പെരുമ്പാവൂര്‍: ഒരു വേലിക്കപ്പുറവും ഇപ്പുറവുമായി സ്ഥിതിചെയ്യുന്ന പെരുമ്പാവൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് എത്തുവാന്‍ ഏറിയാല്‍ 25 മീറ്റര്‍ ദൂരം. എന്നാല്‍ ശാലുമേനോന് മാത്രം അത് ഒരു കിലോമീറ്റര്‍. നടന്ന് പോകാവുന്നത്ര ദൂരത്തേക്ക് പെരുമ്പാവൂര്‍ നഗരം മുഴുവന്‍ ജീപ്പ്പിലിരുത്തി കറക്കിയാണ് ശാലുവിനെ സ്റ്റേഷനിലെത്തിച്ചത്. കേരള മന്ത്രിസഭയെ വരെ മറിച്ചിടാന്‍ പോന്ന കേസിലെ പ്രധാന പ്രതിയെ മാധ്യമങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മറച്ച് വക്കുവാന് ഇന്നലെ പെരുമ്പാവൂര്‍ കോടതി വളപ്പില്‍ നടത്തിയ നാടകം കാഴ്ചക്കാരില്‍ കൗതുകവും അമര്‍ഷവും വളര്‍ത്തി.
ആയിരക്കണക്കിനാളുകളും ഒട്ടുമിക്ക ദൃശ്യപത്രമാധ്യമങ്ങളും ഇന്നലെ പെരുമ്പാവൂര്‍ കോടതി പരിസരത്ത് ശാലുമേനോന് എത്തുന്നതറിഞ്ഞ് എത്തിയിരുന്നു. പതിനൊന്നേകാലോടെ നിരവധി പോലീസിന്റെ അകമ്പടിയോടെ ഹൈവേ പോലീസിന്റെ വാഹനത്തിലാണ് ഇവരെ കോടതിയിലെത്തിച്ചത്. കോടതി നടപടികള്‍ക്ക് ശേഷം പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ തിരികെ കൊണ്ടുപോയപ്പോഴാണ് കാഴ്ച്ചക്കാര്‍ നാണം കെട്ടത്.
കോടതിയുടെ പ്രധാനവാതിലിന് മുന്നില്‍ സുരക്ഷയൊരുക്കി പത്തോളം വനിതാപോലീസടക്കം നിരവധി പോലീസുകാര്‍ നില്‍ക്കുന്നത് കണ്ട് തടിച്ചുകൂടിയ ജനത്തെയും ദൃശ്യങ്ങളെടുക്കാന്‍ നിന്നമാധ്യമ പ്രവര്‍ത്തകരെയും ഒരു നാടകത്തിലൂടെ പോലീസ് കളിപ്പിക്കുകയായിരുന്നു. പിന്‍വാതിലിലൂടെ പുറത്തിറക്കിയ ശാലുവിനെ പെരുമ്പാവൂര്‍ പോലീസിന്റെ ജീപ്പ്പില്‍ കയറ്റി എഎം റോഡിലൂടെയും എംസി റോഡിലൂടെയും കറക്കി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഈ സമയത്തെല്ലാം കാഴ്ച്ചക്കാരില്‍ നിന്നും പ്രതിയെ ഒളിപ്പിക്കാനാണ് പോലീസ് ശ്രമിച്ചത് എന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: