മോസ്കോ: അമേരിക്ക ചാരക്കുറ്റം ചുമത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന് ദിവസങ്ങള്‍ക്കകം മോസ്ക്കോ വിമാനത്താവളം വിട്ടേക്കും.
സ്നോഡന്റെ അഭിഭാഷകനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമപരമായചില രേഖകള്‍കൂടി തയ്യാറാകാനുണ്ടെന്നും സ്നോഡനെ സംബന്ധിച്ച പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടുമെന്നും സ്നോഡന്റെ റഷ്യന്‍ അഭിഭാഷകനായ അനട്ടലി കുച്ചേരന പറഞ്ഞു. രാഷ്ട്രീയ അഭയം തേടിയുള്ള അദ്ദേഹത്തിന്റെ അപേക്ഷയില്‍ റഷ്യക്ക് അതിന് ശേഷം തീരുമാനമെടുക്കാമെന്നും കുച്ചേരന കൂട്ടിച്ചേര്‍ത്തു.
മോസ്ക്കോയിലെ ഷെര്മിത്തിയാവോ വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് ഏരിയയില്കഴിയുന്ന സ്നോഡന് കഴിഞ്ഞ ദിവസം ഔദ്യോഗികമായി റഷ്യയോട് അഭയം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മറ്റ് രാജ്യങ്ങളുടെ രഹസ്യവിവരങ്ങള്‍ അമേരിക്ക ചേര്‍ത്തുന്നു എന്ന വിവാദവെളിപ്പെടുത്തല്‍ നടത്തി അമേരിക്കയുടെ കണ്ണിലെ കരടായിത്തീര്ന്ന സ്നോഡനെ സമാധാനത്തിനുള്ള നേബേല്‍ പുരസ്ക്കാരത്തിന് പരിഗണിക്കണമെന്ന ആവശ്യവുമുയര്‍ന്നു.
സ്വീഡനില്‍ നിന്നുള്ള സ്റ്റെഫാന്‍ സ്വാല്ഫോര്ട്സ് എന്ന പ്രൊഫസറാണ് സ്നോഡന് നേബേല്‍ പുരസ്ക്കാരത്തിന് അര്‍ഹനാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഓരോ വ്യക്തിക്കും മൗലകിമായ അവകാശങ്ങളുണ്ടെന്ന് തെളിയിക്കുകയാണ് സ്നോഡന് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റെഫാന്റെ വാദം. സ്നോഡന് പുരസ്കാരം നല്‍കുക വഴി 2009ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമക്ക് സമാധാനത്തിനുള്ള നേബേല്പുരസ്കാരം നല്‍കിയതിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസം മാറികിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: