ന്യൂദല്‍ഹി: വാതുവെപ്പ് കേസിന് പിന്നാലെ ഐപിഎല്ലിന്റെ ആറാം സീസണില്‍ ഉത്തേജക വിവാദവും. ദല്‍ഹി രഞ്ജി താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പേസ് ബൗളറുമായ പ്രദീപ് സാംഗ്വാനാണ് ടൂര്‍ണമെന്റിനിടെ നിരോധിത ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തിയത്. 2008 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ അണ്ടര്‍19 ടീമംഗമായിരുന്നു സാംഗ്വാന്. 2011ലാണ് സാംഗ്വാന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ചേര്‍ന്നത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിയുന്ന രണ്ടാമത്തെ താരമാണ് സാംഗ്വാന്. നേരത്തെ പാക്കിസ്ഥാന് താരം മുഹമ്മദ് ആസിഫ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു.
ഐപിഎല്‍ ആറാം സീസണില്‍ ബാംഗ്ലൂരിനും ഹൈദരാബാദിനുമെതിരായ മത്സരങ്ങളില്‍ സാംഗ്വാന് കളിച്ചിരുന്നു. പിന്നീട് തോളെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്നും പിന്മാറിയ സാംഗ്വന് ഇപ്പോള്‍ ചികിത്സയിലാണ്.
ഒത്തുകളി ആരോപണവും കോഴയും പിടിച്ചുലച്ച ഐപിഎല്‍ ആറാം സീസണെ കൂടുതല്‍ വിവാദങ്ങളിലേക്ക് തള്ളിയിട്ടാണ് പ്രദീപ് സാംഗ്വാന്റെ രക്തപരിശോധനാ ഫലം പുറത്ത് വരുന്നത്. ആറാം സീസണിനിടെ ഇടം കയ്യന്‍ പേസ് ബൗളറായ സാംഗ്വാനില് നിന്നും ശേഖരിച്ച രക്തത്തിന്റെ എ സാമ്പിള്‍ പരിശോധനയിലാണ് നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയത്.
പ്രദീപ് സാംഗ്വാന് ഉത്തേജകമുപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് കാണിച്ച് നൈറ്റ് റൈഡേഴ്സ് ടീമിനും ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐ കത്തയച്ചിട്ടുണ്ട്. എന്നാല്‍ ബി സാമ്പിളിന്റെ പരിശോധനാഫലം കൂടി പുറത്ത് വന്ന ശേഷമെ സാംഗ്വാനെതിരെ നടപടിയുണ്ടാകൂ. രണ്ടാമത്തെ പരിശോധനയിലും ഉത്തേജകമുപയോഗിച്ചതായി തെളിഞ്ഞാല്‍ സാംഗ്വാനെതിരെ കടുത്ത നടപടികളുണ്ടാകും. 2008ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് സാംഗ്വാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: