പെരുമ്പാവൂര്‍: നഗരത്തിനുള്ളിലെ റോഡിലൂടെ വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികളാണ്. നഗരത്തിനുള്ളിലെ പ്രധാന റോഡുകളിലെല്ലാം വലിയ അപകടം വിളിച്ചുവരുത്തുന്ന ചെറുതും വലുതുമായ ധാരാളം മരണക്കുഴികളാണ് രൂപംകൊണ്ടിരിക്കുന്നത്. മഴ ശക്തമാകുന്നതോടെ ഇത്തരം അപകടക്കയങ്ങളില് വീഴുന്നവരുടെ എണ്ണം ദിവസേന വര്‍ധിച്ചുവരികയാണ്. തിരക്കേറിയ പ്രധാന റോഡുകളിലൂടെ വാഹനങ്ങള്‍ ഒാടിക്കുവാന് പറ്റാത്ത അവസ്ഥയാണുള്ളത്.
പ്രധാന ബൈപാസ് റോഡുകളിലൊന്നായ കോടതി റോഡാണ് ഏറ്റവും മോശമായി കിടക്കുന്നത്. ഈ റോഡ് എഎം റോഡില്‍ സാന്‍ജോ ആശുപത്രിപ്പടിയില്‍ തുടങ്ങുന്നത് മുതല്‍ എംസി റോഡിലെ ഔഷധി ജംഗ്ഷനില്‍ അവസാനിക്കുന്ന സ്ഥലംവരെ വലിയ കുഴികളാണുള്ളത്. നഗരസഭാ കാര്യാലയത്തിന് മുന്‍വശം വലിയ അപകടക്കുഴി ഉണ്ടായിരുന്നത് സിമന്റ് ഇഷ്ടിക നിരത്തി അടച്ചിരിക്കുകയാണ്. ഇതേ റോഡില്‍ ഫാസ് ഓഡിറ്റോറിയത്തിന് മുന്നിലാണ് ഏറ്റവും വലിയ അപകടക്കുഴിയുള്ളത്. ഇവിടെ വളവ് ആയതിനാല്‍ ഇരുചക്രവാഹനങ്ങളും ഭാരംകയറ്റി വരുന്ന മിനിലോറികളും പെട്ടി ഓട്ടോറിക്ഷകളും അപകടത്തില്‍പ്പെടുന്നത് പതിവാണ്. ഇവിടെ റോഡരികിലെ അനധികൃത പാര്‍ക്കിംഗും അപകടത്തിന് കാരണമാകുന്നു.
സ്വകാര്യ ബസ്സുകള്‍, കെഎസ്ആര്‍ടിസി, ഭാരവാഹനങ്ങള്‍ എന്നിവയുടെ വണ്‍വേ ആയ മിനിസിവില്സ്റ്റേഷന് റോഡില്‍ അയ്യപ്പക്ഷേത്രത്തിന് മുന്‍വശം രൂപപ്പെട്ടിരിക്കുന്നത് വലിയ കുഴിയാണ്. കേരളത്തിലെതന്നെ പ്രധാന റോഡുകളിലൊന്നായ എംസി റോഡില്‍ ഔഷധി ജംഗ്ഷനില്‍ റോഡ് തകര്‍ന്ന് രൂപംകൊണ്ടിരിക്കുന്ന കുഴികളില്‍ വീഴാതെ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നാലുംകൂടിയ കവലയായതിനാല്‍ കുഴിയില്‍ വീഴാതെ ചെറിയ വാഹനങ്ങള്‍ വെട്ടിച്ച് മാറ്റുന്നത് വലിയ അപകടങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. ശക്തമായ മഴയില്‍ കോടതി പരിസരത്തുനിന്ന് വെള്ളം ഒഴുകുന്നതിനാല്‍ ഔഷധി ജംഗ്ഷനിലെ അപകടക്കുഴികള്‍ യാത്രക്കാര്‍ കാണാറില്ല.
പെരുമ്പാവൂര്‍ പട്ടണത്തിലെ ഏറ്റവും തിരക്കേറിയ സസ്യമാര്‍ക്കറ്റ് ജംഗ്ഷനില്‍ രൂപപ്പെട്ടിരിക്കുന്ന രണ്ട് വലിയ കുഴികള്‍ കാര്‍ പോലുള്ള വാഹനങ്ങളുടെ പല ഭാഗങ്ങള്‍ കേട് വരുത്തുന്നതാണ്. മാര്‍ക്കറ്റ് ജംഗ്ഷനില്‍നിന്നും കെഎസ്ആര്‍ടിസി റോഡിലേക്ക് തിരിയുന്ന ഇടതുവശം ചേര്‍ന്നാണ് രണ്ട് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ റോഡിന് നടുവിലായി പോലീസിന്റെ രണ്ട് ട്രാഫിക് കോണുകള്‍ വയ്ക്കുന്നതിനാല്‍ ഈ മരണക്കുഴിയില്‍ വീഴാതെ കടന്നുപോകുവാന്‍ വാഹനയാത്രക്കാര്‍ക്ക് കഴിയില്ല.
വാട്ടര്‍ അതോറിറ്റിയും ടെലിഫോണ്‍ വകുപ്പ് അധികൃതരും വിവിധ ആവശ്യങ്ങള്‍ക്കായി കുഴികള്‍ താഴ്ത്തിയിട്ട് കൃത്യമായി ടാറിംഗ് നടത്താത്തതിനാല്‍ രൂപംകൊണ്ടിട്ടുള്ളതാണ് ഇത്തരം അപകടക്കുഴികള്‍. പരസ്പരം പഴിചാരുന്നതല്ലാതെ ഇതിനൊരു പരിഹാരം കാണുന്നതിന് അധികൃതര്‍ ശ്രമിക്കുന്നില്ല. പെരുമ്പാവൂരിലൊന്ന് വന്നുപോയാല്‍ ഉടനടി വാഹനം വര്‍ക്ക്ഷോപ്പില്‍ കയറ്റേണ്ട അവസ്ഥയാണെന്ന് ഉടമകള്‍ പറയുന്നു. പെരുമ്പാവൂരിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി പത്ത് കോടിയോളം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും വാഗ്ദാനങ്ങള്ക്കനുസരിച്ച് കുഴികളും അപകടങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇവര്‍ ഓര്‍ത്താല്‍ നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: