ലോര്‍ഡ്സ്: ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ ദയനീയ പരാജയത്തിലേക്ക്. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 583 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസ്ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 190 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് വന്‍ പരാജയത്തിലേക്ക് നീങ്ങുകയാണ്. 54 റണ്‍സെടുത്ത ഉസ്മാന് കവാജയും 51 റണ്‍സെടുത്ത മൈക്കല്‍ ക്ലാര്‍ക്കും മാത്രമാണ് ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവെച്ചത്. 16 റണ്‍സ് നേടിയ പീറ്റര്‍ സിഡിലും 14 റണ്‍സ് നേടിയ പാറ്റിന്‍സണുമാണ് ക്രീസില്‍. രണ്ട് വിക്കറ്റ് മാത്രം കയ്യിലിരിക്കെ 393 റണ്‍സ് പിന്നിലാണ് ഓസ്ട്രേലിയ. 180 റണ്‍സ് നേടിയ ട്രോട്ടിന്റെയും 74 റണ്‍സ് നേടിയ ഇയാന്‍ ബെല്ലിന്റെയും കരുത്തില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.
തലേന്നത്തെ സ്കോറായ അഞ്ചിന് 333 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 11 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച ബെയര്‍സ്റ്റോവാണ് ആദ്യം മടങ്ങിയത്. തലേന്നത്തെ സ്കോറിനോട് 9 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ബെയര്‍സ്റ്റോവ് റയാന് ഹാരിസിന്റെ പന്തില്‍ ഹാഡിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. പിന്നീട് സ്കോര്‍ 349-ല്‍ എത്തിയപ്പോള്‍ റൂട്ടും മടങ്ങി. 338 പന്തുകള്‍ നേരിട്ട് 18 ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 180 റണ്‍സ് നേടിയ റൂട്ടിനെ ഹാരിസിന്റെ പന്തില്‍ സ്മിത്ത് പിടികൂടി. തൊട്ടുപിന്നാലെ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. മൊത്തം 582 റണ്‍സിന്റെ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയശേഷമാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഓസ്ട്രേലിയക്ക് വേണ്ടി സിഡില്‍ മൂന്നും ഹാരിസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
583 റണ്‍സിന്റെ ഹിമാലയന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. 36 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍ നിര വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. സ്കോര്‍ 24-ല്‍ നില്‍ക്കേ 20 റണ്‍സെടുത്ത ഷെയ്ന് വാട്സനാണ് ആദ്യം പുറത്തായത്. ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് വാട്സണ് മടങ്ങിയത്. സ്കോര്‍ 32-ല്‍ എത്തിയപ്പോള്‍ റോജേഴ്സും മടങ്ങി. പരമ്പരയില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന റോജേഴ്സ് 6 റണ്‍സെടുത്ത് സ്വാന്റെ പന്തില്‍ ബൗള്‍ഡായാണ് പവലിയനിലേക്ക് മടങ്ങിയത്. നാല് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തതോടെ ഹ്യൂസും പുറത്തായി. ഒരു റണ്‍സെടുത്ത ഹ്യൂസിനെ സ്വാന് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് കവാജയും ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോര്‍ 134-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ച്വറി നേടിയ നായകനും മടങ്ങി. 85 പന്തുകളില്‍ നിന്ന് 7 ബൗണ്ടറിയോടെ 51 റണ്‍സെടുത്ത ക്ലാര്‍ക്കിനെ റൂട്ടിന്റെ പന്തില്‍ അലിസ്റ്റര്‍ കുക്ക് പിടികൂടി. പിന്നീട് രണ്ട് റണ്‍സ് കൂടി നേടുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ ഓസ്ട്രേലിയക്ക് നഷ്ടമായതോടെ 6ന് 136 എന്ന നിലയിലേക്ക് അവര്‍ കൂപ്പുകുത്തി. സ്കോര്‍ 135-ല്‍ നില്‍ക്കേ 54 റണ്‍സെടുത്ത കവാജയെ റൂട്ടിന്റെ പന്തില്‍ ആന്ഡേഴ്സന് പിടികൂടി. സ്കോര്‍ 136-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ ബ്രസ്നനന്റെ പന്തില്‍ പ്രയറും കയ്യിലൊതുക്കി. തുടര്‍ന്ന് സ്കോര്‍ 154-ല്‍ എത്തിയപ്പോള്‍ യുവതാരം ആഷ്ടണ്‍ അഗറും മടങ്ങി. 13 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത അഗറിനെ ബ്രസ്നന്റെ പന്തില്‍ പ്രയര്‍ പിടികൂടി. സ്കോര്‍ 162-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത ഹാഡിനെ സ്വാന് എല്‍ബിയില്‍ കുടുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: