ലോര്‍ഡ്സ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ ലീഡ്. മൂന്നാം ദിവസത്തെ കളി പുരോഗമിക്കവെ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ടിന് 443 റണ്‍സിന്റെ ലീഡ് സ്വന്തമായി. 111 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന ജോ റൂട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്. 36 റണ്‍സുമായി ഇയാന്‍ ബെല്ലാണ് ട്രോട്ടിനൊപ്പം ക്രീസില്‍. രണ്ട് ദിവസത്തിലേറെ കളി ബാക്കിനില്‍ക്കേ ഓസ്ട്രേലിയക്ക് പരാജയം ഒഴിവാക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
തലേന്നത്തെ സ്കോറായ മൂന്നിന് 31 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ട്രോട്ടും ബ്രെസ്നനും ചേര്‍ന്ന് ഭേദപ്പെട്ട നിലയിലെത്തിച്ചു. സ്കോര്‍ 129-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. 38 റണ്‍സെടുത്ത ബ്രെസ്നനെ പാറ്റിന്‍സന്റെ പന്തില്‍ റോജേഴ്സ് പിടികൂടിയതോടെയാണ് 99 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിനിടെ റൂട്ട് അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. പരമ്പരയില്‍ റൂട്ടിന്റെ ആദ്യ അര്‍ദ്ധസെഞ്ച്വറിയായിരുന്നു. ബ്രെസ്നന് പകരം ക്രീസിലെത്തിയ ഇയാന്‍ ബെല്‍ റൂട്ടിന് മികച്ച പിന്തുണയാണ് നല്‍കിയത്. പിന്നീട് ആഷ്ടണ്‍ അഗറിന്റെ പന്തില്‍ ബൗണ്ടറി നേടിയാണ് റൂട്ട് സെഞ്ച്വറി സ്വന്തമാക്കിയത്. 247 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളോടെയായിരുന്നു റൂട്ടിന്റെ സെഞ്ച്വറി. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ പീറ്റര്‍ സിഡിലിന്റെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പതറി 31 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിനെ റൂട്ടിന്റെയും ബ്രസ്നന്റെയും മികച്ച പ്രകടനമാണ് മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിഡിലിന് പുറമെ പാറ്റിന്സണ് ഒരു വിക്കറ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: