കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഏകദിനത്തില്‍ ദയനീയ പരാജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുമാര്‍ സംഗക്കാരയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ (169) കരുത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 31.5 ഓവറില്‍ 140 റണ്‍സിന് ഓള് ഔട്ടായി. സംഗക്കാരയാണ് മാന്‍ ഓഫ് ദി മാച്ച്. തന്റെ 350-ാം ഏകദിനത്തിലാണ് തന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോര്‍ നേടി സംഗക്കാര ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ശ്രീലങ്കക്ക് വേണ്ടി 137 പന്തുകളില്‍ നിന്ന് 18 ബൗണ്ടറികളും ആറ് സിക്സറുകളുമടക്കം സംഗക്കാര 169 റണ്‍സാണ് അടിച്ചുകൂട്ടിയത്. സംഗക്കാരക്ക് പുറമെ ഉപുല്‍ തരംഗ 43 റണ്‍സും മഹേല ജയവര്‍ദ്ധനെ 42 റണ്‍സും നേടി. 10 റണ്‍സെടുത്ത ദില്‍ഷനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഉപുല്‍ തരംഗയും സംഗക്കാരയും 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ ജയവര്ദ്ധനെക്കൊപ്പം 74 റണ്‍സും കൂട്ടിച്ചേര്‍ത്ത സംഗക്കാര പിന്നീട് വിശ്വരൂപം പൂണ്ടത്. നാലാം വിക്കറ്റില്‍ തിരിമന്നെയെ കൂട്ടുപിടിച്ച് 123 റണ്‍സ് നേടി. ഇതില്‍ 17 റണ്‍സ് മാത്രമാണ് തിരിമന്നെയുടെ സംഭാവന. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മോണെ മോര്‍ക്കല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. മലിംഗയുടെ പന്തില്‍ ഇന്‍ഗ്രാം ബൗള്‍ഡായി മടങ്ങി. ഈ തകര്‍ച്ചയില്‍ നിന്ന് പിന്നീട് ദക്ഷിണാഫ്രിക്കക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. 29 റണ്‍സെടുത്ത ആല്‍വിരോ പീറ്റേഴ്സനും റോബിന് പീറ്റേഴ്സനുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്കോറര്‍മാര്‍. ഡിവില്ലിയേഴ്സ് 23 റണ്‍സുമെടുത്തു. ഇവര്‍ക്ക് പുറമെ 15 റണ്‍സെടുത്ത ജെ.പി. ഡുമ്നിയും 14 റണ്‍സെടുത്ത മില്ലറുമാണ് രണ്ടക്കം കടന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ തീസര പെരേരയും ഹെറാത്തുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തുവിട്ടത്. ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും അഞ്ച് ഓവര്‍ ബൗള്‍ ചെയ്ത ദില്ഷന് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: