കൊച്ചി: കനത്ത മഴയില്‍ കൊച്ചി നഗരത്തിലെ നിരത്തുകളില്‍ രൂപപ്പെട്ട കുഴികള്‍ അടിയന്തരമായി മൂടാന്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് പൊതുമരാമത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
നഗരത്തില്‍ പലയിടത്തും കുഴി നികത്തുന്ന പണി നടക്കുന്നുണ്ടെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്ത്തിവയ്ക്കേണ്ടിവരുന്നതായി പൊതുമരാമത്ത് അധികൃതര്‍ ചൂണ്ടിക്കാട്ടി. ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് സംരക്ഷണത്തോടെ പണി പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ഇതേക്കുറിച്ചാലോചിക്കുന്നതിന് ഇന്നലെ ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
ഇതിനിടെ നഗരത്തില്‍ അനധികൃതമായി ഫ്ലക്സ് ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിട്ടുള്ളത് നീക്കം ചെയ്യുന്നത് തുടരുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. കാല്‍നടക്കാര്‍ക്കും വാഹനമുപയോഗിക്കുന്നവര്ക്കും തടസമാകുന്ന ഇത്തരം ബാര്‍ഡുകളും മറ്റു പരസ്യങ്ങളും നീക്കം ചെയ്യണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. ആര്.ടി.ഒ., പോലീസ്, റവന്യു, നഗരസഭ അധികൃതര്‍ സംയുക്തമായാണ് നടപടി സ്വീകരിക്കുന്നത്.
അനധികൃതമായി നഗരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നഗരസഭ നേരത്തെ നിരോധിച്ചിരുന്നു. ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ തുടരും. ഇതോടൊപ്പം വിവിധ രാഷ്ട്രീയകക്ഷികള്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും വരും ദിവസങ്ങളില്‍ മാറ്റാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരസ്യം സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തി നല്കിയാല് പൊതുമരാമത്ത് വകുപ്പ് അവ നിയമാനുസൃതമാക്കുന്നത് പരിഗണിക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി.
യോഗത്തില്‍ അസി.പോലീസ് കമ്മിഷണര്‍ കെ.എസ്. ബേബിവിനോദ്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.പി.ബെന്നി തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: