ലോര്‍ഡ്സ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ തകര്‍ന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 361 റണ്‍സിനെതിരെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 128 റണ്‍സിന് ഓള് ഔട്ടായി. ഇതോടെ 233 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. 30 റണ്‍സെടുത്ത ഓപ്പണര്‍ ഷെയ്ന് വാട്സനാണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍. മൈക്കല്‍ ക്ലാര്‍ക്ക് 28 റണ്‍സുമെടുത്തു. ഇരുവര്‍ക്കും പുറമെ റോജേഴ്സ് (15), കവാജ (14), അവസാന ബാറ്റ്സ്മാന്മാരായ പാറ്റിന്സണ് (10 നോട്ടൗട്ട്), ഹാരിസ് (10) എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രെയിം സ്വാന്റെ തകര്‍പ്പന്‍ ബൗളിംഗാണ് ഓസ്ട്രേലിയയെ ഒന്നാം ഇന്നിംഗ്സില്‍ തകര്‍ത്തത്. 21.3 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങിയ സ്വാന് അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. ബ്രെസ്നന് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 361 റണ്‍സിന് അവസാനിച്ചു. ഇയാന്‍ ബെല്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി നേടി. ബെല്ലിന് പുറമെ 67 റണ്‍സെടുത്ത ബെയര്‍സ്റ്റോവും 58 റണ്‍സെടുത്ത ട്രോട്ടും 33 റണ്‍സെടുത്ത ആന്‍ഡേഴ്സണും 28 റണ്‍സെടുത്ത ബ്രോഡും മികച്ച പ്രകടനം നടത്തി. സ്വാന് 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഏഴു വിക്കറ്റിന് 289 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് 72 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച മൂന്ന് വിക്കറ്റുകളും നഷ്ടമായി. ഏഴ് റണ്‍സെടുത്ത ടിം ബ്രെസ്നനാണ് ഇന്നലെ ആദ്യം പുറത്തായത്. സ്കോര്‍ 8ന് 289. പിന്നീട് ആന്‍ഡേഴ്സണും ബ്രോഡും ചേര്‍ന്ന് സ്കോര്‍ 313-ല്‍ എത്തിച്ചു. 12 റണ്‍സെടുത്ത ആന്‍ഡേഴ്സനെ ഹാഡിന്റെ കൈകളിലെത്തിച്ച് ഹാരിസാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. അവസാന വിക്കറ്റില്‍ ബ്രോഡും സ്വാനും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ബ്രോഡ് 29 പന്തുകളില്‍ നിന്ന് 33 റണ്‍സും സ്വാന് 26 പന്തുകളില്‍ നിന്ന് പുറത്താകാതെ 28 റണ്‍സും നേടി. ഒടുവില്‍ സ്കോര്‍ 361-ല്‍ എത്തിയപ്പോള്‍ ബ്രോഡിനെ പാറ്റിന്‍സണിന്റെ പന്തില്‍ ഹാഡിന് പിടികൂടിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശ്ശീല വീണു. ഓസ്ട്രേലിയക്ക് വേണ്ടി റയാന് ഹാരിസ് 72 റണ്‍സിന് അഞ്ചും സ്മിത്ത് 18 റണ്‍സ് വിട്ടുകൊടുത്ത് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് ഷെയ്ന്‍വാട്സണും റോജേഴ്സും ചേര്‍ന്ന് മോശമല്ലാത്ത തുടക്കം നല്കി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പേസ് ബൗളര്‍ ടിം ബ്രെസ്നനാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. 30 റണ്‍സെടുത്ത വാട്സനെ ബ്രെസ്നന് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ഓസീസിന്റെ തകര്‍ച്ചയും തുടങ്ങി. പിന്നീട് സ്കോര്‍ 50-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത റോജേഴ്സിനെ സ്വാന് എല്‍ബിയില്‍ കുടുക്കി. സ്കോര്‍ 53-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ഹ്യൂസും ബ്രെസ്നന് വിക്കറ്റ് നല്കി മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ ക്ലാര്‍ക്കും കവാജയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോര്‍ 69-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും തകര്‍ന്നു. 14 റണ്‍സെടുത്ത കവാജയെസ്വാന് പീറ്റേഴ്സന്റെ കൈകളിലെത്തിക്കുകയായിരുന്നു.
പിന്നീട് ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയായിരുന്നു. ഒരറ്റത്ത് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും മറ്റേ അറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. സ്കോര്‍ 86-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ സ്വാന് ബെല്ലിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 91 റണ്‍സായപ്പോള്‍ 28 റണ്‍സെടുത്ത മൈക്കല്‍ ക്ലാര്‍ക്കിനെ സ്റ്റുവര്‍ട്ട് ബ്രോഡ് എല്‍ബിയില്‍ കുടുക്കി. അധികം വൈകാതെ രണ്ട് റണ്‍സെടുത്ത ആഷ്ടണ്‍ അഗര്‍ റണ്ണൗട്ടാവുകയും ചെയ്തു. സ്കോര്‍ 7ന് 96. പിന്നീട് സ്കോര്‍ 104-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത സിഡിലും മടങ്ങി. ആന്‍ഡേഴ്സന്റെ പന്തില്‍ സ്വാന് ക്യാച്ച് നല്‍കിയാണ് സിഡില്‍ മടങ്ങിയത്. ഇതേ സ്കോറില്‍ തന്നെ ഒമ്പതാം വിക്കറ്റും വീണു. 7 റണ്‍സെടുത്ത ഹാഡിനെ സ്വാന്റെ പന്തില്‍ ട്രോട്ട് പിടികൂടി. അവസാന വിക്കറ്റില്‍ പാറ്റിന്‍സണും ഹാരിസും ചേര്‍ന്ന് 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ 10 റണ്‍സെടുത്ത ഹാരിസിനെ സ്വാന്റെ പന്തില്‍ പീറ്റേഴ്സണ് പിടികൂടിയതോടെ ഓസീസ് ഇന്നിംഗ്സിന് അവസാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: