സെന്റ് ലൂസിയ: അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരം ടൈയില്‍ കലാശിച്ചു. പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസും തമ്മില്‍ നടന്ന മൂന്നാം ഏകദിനമാണ് ടൈയില്‍ കലാശിച്ചത്. അവസാന പന്തില്‍ റണ്ണൗട്ടിനുള്ള അവസരം പാക് വിക്കറ്റ് കീപ്പര്‍ ഉമര്‍ അക്മല്‍ നഷ്ടപ്പെടുത്തിയതോടെയാണ് മത്സരം ആവേശകരമായ സമനിലയില്‍ കലാശിച്ചത്. ഈ പന്തില്‍ വെസ്റ്റിന്‍ഡീസിന്റെ അവസാന വിക്കറ്റ് കൂട്ടുകെട്ടായ കെമര്‍ റോക്ക്ജേസണ് സഖ്യം രണ്ടു റണ്‍സ് പൂര്‍ത്തിയാക്കിയതോടെ സ്കോര്‍ തുല്യതയില്‍ അവസാനിച്ചു. സ്കോര്‍: പാക്കിസ്ഥാന് 50 ഓവറില്‍ ആറ് വിക്കറ്റിന് 229. വിന്‍ഡീസ് 50 ഓവറില്‍ 9 വിക്കറ്റിന് 229.
കളിയില്‍ 75 റണ്‍സ് വീതം നേടിയ പാസ് നായകന് മിസ്ബ ഉള് ഹക്കും ലെന്‍ഡല്‍ സിമണ്സുമായിരുന്നു ഇരു പക്ഷത്തെയും ടോപ് സ്കോറര്‍മാര്‍. മാന്‍ ഓഫ് ദി മാച്ച് ബഹുമതിയും ഇരുവരും പങ്കുവെച്ചു. പാക്കിസ്ഥാന് വേണ്ടി ഹാരിസ് സൊഹൈല്‍ അരങ്ങേറ്റം കുറിച്ചു.
അവസാന ഓവറില്‍ വിന്‍ഡീസിന്റെ വിജയിക്കാന്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മീഡിയം പേസര്‍ വഹാബ് റിയാസ് എറിഞ്ഞ ഓവറില്‍ ജേസണ്‍ ഹോള്‍ഡര്‍ ഒരു സിക്സും ഒരു ഫോറും പറത്തി. പിന്നെയുള്ള നാലു പന്തുകളില്‍ വിന്‍ഡീസ് ബാറ്റ്സ്മാന്മാര് നാലു റണ്‍സ് കൂടി തട്ടിയെടുക്കുകയായിരുന്നു. പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും.
ടോസ് നേടിയ വിന്‍ഡീസ് പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ 39 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും പാക്കിസ്ഥാന് നഷ്ടമായി. സ്കോര്‍ 39-ല്‍ നില്‍ക്കേയാണ് രണ്ടു വിക്കറ്റുകളും നഷ്ടപ്പെട്ടത്. 17 റണ്‍സെടുത്ത അഹമ്മദ് ഷെഹ്സാദിനെ ഹോള്‍ഡര്‍ റോച്ചിന്റെ കൈകളിലെത്തിച്ചപ്പോള്‍ 20 റണ്‍സെടുത്ത നസിര്‍ ജംഷാദിനെ സമി റോച്ചിന്റെ കൈകളിലെത്തിച്ചു. പിന്നീട് മുഹമ്മദന്‍ ഹഫീസും ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖും ഒത്തുചേര്‍ന്നതോടെ പാക്കിസ്ഥാന് സ്കോര്‍ ഉയര്‍ന്നു. എന്നാല്‍ സ്കോര്‍ 92-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെ ബ്രാവോ സമിയുടെ കൈകളിലെത്തിച്ചു. പിന്നീട് മിസ്ബയും അരങ്ങേറ്റക്കാരന്‍ ഹാരിസ് സൊഹൈലും ചേര്‍ന്ന് സ്കോര്‍ 150 കടത്തി. എന്നാല്‍ സ്കോര്‍ 152-ല്‍ എത്തിയഗപ്പാള് 26 റണ്‍സെടുത്ത ഹാരിസിനെ റോച്ച് പൊള്ളാര്‍ഡിന്റെ കൈകളിലെത്തിച്ചു. അധികം വൈകാതെ അര്‍ദ്ധസെഞ്ച്വറി പിന്നിട്ട് കുതിക്കുകയായിരുന്ന മിസ്ബയും മടങ്ങി.
സ്കോര്‍ 174-ല്‍ എത്തിയപ്പോള്‍ 75 റണ്‍സെടുത്ത മിസ്ബയെ ബ്രാവോ ബൗള്‍ഡാക്കുകയായിരുന്നു. മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒരു റണ്‍സെടുത്ത അഫ്രീദിയും മടങ്ങി. ഹോള്‍ഡറിന്റെ പന്തില്‍ നരേയ്ന് ക്യാച്ച് നല്‍കിയാണ് അഫ്രീദി മടങ്ങിയത്. പിന്നീട് 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഉമര്‍ അക്മലും 19 റണ്‍സുമായി പുറത്താകാതെ നിന്ന വഹാബ് റിയാസും ചേര്‍ന്നാണ് പാക് സ്കോര്‍ 229-ല്‍ എത്തിച്ചത്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 26 പന്തില്‍ നിന്നും 52 റണ്‍സാണ് അടിച്ചു കൂട്ടിയത്. വിന്‍ഡീസിന് വേണ്ടി ബ്രാവോയും ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
230 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസിന് മികച്ച തുടക്കം നല്കുന്നതില് ഓപ്പണര്‍മാരായ ഗെയിലും ചാള്‍സും പരാജയപ്പെട്ടു. സ്കോര്‍ 16 റണ്‍സ് മാത്രമുള്ളപ്പോള്‍ 8 റണ്‍സെടുത്ത ഗെയിലും 6 റണ്‍സെടുത്ത ചാള്‍സും കൂടാരം കയറി. ഗെയിലിനെ ജുനൈദ് ഖാന് ബൗള്‍ഡാക്കിയപ്പോള്‍ ചാള്‍സിനെ മുഹമ്മദ് ഇര്ഫാന് ഉമര്‍ അക്മലിന്റെ കൈകളിലെത്തിച്ചു. പിന്നീട് സ്കോര്‍ 50-ല്‍ എത്തിയപ്പോള്‍ 17 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയെ വഹാബ് റിയാസ് മുഹമ്മദ് ഹഫീസിന്റെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റില്‍ മര്‍ലോണ്‍ സാമുവല്‍സും സിമണ്‍സും ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് വിജയപ്രതീക്ഷ പുലര്‍ത്തി. 91 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സ്കോര്‍ 141-ല്‍ എത്തിയപ്പോള്‍ 46 റണ്‍സെടുത്ത ചാള്‍സിനെ മുഹമ്മദ് ഇര്ഫാന് ഉമര്‍ അക്മലിന്റെ കൈകളിലെത്തിച്ചതോടെ വിന്‍ഡീസ് പ്രതിരോധത്തിലായി. സ്കോര്‍ 178-ല്‍ എത്തിയപ്പോള്‍ 75 റണ്‍സെടുത്ത സിമണ്‍സും മടങ്ങി. സയിദ് അജ്മലിന്റെ പന്തില്‍ അഹമ്മദ് ഷെഹ്സാദിന് ക്യാച്ച് നല്‍കിയാണ് സിമണ്‍സ് മടങ്ങിയത്. പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സ്കോര്‍ 179-ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോയും 184-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ കീറണ്‍ പൊള്ളാര്‍ഡും മടങ്ങി.
പിന്നീട് ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 10 റണ്‍സെടുത്ത സമിയും സ്കോര്‍ 205-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത നരേയ്നും മടങ്ങി. അഞ്ച് പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സറുമടിച്ച് 14 റണ്‍സെടുത്ത നരേയ്നെ അജ്മല്‍ ബൗള്‍ഡാക്കി. അവസാനം 9 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ഹോള്‍ഡറും 6 റണ്‍സെടുത്ത റോച്ചും ചേര്‍ന്നാണ് വിന്‍ഡീസിന് ത്രില്ലിംഗ് സമനില സമ്മാനിച്ചത്. പാക്കിസ്ഥാന് വേണ്ടി ജുനൈദ് ഖാനും സയിദ് അജ്മലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: