സെന്റ് ലൂസിയ: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ പാക്കിസ്ഥാന് വിജയം. മഴ മൂലം 31 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 6 വിക്കറ്റിനാണ് പാക്കിസ്ഥാന് വിജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന് 2-1ന് മുന്നിലെത്തി. മൂന്നാം മത്സരം ടൈയില്‍ കലാശിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് നിശ്ചിത 49 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെടുത്തു. 106 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സിന്റെ സെഞ്ച്വറിയാണ് വിന്‍ഡീസ് ഇന്നിംഗ്സിലെ സവിശേഷത. സാമുവല്‍സിന് പുറമെ സിമണ്‍സ് 46ഉം ചാള്‍സ് 32ഉം ഗെയില്‍ 30ഉം റണ്‍സ് നേടി.
പാക്കിസ്ഥാന് ഇന്നിംഗ്സ് ആരംഭിച്ച് സ്കോര്‍ 17 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68-ല്‍ എത്തിയപ്പോള്‍ മഴയെത്തി. മഴയ്ക്ക് ശേഷം കളി പുനരാരംഭിക്കുമ്പോഴേക്കും പാകിസ്ഥാന്റെ വിജയലക്ഷ്യം 31 ഓവറില്‍ 189 റണ്‍സ് ആക്കി ചുരുക്കിയിരുന്നു. 59 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിന്റെയം 53 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മിസ്ബയുടെയും 18 പന്തില്‍ നിന്ന് നാല് ബൗണ്ടറികളോടെ പുറത്താകാതെ 29 റണ്‍സെടുത്ത ഉമര്‍ അക്മലിന്റെയും കരുത്തിലാണ് പാക്കിസ്ഥാന് ഒരു ഓവര്‍ ബാക്കിനില്‍ക്കേ 189 റണ്‍സെടുത്ത് വിജയം സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയ വിന്‍ഡീസ് താരം സാമുവല്‍സാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ പാക്ക് ക്യാപ്റ്റന്‍ വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ ഓപ്പണിംഗ് കൂട്ടുകെട്ട് പരാജയപ്പെട്ടു. പതിവിന് വിപരീതമായി ഗെയിലിന് പകരം ഡ്വെയ്ന്‍ സ്മിത്താണ് ചാള്‍സിനൊപ്പം ഓപ്പണറായി ഇറങ്ങിയത്. സ്കോര്‍ 20-ല്‍ നില്‍ക്കെ 8 റണ്‍സെടുത്ത ഡ്വെയ്ന്‍ സമിത്ത് പുറത്തായി. മുഹമ്മദ് ഇര്‍ഫാനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് 63 റണ്‍സ് എടുക്കുന്നതിനിടെ വിന്‍ഡീസിന്റെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 9 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയും 32 റണ്‍സെടുത്ത ചാള്‍സുമാണ് വഹബ് റിയാസിന്റെയും ജുനൈദ് ഖാന്റെയും പന്തില്‍ മടങ്ങിയത്. പിന്നീട് ക്രീസിലൊന്നിച്ച ഗെയ്ലും സാമുവല്‍സും ചേര്‍ന്നായിരുന്നു വിന്‍ഡീസ് സ്കോര്‍ ഉയര്‍ത്തിയത്. സ്കോര്‍ 120-ല്‍ എത്തിയപ്പോള്‍ 30 റണ്‍സെടുത്ത ഗെയില്‍ പുറത്തായി. തുടര്‍ന്ന് സാമുവല്‍സും സിമണ്‍സും ചേര്‍ന്ന് സ്കോര്‍ 200 കടത്തിവിട്ടു. എന്നാല്‍ 215-ല്‍ എത്തിയപ്പോള്‍ 44 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത സിമണ്‍സ് അജ്മലിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. പിന്നീട് സാമുവല്‍സിന്റെ ഒറ്റയാള്‍ പോരാട്ടമാണ് വിന്‍ഡീസ് സ്കോര്‍ 261-ല്‍ എത്തിച്ചത്. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഇര്ഫാന് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്റെ തുടക്കവും മെച്ചപ്പെട്ടതായിരുന്നില്ല. സ്കോര്‍ബോര്‍ഡില്‍ 20 റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത അഹമ്മദ് ഷെഹ്സാദിനെ ഹോള്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 60-ല്‍ എത്തിയപ്പോള്‍ നസിര്‍ ജംഷാദിനെയും നഷ്ടമായി. 22 റണ്‍സെടുത്ത ജംഷാദ് റണ്ണൗട്ടാവുകയായിരുന്നു. 17 ഓവറില്‍ സ്കോര്‍ 68-ല്‍ നില്‍ക്കേ മഴയെത്തി. പിന്നീട് മഴമാറി മത്സരം പുനരാരംഭിച്ചപ്പോള്‍ 31 ഓവറായി ചുരുക്കി. ഇതോടെശേഷിക്കുന്ന 14 ഓവറില്‍ 121 റണ്‍സായി പാക്കിസ്ഥാന്റെ വിജയലക്ഷ്യം. മുഹമ്മദ് ഹഫീസും മിസ്ബയും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ സ്കോര്‍ 132-ല്‍ എത്തിയപ്പോള്‍ 59 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെ റോച്ചിന്റെ പന്തില്‍ ഡാരന്‍ ബ്രാവോ പിടികൂടി. തൊട്ടുപിന്നാലെ 7 റണ്‍സെടുത്ത അഫ്രീദിയും മടങ്ങി. എന്നാല്‍ ക്യാപ്റ്റന്‍ മിസ്ബയും ഉമര്‍ അക്മലും ചേര്‍ന്ന് ഒരു ഓവര്‍ ബാക്കിനില്‍ക്കേ പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: