കൊച്ചി: ഈശ്വരധ്യാനത്തിലൂടെ ആത്മശുദ്ധി ഭവിക്കുമെന്ന് പ്രൊഫ.എം.കെ.സാനു. ഇതിന് ഉദാഹരണമാണ് രത്നാകരന് എന്ന കാട്ടാളന്റെ വാത്മീകി മഹര്‍ഷിയിലേക്കുള്ള പരിവര്‍ത്തനം.
പണ്ഡിതനും പാമരനും ഒരു പോലെ ഉള്‍ക്കൊള്ളാവുന്ന ലോകത്തെ ഏറ്റവും മനോഹരമായ കാവ്യമാണ് വാത്മീകി രാമായണമെന്ന് വിഎച്ച്പി കൊച്ചി ജില്ല സംഘടിപ്പിച്ച രാമായണമാസാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മനുഷ്യമനസ്സ് ഒരുപാട് ദുര്വാസനകളുടെയും പാപവാസനകളുടെയും കൂമ്പാരമാണ്. സാമ്പത്തിക ലാഭത്തിനു വേണ്ടിയുള്ള അധികാരഭ്രമം ഇന്ന് സമൂഹത്തില്‍ വര്‍ധിച്ചുവരുന്നു. ഉയര്‍ന്ന ഭരണകൂടം മുതല്‍ ചെറിയ സംഘടനകള്‍ വരെ ഈ ദുര്‍ഭൂതത്തിന് അടിമയായി മാറുന്നു. ശ്രീരാമന്റെ ജീവിതം ഇന്നത്തെ ഭരണാധികാരികള്‍ മാതൃകയാക്കണം. തനിക്ക് അര്‍ഹമായ രാജ്യം പോലും ധര്മ്മതിനുവേണ്ടി ത്യജിച്ച മാതൃകാ പുരുഷോത്തമനാണ് അദ്ദേഹം. രാമായണ പാരായണം ധര്‍മ്മത്തിലൂടെയും കര്‍മ്മത്തിലൂടെയും നമ്മെ സത്യാന്വേഷണത്തിലേക്ക് നയിക്കുന്നു. ഇതിലൂടെ ആത്മശുദ്ധി പ്രപ്തമാവുകയും ചെയ്യുന്നു. ജസ്റ്റിസ് എം.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.കെ രാമചന്ദ്രന്, കെ.വി ശങ്കരനാരായണന്, കെ.എ.എസ്.പണിക്കര്‍, കെ.പി.മാധവന്‍കുട്ടി, പ്രസന്നാ ബാഹുലേയന്, എസ്.സജി എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന രാമായണ പാരായണ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
ജില്ലയിലെ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. നാടും നഗരവും രാമമന്ത്രങ്ങളാല്‍ മുഖരിതമാണ്.
എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്ന ശ്രീകുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ രാമായണ മാസാചരണം തുടങ്ങി. ഗണിപതി ഹവനം, ദേവീ പൂജ, സമുഹ ഭഗവത് സേവ (അവസാന 9 ദിവസം) എന്നിവയാണ് പരിപാടികള്‍.
ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രാമായണ മാസാചരണം സംഘടിപ്പിച്ചു. ക്ഷേത്രങ്ങള്‍, യൂണിയന് ഓഫീസുകള്‍, കുടുംബ യൂണിറ്റുകള്‍, ശാഖകള്‍, മൈക്രോ യൂണിറ്റുകള്‍, വനിതാ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആചരണം നടക്കുന്നത്.
രാമായണ പാരായണം, അഖണ്ഡ രാമായണ പാരായണം, രാമായണ പ്രശ്നോത്തരി, കഥാപ്രവചനം, കഥാപാത്രങ്ങളെ പരിചയപ്പെടുത്തല്‍, ആത്മീയപ്രഭാഷണങ്ങള്‍, നാലമ്പല ദര്‍ശനം തുടങ്ങിയ പരിപാടികളാണ് ക്ഷേത്രങ്ങളില്‍ നടക്കുന്നത്.
നെല്ലിക്കുഴി ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന രാമായണ മാസാചരണം സംസ്ഥാന ട്രഷറര്‍ എം.വി.ഗോപി ഉദ്ഘാടനം ചെയ്തു.
കൊരട്ടി പാലക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന രാമായണ മാസാചരണം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അശോകന് ഉദ്ഘാടനം ചെയ്തു. അങ്കമാലി യൂണിയനില്‍ സംസ്ഥാന സെക്രട്ടറി എം.കെ.രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. പാലപ്പിള്ളി ഭുവനേശ്വരി ക്ഷേത്രത്തില്‍ ആചരണ ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഭാകരന് മാച്ചാംപിള്ളി ഉദ്ഘാടനം ചെയ്തു.
പള്ളുരുത്തി: പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തില്‍ നിത്യവും രാമായണപാരായണവും ഗണപതിഹോമം, ഭഗവതിസേവ എന്നീ ചടങ്ങുകള്‍ നടക്കും. മാരമ്പിള്ളി ആദിപരാശക്തി ക്ഷേത്രത്തില്‍ നിത്യവും രായമായണ പാരായണം നടന്നു. ഇടക്കൊച്ചി ജ്ഞാനോദയം സഭ പരമേശ്വരകുമാരമംഗല മഹാദേവക്ഷേത്രത്തില്‍ രാമായണ പാരായണവും ക്ഷേത്രചടങ്ങുകളും നടന്നു. കുമ്പളങ്ങി കണ്ടത്തിപ്പറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രം, ഇല്ലിക്കല്‍ അര്‍ദ്ധനാരീശ്വരക്ഷേത്രം എന്നിവിടങ്ങളിലും കര്‍ക്കിടക മാസപൂജകളും രാമായണ പരായണവും നടന്നു. പെരുമ്പടപ്പ് ഊരാളക്കംശ്ശേരി ശ്രീഅന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ രാമായണ മാസാചരണ പരിപാടികള്‍ക്ക് ആരംഭമായി. ദേവസ്വം പ്രസിഡന്റ് എ.എസ്.സതീശന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
നിത്യവും രാമായണ പാരായണവും, ക്ഷേത്രചടങ്ങുകളായ ഗണപതിഹോമവും, ഭഗവതിസേവയും നടക്കും. എല്ലാഞ്ഞായറാഴ്ചകളിലും അധ്യാത്മിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണം, ഭജന, സത്സംഗം എന്നിവയുമുണ്ടാകും. ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, ശങ്കരനാരായണ ക്ഷേത്രം, വലിയപുല്ലാര ശങ്കരനാരായണ ക്ഷേത്രം, ഏറഞ്ഞാട്ട് ഭഗവതിക്ഷേത്രം, കോതകുളങ്ങര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും കര്‍ക്കിടകമാസാചരണ ചടങ്ങുകള്‍ക്ക് തുടക്കമായി.
പെരുമ്പാവൂര്‍: പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ക്ഷേത്രങ്ങളിലും, ആധ്യാത്മിക കേന്ദ്രങ്ങളിലും, വിവിധ ഹൈന്ദവ സംഘടനകളുടെ മേല്‍നോട്ടത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി.
കുറിച്ചിലക്കോട് എടവനക്കാവില്‍ 17 മുതല്‍ രായമായണ മാസാചരണത്തിനും ദിവസേന രാമായണ പാരായണത്തിനും തുടക്കമായി. രാവിലെ 5ന് ഗണപതി ഹോമം, ഭഗവതിസേവ, വിശേഷാല്‍ പൂജകള്‍. 21ന് രാവിലെ നാലമ്പല ദര്‍ശന തീര്‍ത്ഥയാത്രയും നടക്കും. പുല്ലുവഴി ഹിന്ദുഐക്യവേദി സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണം പാനേക്കാവ് ഭഗവതി ശാസ്താക്ഷേത്രത്തില്‍ ആരംഭിച്ചു.
ഒക്കല്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള മഹാഗണപതി ഹോമം നടന്നു. ദിവസേന ഗ്രാമത്തിലെ ഓരോ ഭവനങ്ങളിലുമാണ് രാമായണ പാരായണം നടക്കുന്നത്. പെരുമ്പാവൂര്‍ നാരായണീയ പാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓരോ ഭവനങ്ങളിലും ദിവസേനരാമായണ പാരായണം, സത്സംഗം, ശ്രീരാമ പൂജ, ഔഷധക്കഞ്ഞി വിതരണം എന്നിവക്ക് തുടക്കമായി. രാമായണ പാരായണ സത്സംഗത്തിന് കേശവദാസ് നേതൃത്വം നല്കി.
രായമംഗലം കൂട്ടുമഠം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് രാവിലെ 5ന് ഗണപതിഹോമം 5.30 മുതല്‍ 7 വരെ രാമായണ പാരായണം, വൈകിട്ട് ദീപാരാധനക്ക് ശേഷം രാമായണ പാരായണവും പ്രസാദവിതരണവും എന്നിവ നടന്നു. രാമായണ പാരായണത്തിന് ബാലകൃഷ്ണന് ചെറുകര കുഞ്ഞപ്പന് വരിപ്പേലിക്കുടി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഹിന്ദുഐക്യവേദി ഇരിവിച്ചിറ മുടിക്കരായി സ്ഥാനീയ സമിതി രാമായണ മാസാചരണത്തോടനുബന്ധിച്ച് ഓരോ ഭവനങ്ങളിലുമുള്ള രാമായണ പാരായണം പ്രഭാഷണം ഭജന എന്നിവക്ക് തുടക്കമായി. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി എം.കെ.അംബേദ്കര്‍ നേതൃത്വം നല്കുന്നു.
ഇരിങ്ങോള്‍ നീലംകുളങ്ങര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ 7ന് ഔഷധക്കഞ്ഞി വിതരണവും ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു. ഔഷധക്കഞ്ഞി വിതരണം കൗണ്‍സിലര്‍ ഓമന സുബ്രഹ്ണ്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ.ബി.രാജീവ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്കി.
കോതമംഗലം: തൃക്കാരിയൂര്‍ മഹാദേവക്ഷേത്രത്തില്‍ രാമായണ മാസാചരണം തുടങ്ങി. ക്ഷേത്രം തന്ത്രി ഭദ്രകാളിമറ്റപ്പിള്ളി നാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ നടക്കുന്നത്.
രാമായണ മാസാചരണത്തിന്റെ ഭാഗമായി കര്‍ക്കിടകം 30ന് രാമായണ പാരായണ മത്സരം, രാമായണ സംബന്ധ പ്രശ്നോത്തരി, 31ന് അഖണ്ഡ രാമായണ പരായണയജ്ഞം, ചിങ്ങം ഒന്നിന് രാവിലെ 9ന് തൃപ്പൂണിത്തുറ ശ്രീകുമാര്‍ ആന്റ് പാര്‍ട്ടിയുടെ ലയവാദ്യസമന്വയം (ജുഗല്‍ബന്ദി) എന്നിവയും നടക്കും. ആഗസ്റ്റ് 10 എന്നിദിവസങ്ങളില് നാലമ്പല ദര്‍ശനവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാലടി: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണം ആരംഭിച്ചു.
തോട്ടകം ശ്രീത്രിപുര സുന്ദരി ദേവീക്ഷേത്രത്തില്‍ രാമായണ മാസാചരണം ആരംഭിച്ചു. പുതുകുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രത്തില്‍ രാമായണ മാസത്തിന് തുടക്കമായി.
നെടുമ്പാശ്ശേരി: അത്താണി ശ്രീ വീരഹനുമാന് കോവിലില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. ഗണപതിഹോമം, രാമായണപാരായണം, രാമായണ സത്സംഗം എന്നിവയാണ് പരിപാടികള്‍. ദിവസം രാത്രി സൗജന്യ ഔഷധക്കഞ്ഞി വിതരണവും നടക്കുന്നുണ്ട്. പൊയ്ക്കാട്ടുശ്ശേരി ശ്രീകുറുമ്പക്കാവില്‍ രാമായണമാസത്തിന് തുടക്കമായി. രാമായണ പാരായണത്തിന് ബി.കെ.വി ആചാരി നേതൃത്വം നല്കി.
മട്ടാഞ്ചേരി: ശ്രീരാമകഥയും രാമായണപാരായണവുമായി കര്‍ക്കിടകരാവുകള്‍ക്ക് തുടക്കമായി. ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും രാമായണപാരായണത്തോടൊപ്പം കര്‍ക്കിടകമാസ ദിനങ്ങളില്‍ പ്രത്യേക പൂജകളും നടക്കും. ക്ഷേത്രക്ഷേമസമിതികള്, വിശ്വഹിന്ദുപരിഷത്ത്, ഭക്തജനസംഘങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കര്‍ക്കിടകമാസം രാമായണമാസമായി ആചരിക്കുന്നത്.
കൊച്ചി രാജവംശത്തിന്റെ ആരാധ്യദേവതാക്ഷേത്രസമുച്ചയമായ ആനവാതില്‍ പഴയന്നൂര്‍ ക്ഷേത്രത്തില്‍ ക്ഷേതക്ഷേമസമിതിയുടെ നേതൃത്വത്തില്‍ രാമായണമാസാചരണത്തിന് തുടക്കമായി. രാമായണപ്രഭാഷണം, പാരായണം, കഥാകഥനം എന്നിവയാണ് പരിപാടികള്‍. പള്ളിയറക്കാവ് ഭഗവതിക്ഷേത്രത്തില്‍ കര്‍ക്കിടകമാസ നാളുകളില്‍ പ്രത്യേക പൂജകളും ഗണപതിഹവനവും നടക്കും. കൊച്ചി തിരുമല ക്ഷേത്രത്തില്‍ ജിഎസ്ബി മഹാസഭയുടെ നേതൃത്വത്തില്‍ രാമായണമാസാചരണം നടക്കും. ആധ്യാത്മിക പാരായണം, പ്രഭാഷണം എന്നിവ നടക്കും. അമരാവതി ജനാര്‍ദ്ദന ക്ഷേത്രം കീഴേടമായ ഹനൂമാന് ക്ഷേത്രത്തില്‍ രാമായണപാരായണം, ഭജന, പ്രത്യേക പൂജ, പ്രഭാഷണം എന്നിവയോടെ നടക്കും. പാണ്ടിക്കുടി മാരിയമ്മന്‍ ക്ഷേത്രം, ചക്കനാട് മഹേശ്വരി ക്ഷേത്രം, ആര്യക്കാട് ശ്രീരാമക്ഷേത്രം എന്നിവിടങ്ങളില്‍ രാമായാണമാസാചരണം പ്രത്യേക പരിപാടികളോടെ നടക്കും.
പറവൂര്‍: ചരിത്രപ്രസിദ്ധവും നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്നതുമായ പുളിയാമ്പുള്ളി നമ്പൂരിയച്ചന്‍ ആല്ദേവസ്ഥാനത്ത് രാമായണമാസാചരണത്തിന് തുടക്കമായി. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തി. പ്രമുഖ ജ്യോതിഷപണ്ഡിതനായ കുന്നത്തൂരില്ലത്ത് വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ഹോമം നടന്നത്. നഗരസഭാ ചെയര്‍പേഴ്സണ്‍ വത്ലസ പ്രസന്നകുമാര്‍ ഉള്‍പ്പെടെ ഒട്ടേറെ ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് വിശേഷാല്‍ ദീപാരാധനയും ദീപക്കാഴ്ചയും നടന്നു.
തൃപ്പൂണിത്തുറ: കര്‍ക്കിടകമാസം പിറന്നതോടെ തൃപ്പൂണിത്തുറയിലും ചോറ്റാനിക്കരയിലും പരിസര ക്ഷേത്രങ്ങളിലും രാമായണമാസാചരണം ആരംഭിച്ചു.
തൃപ്പൂണിത്തുറ തെക്കുംഭാഗം തറമേക്കാവ് ക്ഷേത്രം, പുതിയകാവ് ഭഗവതിക്ഷേത്രം, ഉദയംപേരൂര്‍ മാന്താറ്റ് മഹാവിഷ്ണുക്ഷേത്രം, കടവില്‍ തൃക്കോവില്‍ ക്ഷേത്രം, നടക്കാവ് ഭഗവതിക്ഷേത്രം, ഏകാദശി പെരുംതൃക്കോവില്‍ ക്ഷേത്രം എന്നിവിടങ്ങളിലും വൈവിധ്യമാര്‍ന്ന ക്ഷേത്രാചാരങ്ങളോടെ കര്ക്കടകമാസാചരണത്തിന് തുടക്കമായി. ചക്കംകുളങ്ങര നവഗ്രഹക്ഷേത്രം, തേവരക്കാവ് ക്ഷേത്രം, എരൂര്‍ പോട്ടയില്‍ ക്ഷേത്രം, പിഷാരിക്കോവില്‍ ക്ഷേത്രം, മരട് കൊട്ടാരം ക്ഷേത്രം, അയിനി ക്ഷേത്രം, എരൂര്‍ മാരംകുളങ്ങരക്ഷേത്രം, ഇരുമ്പനം മകളിയം ക്ഷേത്രം, തൃക്കത്ര ക്ഷേത്രം, തിരുവാങ്കുളം മഹാദേവക്ഷേത്രം, തെക്കുംഭാഗം പാവംകുളങ്ങര ക്ഷേത്രം എന്നിവിടങ്ങളില്‍ രാമായണപാരായണം, പുരാണപ്രഭാഷണങ്ങള്, ആധ്യാത്മികപരിപാടികള്‍, വിശേഷാല്‍പൂജകള്‍ എന്നിവയും ആരംഭിച്ചു.
കണയന്നൂര്‍ മഹാദേവക്ഷേത്രം, മാമല മുരിയമംഗലംക്ഷേത്രം, തെക്കന്‍ പറവൂര്‍ മഹാദേവക്ഷേത്രം, തൃപ്പൂണിത്തുറ താമരംകുളങ്ങര ക്ഷേത്രം എന്നിവിടങ്ങളില്‍ ഗണപതിഹോമം, ഭഗവതിസേവ, പുരാണപാരായണം, പ്രഭാഷണങ്ങള്‍, സപ്താഹയജ്ഞങ്ങള്‍ എന്നിവക്ക് ബുധനാഴ്ച തുടക്കമായി. രാവിലെയും വൈകിട്ടും ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനും ഭക്തജനത്തിരക്കേറിയിട്ടുണ്ട്.
ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന കര്‍ക്കടക മാസാചരണപരിപാടികളില് കര്‍ക്കടകവാവ് ബലിയും ഉള്‍പ്പെടുന്നു.
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സപ്താഹാചാര്യന്‍ ഇളമന ഹരി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഓരോ ദിവസങ്ങളിലായി കര്‍ക്കിടകം 31 വരെ രാമായണപാരായണം, ഭജന, പ്രഭാഷണങ്ങള്‍, സംഗീതകച്ചേരികള്‍, അഷ്ടപദി, പഞ്ചരത്ന കീര്‍ത്തനം, പുല്ലാങ്കുഴല്‍ കച്ചേരി, എളങ്കുന്നപ്പുഴ ദാമോദരശര്മ്മയുടെ സപ്താഹയജ്ഞം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. ചോറ്റാനിക്കര ക്ഷേത്രത്തിലെ രാമായണമാസാചരണ പരിപാടികള്‍ ചൊവ്വാഴ്ച സന്ധ്യക്ക് കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്കരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചോറ്റാനിക്കര കള്‍ച്ചറല്‍ റേഡിയോ ക്ലബിന്റെ ആഭിമുഖ്യത്തില്‍ രാമായണം കാവ്യകേളി, പെരുമ്പിള്ളി കേശവന്‍നമ്പൂതിരിയുടെ ഭാഗവതസപ്താഹ മാഹാത്മ്യ പ്രഭാഷണം എന്നിവയും നടന്നു. തുടര്‍ന്ന് ഓരോ ദിവസങ്ങളിലുമായി കര്‍ക്കിടകം 31 വരെ രാമായണപരായണം, പ്രഭാഷണങ്ങള്‍, നൃത്തപരിപാടികള്‍, അയ്യപ്പഭാഗവതം, സംഗീതകച്ചേരികള്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. എല്ലാ ദിവസവും ഭക്തര്‍ക്ക് പ്രസാദ ഊട്ട് നല്‍കും. ചക്കംകുളങ്ങര ക്ഷേത്രം, കണയന്നൂര്‍ ശ്രീമഹാദേവക്ഷേത്രം, മുരിയമംഗലം നരസിംഹസ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും വിപുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: