കൊളംബോ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ലങ്കന്‍ ടീമിനെ ദിനേശ് ചണ്ഡിമല്‍ നയിക്കും. ലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് 23കാരനായ ദിനേശ് ചണ്ഡിമല്‍. ഓള് റൗണ്ടര്‍ ലഹിരു തിരിമന്നെയാണ് വൈസ് ക്യാപ്റ്റന്‍.
അടുത്തിടെ വെസ്റ്റിന്‍ഡീസില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്പെന്ഷന് നേരിട്ട ആഞ്ചലോ മാത്യൂസിന് പകരമായാണ് ചണ്ഡിമലിനെ നായകനായി തെരഞ്ഞെടുത്തത്. 15 അംഗ ടീമിലെ ഏക പുതുമുഖം ആഞ്ചലോ പെരേരയാണ്.
നാല് വര്‍ഷത്തിന് ശേഷം മധ്യനിര ബാറ്റ്സ്മാന് ജെഹാന് മുബാറക്കിനെ ലങ്ക മടക്കിവിളിച്ചു. പരിക്കില്‍ നിന്ന് മുക്തനായ ഓപ്പണര്‍ തിലക്രത്നെ ദില്ഷന്, ഓള് റൗണ്ടര്‍ തീസര പെരേര എന്നിവരും ടീമില്‍ തിരിച്ചെത്തി. അതേസമയം കുശല്‍ പെരേര, നുവാന്‍ കുലശേഖര, ദില്‍ഹാര, ജീവന് മെന്‍ഡിസ് എന്നിവരെ ടീമില്‍ നിന്ന് പുറത്താക്കി.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊളംബൊയിലാണ് ആദ്യ രണ്ട് മത്സരവും നടക്കുക. അഞ്ച് ഏകദിനവും മൂന്ന് ട്വന്റി-20യുമാണ് പരമ്പരയിലുള്ളത്. ആദ്യ ഏകദിനം നാളെ കൊളംബോയില്‍ നടക്കും. 23നാണ് രണ്ടാം മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: