കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ. ഫിറോസ് കീഴടങ്ങിയത് പോലീസുമായുണ്ടാക്കിയ ധാരണപ്രകാരം. കീഴടങ്ങല്‍ നാടകമൊരുക്കാന്‍ സഹായിച്ചത് തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എയും കോണ്‍ഗ്രസ് ട്രേഡ് യൂണിയന്റെ പ്രമുഖ നേതാവും. നാഗര്‍കോവിലിന് സമീപത്തെ തിരുവിതാങ്കോടും കൊല്ലം ടൗണിലുമായാണ് ഫിറോസ് ഒളിവില്‍ കഴിഞ്ഞത്.
തട്ടിപ്പ് പുറത്തുവരികയും അന്വേഷണം ഫിറോസിലേക്ക് നീളുകയും ചെയ്തതോടെ സരിതയും ബിജുവും തന്നില്‍ നിന്നും പണം തട്ടിയെടുക്കുകയായിരുന്നെന്ന പരാതിയുമായി ഫിറോസ് രംഗത്തെത്തിയെങ്കിലും രക്ഷപ്പെടാനായില്ല. തുടര്‍ന്ന് ഭരണ തലത്തിലെ സ്വാധീനം ഉപയോഗപ്പെടുത്തി ഫിറോസ് ഒളിവില്‍ പോയി. ആദ്യം നാഗര്‍കോവിലിന് സമീപത്തെ തിരുവിതാങ്കോട് എന്ന സ്ഥലത്തായിരുന്നു ഫിറോസ് ഒളിച്ചു കഴിഞ്ഞത്. ഇവിടെ തിരുവനന്തപുരം ചാല കമ്പോളത്തില്‍ വ്യാപാരം നടത്തുന്ന നിരവധി വ്യാപാരികള്‍ക്ക് രഹസ്യ ഗോഡൗണുകളും കല്യാണ മണ്ഡപങ്ങളും ഉണ്ട്. ഇതിലൊന്നിലായിരുന്നു ഫിറോസ് രഹസ്യമായി താമസിച്ചത്.
തുടര്‍ന്ന് കോണ്‍ഗ്രസ് ട്രേഡ് യൂണിയന് നേതാവായ സുഹൃത്തിന്റെ സഹായത്തോടെ കൊല്ലം നഗരത്തിലേക്ക് ഒളിവില്‍ പോയി. ഇതിന് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ എംഎല്‍എയും സഹായിച്ചു. ഫിറോസ് പോലീസിന് കീഴടങ്ങാന്‍ എത്തിയത് കൊല്ലത്തു നിന്നുമാണ്.
ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ കീഴടങ്ങാനുള്ള ധാരണയ്ക്ക് അഭിഭാഷകന് മുഖാന്തിരം ഉയര്‍ന്ന പോലീസുദ്യോഗസ്ഥരോട് സംസാരിച്ച് ഫിറോസ് രൂപം നല്കി. അങ്ങനെയാണ് പോലീസ് കമ്മീഷണറുടെ ഓഫീസിലോ കോടതിയിലോ കീഴടങ്ങുമെന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്കി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സി.ഐ നസറുദ്ദീന്‍ മുന്നില്‍ ഫിറോസ് ഹാജരായത്.
25 കോടി രൂപയുടെ എഡിബി വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം കാര്‍ പാലസ് ഉടമ സലിം കബീറില്‍ നിന്നും 4,20,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഫിറോസിനെതിരെ മെഡിക്കല്‍ കോളേജ് പോലീസ് 2009ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
സോളാര്‍ തട്ടിപ്പ് പുറത്താവുകയും സരിത-ബിജു ദമ്പതികള്‍ പോലീസ് പിടിയിലാവുകയും ചെയ്തതോടെ അന്വേഷണം ഫിറോസിലേക്ക് നീണ്ടു. ദൃശ്യമാധ്യമങ്ങളുടെ ഇടപെടല്‍ സജീവമായതോടെയാണ് സോളാര്‍ തട്ടിപ്പിന് നേതൃത്വം കൊടുത്ത സരിതയും ബിജുവുമായി ഫിറോസിന് അടുത്ത ബന്ധമുണ്ടായിരുന്ന വാര്‍ത്ത പുറത്തുവരുന്നത്. 2009ല്‍ സരിതയെയും ബിജുവിനെയും ഉപയോഗിച്ച് ഫിറോസ് സാമ്പത്തിക തട്ടിപ്പ് നടത്തിയ പരാതിയും ഇതോടെ പുറത്തുവന്നു.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: