കല്‍പ്പറ്റ: ലോകവ്യാപകമായി ജന്തുജന്യരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനു മുഖ്യ കാരണം പരിസ്ഥിതി സന്തുലനത്തിന്റെ തകര്‍ച്ചയാണെന്ന് എഡിന്‍ബറോ റോയല്‍ സ്കൂള്‍ ഓഫ് വെറ്ററിനറി സ്റ്റഡീസിലെ സുവോളജിക്കല്‍ ആന്‍ഡ് കണ്‍സര്‍വേഷന്‍ മെഡിസിന് വിഭാഗം പ്രൊഫസര്‍ അന്ന മെരിഡിത്ത്. പരിസ്ഥിതി സന്തുലനത്തിന്റെ വീണ്ടെടുപ്പാണ് ജന്തുജന്യരോഗങ്ങള്‍ക്ക് യഥാര്‍ത്ത പരിഹാരമെന്നും അവര്‍ പറഞ്ഞു.
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല എഡിന്‍ബറോ യൂണിവേഴ്സിറ്റിയും ഈ വര്‍ഷാദ്യം ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫ. മെരിഡിത്ത് അഞ്ച് ദിവസത്തെ അധ്യാപനത്തിനു പൂക്കോട് എത്തിയത്. വന്യജീവികളുടെയും കന്നുകാലികളുടെയും ആരോഗ്യം, ജന്തുക്ഷേമം എന്നീ വിഷയങ്ങളില്‍ അധ്യാപനത്തിലും ഗവേഷണത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ചായിരുന്നു രണ്ട് സര്‍വകലാശാലകളും തമ്മിലുള്ള ധാരണാപത്രം.
ജന്തുക്കളില്‍നിന്നു മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ എണ്ണം ലോകമെങ്ങും വര്‍ദ്ധിക്കുകയാണ്. ഇതിനകം കണ്ടെത്തിയ മനുഷ്യരോഗഹേതുക്കളില് 816-ഉം ജന്തുജന്യമാണ്. നിലവില്‍ മനുഷ്യരില്‍ 177 തരം രോഗങ്ങളാണ് കണ്ടുവരുന്നത്. ഇതില്‍ 73 ശതമാനവും ജന്തുക്കളില്‍നിന്നു പകരുന്നതാണ്. പേവിഷബാധ, കുരങ്ങുരോഗം(ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ്), മാന്‍ചെള്ള് രോഗം(ലൈം ഡിസീസ്), പ്ലേഗ്, എലിപ്പനി, നിഫ വൈറസ്, വെസ്റ്റ് നെയില്‍ വൈറസ്, ഹന്റാവൈറസ് തുടങ്ങിയവയാണ് മനുഷ്യനു കടുത്ത ഭീഷണി ഉയര്‍ത്തുന്ന ജന്തുജന്യരോഗങ്ങള്‍. വന്യജീവികളുമായുള്ള സമ്പര്‍ക്കമാണ് പലപ്പോഴും മനുഷ്യരില്‍ ഇത്തരം രോഗങ്ങള്‍ പകരാന്‍ ഇടയാക്കുന്നത്. വനം കൈയേറ്റം, കാര്ഷികരീതികളിലെ മാറ്റങ്ങള്‍, വന്യജീവി വ്യാപാരം, അവയെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് മാറ്റുന്നത്, കാട്ടിറച്ചി ആഹരിക്കല്‍, വനമേഖലയിലെ വിനോദസഞ്ചാരം എന്നിവ എന്നിവ വന്യജീവികളും മനുഷ്യരുമായുള്ള സമ്പര്‍ക്കത്തിനു ഇടയാക്കുന്നുണ്ട്.
ജന്തുജന്യരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനു വന്യജീവികളും മനുഷ്യരുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുന്നതിനു പദ്ധതികള്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. വനം ജനവവാസകേന്ദ്രങ്ങളില്നിന്നു മുക്തമാകണം. വന്യജീവികള്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത വനത്തില്‍ ഉറപ്പുവരുത്തണം. ഇതിനകം നടത്തിയ വനനശീകരണത്തിനു വനവത്കരണത്തിലൂടെ പരിഹാരം ചെയ്യാന്‍ കഴിയണം.
വൈദ്യശാസ്ത്ര രംഗത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നതാണ് കണ്‍സര്‍വേഷന്‍ മെഡിസിന്, വണ്‍ ഹെല്‍ത്ത് എന്നീ ആശയങ്ങള്‍. മനുഷ്യരെയും ജന്തുക്കളെയും ബാധിക്കുന്ന രോഗങ്ങളുമായുള്ള പോരാട്ടത്തില്‍ വൈദ്യശാസ്ത്രത്തിന്റെ വിവിധ ശാഖകളുടെ ഏകോപനവും സഹകരണവും ഉറപ്പുവരുത്തുകയാണ് വണ്‍ ഹെല്‍ത്ത് എന്ന ആശയത്തിലൂടെ ലക്ഷ്യമാക്കുന്നത്. മനുഷ്യരുടെയും ജന്തുക്കളുടെയും പ്രകൃതിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടതാണ് കണ്‍സര്‍വേഷന്‍ മെഡിസിന്. വണ്‍ ഹെല്‍ത്ത് എന്ന ആശയം അടിസ്ഥാനമാക്കി കേരളത്തില്‍ വന്യജീവികളിലും കന്നുകാലികളിലും മനുഷ്യരിലും കാണപ്പെടുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനും കുറ്റമറ്റ നിവാരണ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും രോഗങ്ങളുടെ വരവ് മുന്‍കൂട്ടി കാണുന്നതിനും എഡിന്‍ബറോ യൂണിവേഴ്സിറ്റിയും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയയന്‍സ് യൂണിവേഴ്സിറ്റിയും സംയുക്തമായി യുണൈറ്റഡ് കിങ്ങ്ഡം ഇന്ത്യ എജ്യുക്കേഷന്‍ റിസര്‍ച്ച് ഇനീഷ്യേറ്റീവിനു പ്രൊജക്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മെരിഡിത്ത് പറഞ്ഞു.
കെ.വി.എ.എസ്.യു വന്യജീവി പഠനകേന്ദ്രം മേധാവി ഡോ. ജോര്‍ജ് ചാണ്ടി, അക്കാദമിക് കണ്‍സള്‍ട്ടന്റ് ഡോ.എ.എസ്.ലാലാ എന്നിവര്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: