പുനലൂര്‍: ഗതാഗതക്കുരുക്കില്‍ പുനലൂര്‍ പട്ടണം നട്ടം തിരിയുന്നു. പത്തനാപുരം താലൂക്ക് ആസ്ഥാനമായ പുനലൂരില്‍ മാത്രം സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണവും താറുമാറായിരിക്കുന്നു. ഇതുമൂലം നഗരത്തിലെ ഗതാഗതക്കുരുക്കും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പുനലൂര്‍ നഗരത്തില്‍ പുതുതായി ട്രാഫിക് പരിഷ്കരണം ഏര്‍പ്പെടുത്തിയത്. താലൂക്ക് ആശുപത്രിക്ക് മുന്നിലൂടെയുള്ള കച്ചേരി റോഡിലൂടെ ചെറിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും വലിയ വാഹനങ്ങള്‍ നിലവിലുള്ള റോഡിലൂടെതന്നെ അയയ്ക്കുകയുമാണ് ചെയ്യുന്നത്.ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുമുണ്ട്. നഗരത്തില്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ ഗതാഗതക്കുരുക്ക് ദൃശ്യമായിരുന്നു.
താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ ഇന്നലെ ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടിമാത്രം രണ്ട് പോലീസുകാരെയാണ് പ്രത്യേകമായി നിയമിച്ചിരിക്കുന്നത്. താലൂക്ക് ആശുപത്രി ബസ് സ്റ്റോപ്പ് നിലവിലുണ്ടായിരുന്ന ഭാഗത്തുനിന്നും അല്‍പ്പം കൂടി മുന്നോട്ടു മാറ്റിയതോടെ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതുകൂടാതെ ബസ് കാത്ത് നില്‍ക്കുന്നവരെക്കൂടി പുതിയ സ്റ്റോപ്പിലേക്ക് പറഞ്ഞയക്കേണ്ട ഗതികേടും ഡ്യൂട്ടിയ്ക്ക് നില്ക്കുന്ന പോലീസുകാരെയും വലയ്ക്കുന്നു.
ഇതുകൂടാതെ പുതിയ ബസ്സ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്ന ഭാഗത്ത് റോഡിന് വീതി കുറവായതിനാല്‍ ട്രാഫിക് ബ്ലോക്കും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ട്രാഫിക് പരിഷ്കരണത്തിന്റെ പേരില്‍ കുറച്ച് പോലീസുകാര്‍ക്ക് തലവേദനയുണ്ടാക്കുന്ന പണികൊടുത്തതല്ലാതെ പറയത്തക്ക യാതൊരു പുരോഗതിയും പുതിയ പരിഷ്കരണത്തിലൂടെ ഉണ്ടായിട്ടില്ല. മാത്രമല്ല പുതിയ പരിഷ്കരണത്തിലൂടെ അഞ്ചല്‍ റോഡിലേക്ക് പോകേണ്ട ചെറിയ വാഹനക്കാര്‍ക്ക് കച്ചേരി റോഡ് വഴി കടന്നുപോകുന്നതിലൂടെ കോടതിയും,മുനിസിപ്പല്‍ ഓഫീസും,താലൂക്കാശുപത്രിയുമൊക്കെ കണ്‍കുളിര്‍ക്കെ കണ്ടിട്ട് പോകാമെന്നല്ലാതെ അരക്കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കുന്നതുകൊണ്ട് ഇവര്‍ക്കും പറയത്തക്ക നേട്ടമൊന്നുമില്ല.
നിരവധി തവണ ഗതാഗത പരിഷ്കരണം നടത്തിയിട്ടുണ്ടെങ്കിലും യാതൊരു ഫലവുമുണ്ടാകാത്ത നഗരമായി മാറിയിരിക്കുകയാണ് പുനലൂര്‍. ഇതിനെതുടര്‍ന്നാണ് പുതിയ ട്രാഫിക് നടപടികള്‍ സ്വീകരിച്ചത്. വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും അറുതിവരുത്താന്‍ വരും ദിവസങ്ങളില്‍ പുതിയ പരിഷ്കരണങ്ങള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനങ്ങളും അധികൃതര്‍ നല്‍കുന്നുണ്ട്. വീതികുറഞ്ഞ കച്ചേരി റോഡിലൂടെ ചെറിയ വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ ഇവിടെയും ഗതാഗത സ്തംഭനമുണ്ടാകുന്നുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു.
ഗതാഗത സ്തംഭനത്തില്‍ വീര്‍പ്പ് മുട്ടുന്ന പുനലൂരിന് പുതിയ ഗതാഗത പരിഷ്കരണം വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഫലപ്രദമായ മാര്‍ക്ഷങ്ങള്‍ അവലംബിച്ചതിനുശേഷം ഗതാഗത പരിഷ്ക്കരണം നടപ്പാക്കിയാല്‍ മാത്രമേ ഇത് കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയുകയുള്ളൂ.
വര്‍ഷങ്ങളായി നഗരത്തില്‍ ഗതാഗതസ്തംഭനം തുടരുമ്പോള്‍ ശാസ്ത്രീയമായ രീതിയില്‍ ഗതാഗത പരിഷ്കരണം നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ഇതേറെ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഗതാഗത തടസങ്ങള്‍ മൂലം അപകടങ്ങളും നഗരത്തില്‍ കൂടുതലാണ്. ദിവസേന നഗരത്തില്‍ നാലും അഞ്ചും വാഹനാപകടങ്ങള്‍ വരെ ഉണ്ടാകാറുണ്ട്.
രാവിലെയും വൈകുന്നേരങ്ങളിലും പോസ്റ്റ് ആഫീസ് ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിക്കണം. ഗതാഗത പരിഷ്കരണം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: