ഗയാന: പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിന് വിജയം. 37 റണ്‍സിനാണ് വിന്‍ഡീസ് പാക്കിസ്ഥാനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 47.5 ഓവറില്‍ 195 റണ്‍സിന് ഓള് ഔട്ടായി. 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സുനില്‍ നരേയ്നാണ് വിന്‍ഡീസിന് മികച്ച വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് നിരയില്‍ 54 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയാണ് ടോപ് സ്കോറര്‍. ബ്രാവോക്ക് പുറമെ ഡ്വെയ്ന്‍ ബ്രാവോ (43 നോട്ടൗട്ട്), കീറണ്‍ പൊള്ളാര്‍ഡ് (30), ചാള്‍സ് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്ക് നിരയില്‍ 54 റണ്‍സെടുത്ത നസീര്‍ ജംഷാദും 50 റണ്‍സെടുത്ത ഉമര്‍ അക്മലും മാത്രമാണ് തിളങ്ങിയത്. ആദ്യ മത്സരത്തിലെ ഹീറോ ഷാഹിദ് അഫ്രീദി അഞ്ച് റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ടോസ് നേടിയ പാക്കിസ്ഥാന് വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു. സ്കോര്‍ ബോര്‍ഡില്‍ വെറും രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ അപകടകാരിയായ ഗെയിലിനെ പുറത്താക്കി മുഹമ്മദ് ഇര്ഫാന് പാക്കിസ്ഥാന് ഉജ്ജ്വല തുടക്കം സമ്മാനിച്ചു. ഒരു റണ്‍സെടുത്ത ഗെയിലിനെ ഇര്‍ഫാന്റെ പന്തില്‍ ഉമര്‍ അക്മല്‍ പിടികൂടുകയായിരുന്നു. പിന്നീട് ചാള്‍സും ഡാരന്‍ ബ്രാവോയും ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചെത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 18.2 ഓവറില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 31 റണ്‍സെടുത്ത ചാള്‍സിനെ അഫ്രീദിയുടെ പന്തില്‍ ഉമര്‍ അക്മല്‍ സ്റ്റാമ്പ് ചെയ്ത് പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. സ്കോര്‍ 123-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ച്വറി തികച്ച് മുന്നേറുകയായിരുന്ന ഡാരന്‍ ബ്രാവോയും മടങ്ങി. 81 പന്തുകളില്‍ നിന്ന് 6 ബൗണ്ടറിയോടെ 54 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയെ സയീദ് അജ്മല്‍ ബൗള്‍ഡാക്കി. പിന്നീട് 27 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമായി. സ്കോര്‍ 137-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത സമുവല്സിനെയും അജ്മല്‍ ബൗള്‍ഡാക്കി. സ്കോര്‍ 150-ല്‍ നില്‍ക്കേ 10 റണ്‍സെടുത്ത സിമണ്‍സിനെ അഫ്രീദിയുടെ പന്തില്‍ ഉമര്‍ അക്മല്‍ പിടികൂടി. തുടര്‍ന്ന് ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോയും പൊള്ളാര്‍ഡും ചേര്‍ന്നാണ് വിന്‍ഡീസിനെ കരകയറ്റിയത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 27 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സറുമടക്കം 30 റണ്‍സെടുത്ത പൊള്ളാര്‍ഡിനെ അസദ് അലി ബൗള്‍ഡാക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അവസാന ഓവറിലെ രണ്ടും മൂന്നും പന്തുകളില്‍ സമിയും റോച്ചും റണ്ണൗട്ടായതോടെ വിന്‍ഡീസ് ഇന്നിംഗ്സ് 232 റണ്‍സിലൊതുങ്ങി. പാക്കിസ്ഥാന് വേണ്ടി അഫ്രീദിയും സയീദ് അജ്മലും രണ്ട് വിക്കറുകള്‍ വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് ഓപ്പണര്‍മാരായ നസിര്‍ ജംഷാദും അഹമ്മദ് ഷെഹ്സാദും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19 റണ്‍സെടുത്ത ഷെഹ്സാദിനെ റോച്ച് ചാള്‍സിന്റെ കൈകളിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ മുഹമ്മദ് ഹഫീസ് (20) സ്കോര്‍ 64-ല്‍ നില്‍ക്കേ നരേയ്ന്റെ പന്തില്‍ സിമണ്‍സിന് ക്യാച്ച് നല്കി മടങ്ങി. തുടര്‍ന്ന് മിസ്ബയും നസിര്‍ ജംഷാദും ചേര്‍ന്ന് പാക് സ്കോര്‍ 100 കടത്തി. എന്നാല്‍ സ്കോര്‍ 103-ല്‍ നില്‍ക്കേ 17 റണ്‍സെടുത്ത മിസ്ബയെ സമി ബൗള്‍ഡാക്കി. സ്കോര്‍ 122-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത അസദ് ഷഫീഖിനെ സാമുവല്‍സിന്റെ പന്തില്‍ ഹോള്‍ഡറും സ്കോര്‍ 137-ല്‍ നില്‍ക്കേ 54 റണ്‍സെടുത്ത നസിര്‍ ജംഷാദിനെ പൊള്ളാര്‍ഡിന്റെ പന്തില്‍ റോച്ചും പിടികൂടിയതോടെ പാക്കിസ്ഥാന് അഞ്ചിന് 137 എന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്നെത്തിയ അഫ്രീദിക്കും ഏറെ ആയുസ്സുണ്ടായില്ല. ആദ്യ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ടീമിനെ നയിച്ച അഫ്രീദിയെ പക്ഷേ, ഇന്നലെ അഞ്ച് റണ്‍സെടുത്ത നരേയ്ന്റെ പന്തില്‍ ചാള്‍സ് സറ്റമ്പ് ചെയ്ത് പുറത്താക്കി. പിന്നീട് ഉമര്‍ അക്മലിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു കണ്ടത്. എന്നാല്‍ മറ്റുള്ള സഹതാരങ്ങള്‍ക്കൊന്നും മികച്ച പിന്തുണ നല്കാന് കഴിയാതിരുന്നതോടെ പാക്കിസ്ഥാന്റെ പരാജയം സുനിശ്ചിതമായി. വഹാബ് റിയാസിനെ (3) നരേയ്ന് ബൗള്‍ഡാക്കിയപ്പോള്‍ ഒരു റണ്‍സെടുത്ത സയീദ് അജ്മലിനെ നരേയ്ന് സമിയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 195-ല്‍ നില്‍ക്കേ ഒമ്പതാമനായി 50 റണ്‍സെടുത്ത അക്മലും മടങ്ങി. ബ്രാവോയുടെ പന്തില്‍ സാമുവല്‍സിന് ക്യാച്ച് നല്‍കിയാണ് ഉമര്‍ അക്മല്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ രണ്ട് റണ്‍സെടുത്ത അസദ് അലിയെയും ബ്രാവോ മടക്കിയതോടെ പാക്കിസ്ഥാന് ഇന്നിംഗ്സിന് തിരശ്ശീല വീണു. നാല് വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരേയ്ന് പുറമെ ഡ്വെയ്ന്‍ ബ്രാവോ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: