ഇസ്ലാമാബാദ്: താലിബാന് ഭീകരതക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ച് വീണ്ടും ലോകശ്രദ്ധ നേടിയ മലാല യൂസഫ് സായിക്ക് പാക്കിസ്ഥാനിലേക്ക് ക്ഷണം. സ്വാത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസ അവകാശം നിഷേധിക്കുന്നത് ലോകത്തെ അറിയിച്ചതിന്റെ പേരില്‍ മലാലയെ വധിക്കാന്‍ ശ്രമം നടത്തിയ താലിബാന് തന്നെയാണ് ഈ പെണ്‍കുട്ടിയെ പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുന്നത്. പാക്കിസ്ഥാനില്‍ തിരികെ വന്ന് മദ്രസയില്‍ ചേരണമെന്നാണ് താലിബാന്റെ ആവശ്യം.
പാകിസ്ഥാന് മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചകേസിലെ പ്രതിയായ അഡ്നാന് റഷീദ് എന്ന താലിബാന് ഭീകരനാണ് മലാല തിരിക വരണമെന്നും ജന്മനാട്ടില് പെണ്‍കുട്ടികള്‍ക്കായുള്ള മദ്രസയില്‍ ചേരണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നത്.അള്ളാഹുവിന്റെ പുസ്തകമായ ഖുറാന് പഠിച്ച് സ്വന്തം പേന മുസ്ലിങ്ങള്‍ക്കായുള്ള പോരാട്ടത്തിനായി ഉപയോഗിക്കണമെന്നും റഷീദ് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ലോകജനതയെ അടിമകളാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഗൂഢാലോചന വെളിപ്പെടുത്താന്‍ സ്വന്തം പേന ഉപയോഗിക്കണമെന്നും റഷീദ് മലാലയോട് അഭ്യര്‍ത്ഥിക്കുന്നു. രണ്ടായിരത്തിലധികം വാക്കുകളുള്ള കത്ത് ഈ മാസം 15നാണ് എഴുതിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് ലഭിച്ച കത്ത് പക്ഷേ എവിടെനിന്നാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് വ്യക്തമല്ല.
താലിബാന്വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായതിനാലാണ് മലാലക്കെതിരെ ആക്രമണം നടന്നതെന്ന് റഷീദ് കത്തില്‍ ന്യായീകരിക്കുന്നുണ്ട്. സ്കൂളില്പോയതുകൊണ്ടോ വിദ്യാഭ്യാസത്തെ സ്നേഹിച്ചതുകൊണ്ടോ അല്ല താലിബാന് ആക്രമിച്ചത്.
ആണ്‍കുട്ടിക്കോ പെണ്കുട്ടിക്കോ വിദ്യാഭ്യാസം നല്കുന്നതില് താലിബാനോ മുജാഹിദിനോ ഒരിക്കലും എതിരല്ലെന്ന കാര്യംഓര്മ്മിക്കുക. തങ്ങളെ കളങ്കപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മലാല മന:പൂര്‍വ്വം എഴുതുകയായിരുന്നെന്ന് ധാരണയാണ് താലിബാനെ പ്രകോപിപ്പിച്ചതെന്നും റഷീദ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഐക്യരാഷ്ട്രസഭയിലെ മലാലയുടെ തീപ്പൊരി പ്രസംഗം പരാമര്‍ശിച്ച് മലാല ഇപ്പോള്‍ ശത്രുക്കളുടെ കയ്യിലാണെന്നും റഷീദ് ഓര്‍മ്മിപ്പിക്കുന്നു. പേനക്ക് ആയുധത്തെക്കാള്‍ ശക്തിയുണ്ടെന്ന് പറഞ്ഞ മലാല ആയുധമേല്പ്പിക്കുന്ന മുറിവിനെക്കാള്‍ വലുതാണ് നാവ് സൃഷ്ടിക്കുന്ന മുറിവെന്ന കാര്യം മറന്നുപോയാതായും റഷീദ് വിമര്‍ശിക്കുന്നു. ഏത് ആയുധത്തെക്കാളും വിനാശകാരി നാവാണെന്നും നാവ് മൂലമുണ്ടാകുന്ന മുറിവ് ഒരിക്കലും ഉണങ്ങില്ലെന്നും കത്തില്‍ പറയുന്നു.
മുന്വ്യോമസേനാംഗമായ റഷീദ് 2003 ല്‍ പര്‍വേസ് മുഷറഫിനെതിരെ നടന്ന ആക്രമണത്തില്‍ പോലീസ് തേടുന്ന പ്രതിയാണ്.
സൈനിക കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്. വടക്ക്പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ റഷീദിനെയും 384 തടവുകാരെയും താലിബാന്‍സംഘം ജയില്‍ ആക്രമിച്ച് മോചിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: