വടക്കാഞ്ചേരി: വീട്ടുമുറ്റത്തുകളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കുണ്ടുകാട് സെന്ററിനു സമീപം അയ്യന്പാറതോട്ടില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരം ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് തെക്കുംകര പഞ്ചായത്തിലെ പഴയന്നൂര്‍പ്പാടം മേലിലംകരയിലത്തോട് പുത്തന്‍ പുരയില്‍ ജോജി – ജോയ്സി ദമ്പതികളുടെ മകന് നോബിളിനെ (2) കാണാതായത്.
വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാഞ്ഞതിനെത്തുടര്ന്ന് അഗ്നിശമനസേനയെയും വടക്കാഞ്ചേരി പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് വീടിന് സമീപമുള്ള ജലസ്രോതസ്സുകളിലും ശക്തമായ ഒഴുക്കുള്ള വെള്ളചാലുകളിലും രാത്രി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് അയ്യന്‍പാറയില്‍ കുട്ടിയുടെ മൃതദേഹം പൊന്തക്കാട്ടില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്.
വടക്കാഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അടുത്തമാസം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് നോബിളിന്റെ മരണം. കട്ടിലപൂര്വ്വം സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. മേബിളാണ് സഹോദരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: