കൊച്ചി: മഴക്കെടുതികള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം സംസ്ഥാനത്ത് പര്യടനം തുടങ്ങി. ഒരു സംഘം ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും രണ്ടാമതൊരു സംഘം എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലുമാണ് പര്യടനം നടത്തുന്നത്. രണ്ടു സംഘത്തിന്റെയും സംയുക്തയോഗം ഇന്നലെ രാവിലെ എറണാകുളം ലേ-മെറിഡിയന് ഹോട്ടലില്‍ നടന്നു. ജില്ലയില്‍ കൃഷി, വീട്, റോഡ് എന്നിവയുടെ നാശനഷ്ടമുള്പ്പടെ 25.89 കോടി രൂപയുടെ നഷ്ടമുള്ളതായി ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് സംഘത്തെ അറിയിച്ചു. രണ്ടുസംഘവും 23-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.
കുടിവെള്ള-ശുചിത്വ മന്ത്രാലയത്തിലെ ജി. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള വടക്കന്‍ സംഘത്തില്‍ ഹൈവേ-റോഡ് മന്ത്രാലയത്തിലെ മേഖല ഓഫീസര്‍ ആര്.ഇളവരശന്, പ്ലാനിങ് കമ്മിഷനിലെ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ എ.മുരളീധരന് എന്നിവരാണുള്ളത്. സംഘം രാവിലെ പിറവം കാക്കൂര്‍ വെള്ളേരിപ്പാടത്ത് മഴക്കെടുതിയിലായ രണ്ടരയേക്കര്‍ വാഴക്കൃഷി നേരില്‍ കണ്ടു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും സ്ഥലത്തെത്തിയിരുന്നു. എ.ഡി.എം. ബി.രാമചന്ദ്രന്, ദുരന്ത നിവാരണവിഭാഗം ഡപ്യൂട്ടി കളക്ടര്‍ പൗളി, മൂവാറ്റുപുഴ ആര്.ഡി.ഒ. എസ്. ഷാനവാസ് എന്നിവരും സംഘത്തെ അനുഗമിച്ചു.
ഓണത്തിനായി കൃഷിയിറക്കിയ വെള്ളേരിപ്പാടത്തെ 2.75 ഏക്കര്‍ ഭൂമിയിലെ വാഴക്കൃഷിയാണ് സംഘം ആദ്യം കണ്ടത്. 10 ലക്ഷം രൂപ വിലമതിക്കുന്ന കുലച്ച വാഴകള്‍ നശിച്ചുകിടക്കുന്നത് സംഘം കണ്ടു. 18 പേരടങ്ങിയ സ്വയം സഹായക സംഘമാണ് ഈ ഭുമിയില്‍ പാട്ടക്കൃഷി നടത്തുന്നത്. ഓരോരുത്തര്‍ക്കും ഒന്നര ലക്ഷം രൂപ വീതം സഹകരണ ബാങ്കില്‍ നിലവില്‍ കടമുണ്ട്. സമീപത്തുള്ള ഉഴവൂര്‍ തോടില്‍ ക്രമാതീതമായി വെള്ളമുയര്‍ന്നതിനെത്തുടര്‍ന്നാണ് ഇവരുടെ കൃഷിയിടത്തിലെ കുലച്ച വാഴകള്‍ ഉള്‍പ്പടെയുള്ളവയെ വെള്ളത്തില്‍ മുക്കിയ നാശനഷ്ടമുണ്ടായത്. 45 ദിവസത്തോളം വെള്ളം കെട്ടി നിന്നയിവിടെ നിന്ന് വെള്ളം ഇറങ്ങിയിട്ട് രണ്ടു ദിവസമേ ആയുള്ളു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ ചൂണ്ടിക്കാട്ടുമെന്ന് സംഘനേതാവ് കര്‍ഷകരെ അറിയിച്ചു.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ഭാഗത്ത് ഇത്തരമൊരു വെള്ളക്കെടുതി ഉണ്ടാകുന്നതെന്ന് സ്വയം സഹായ സംഘത്തിലെ കര്‍ഷകര്‍ സംഘത്തെ ധരിപ്പിച്ചു. ജില്ലയില്‍ 57.53 ഹെക്ടര്‍ ഭൂമിയിലെ വാഴക്കൃഷിയില്‍ 80 ശതമാനവും നശിച്ചതായി കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.
വെള്ളേരിപ്പാടത്തെ കൃഷിയിടത്തില്‍ മാത്രം 2300-ലേറെ നേന്ത്രവാഴകളാണ് നശിച്ചത്. തിരുമാറാടി പഞ്ചായത്തില്‍ മാത്രം കൃഷി നാശമുണ്ടായതില്‍ 12.42 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കുലച്ചതും കുലക്കാത്തതുമായ 11.50 ലക്ഷം രൂപ വില വരുന്ന 13500 വാഴകളാണ് നശിച്ചത്. 10 ഹെക്ടറിലെ നെല്ലും നാല് ഹെക്ടര്‍ വീതമുള്ള പച്ചക്കറിയും കപ്പയും നശിച്ചവയില്‍ പെടും.
ജില്ലയില്‍ വീട്, കൃഷി, വൈദ്യുതി, കിണര്‍ എന്നിവയ്ക്കുണ്ടായ നഷ്ടമായി 14.89 കോടി രൂപയും റോഡിനു മാത്രമായുണ്ടായ നഷ്ടമായി 11 കോടി രൂപയും ഉള്‍പ്പടെ 25.89 കോടി രൂപ വരുമെന്ന് ജില്ല കളക്ടര്‍ ഷെയ്ക് പരീത് പറഞ്ഞു. 19 വീടുകള്‍ പൂര്‍ണമായി നശിച്ചതില്‍ 22.5 ലക്ഷം രൂപയും 421 വീടുകള്‍ ഭാഗികമായി നശിച്ചിതില് 36.8 ലക്ഷം രൂപയുമാണ് നഷ്ടം കണക്കാക്കുന്നത്. 345.7 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചതിലൂടെ 14.17 കോടി രൂപയുടെ നഷ്ടമുണ്ടായി.
യോഗത്തില്‍ തെക്കന്‍മേഖല സംഘം നേതാവ് വും ലുന്മാങ്ങ്, സിദ്ധി ശശി, ഡോ.കെ.മനോഹരന്, വി. ശ്രീകാന്ത്, റവന്യു സെക്രട്ടറി ടി.ജെ.മാത്യു, ലാന്റ് റവന്യു കമ്മിഷണര്‍ മോഹന്‍ദാസ്, വിവിധ ജില്ലാതല വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെക്കന്‍ മേഖല സംഘം യോഗത്തിനു ശേഷം ആലപ്പുഴയ്ക്കും വടക്കന്‍ മേഖല സംഘം കാക്കുരിലെ സന്ദര്‍ശനത്തിനുശേഷം തൃശൂരിലേക്കും പോയി. അതത് ജില്ലകളില്‍ പര്യടനത്തിനു മുന്നോടിയായി ജില്ല ഭരണകൂടവുമായി സംഘം ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: