീക്കം ചെറുകിട തെയില ഉത്പാദകരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ തൊഴിലാളികളാക്കിമാറ്റുമെന്നും ജയലളിത ആരോപിച്ചു. പ്ലാന്റേഷന് മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: