കോഴിക്കോട്: ചേകന്നൂര്‍ മൗലവി വധക്കേസുമായി ബന്ധപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥനായ മുഹാജിദിന്റെ കേസ് ഡയറി കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുക. ഉദ്യോഗസ്ഥനായ മുഹാജിദിനെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ കേസ് ഡയറിയില്‍ ഒരു സുന്നി നേതാവടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ കേസ് ഡയറി ഇതുവരെ കോടതിയില്‍ ഹാജരാക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ഡയറി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
വധക്കേസില്‍ വിധി വന്നെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഒരാളെ മാത്രമാണ് കേസില്‍ ശിക്ഷിച്ചിരിക്കുന്നത്. അപ്പീലില്‍ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം മാത്രമേ മറ്റ് നടപടികളെക്കുറിച്ച് ആലോചിക്കൂവെന്നും ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി ഭാരവാഹികളായ മുതൂര്‍ അബൂബക്കര്‍ മൗലവി, ഡോ. അബ്ദുള്‍ ജലീല്‍ പുറ്റെക്കാട്, എം.എസ്. റഷീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചേകന്നൂര്‍ മൗലവിയുടെ 20-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജൂലായ് 21 മുതല്‍ 29 വരെ മതഭീകരതാവിരുദ്ധ വാരാചരണം സംഘടിപ്പിക്കും. 21ന് രാവിലെ 10ന് കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ മുന്‍ കേന്ദ്രമന്ത്രി ഡോ.സുബ്രഹ്മണ്യന് സ്വാമി വാരാചരണം ഉദ്ഘാടനം ചെയ്യും.
മതഭീകരതാവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി മതഭീകരതാവിരുദ്ധ ബോധവത്കരണ പരിപാടികള്‍, അവയവദാന പ്രഖ്യാപനം, മാനവഐക്യവേദി രൂപീകരണം, കുടംബസംഗമം, ഖുര്‍ആന്‍ പഠനസംഗമം എന്നിവയും സംഘടിപ്പിക്കും. 29ന് വൈകീട്ട് നാലിന് നടക്കുന്ന മൗലവിഅനുസ്മരണ സമ്മേളനം എഐവൈഎഫ് സംസ്ഥാനസെക്രട്ടറി അഡ്വ.രാജന് ഉദ്ഘാടനംചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: