തിരുവനന്തപുരം: ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള പ്രധാനക്ഷേത്രങ്ങളില്‍ മതപാഠശാല തുടങ്ങുമെന്ന് ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍. ശരിയായ രീതിയിലുള്ള മതപഠനം സമൂഹത്തെ നന്മയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ രാമായണമാസാചരണ പരിപാടികള്‍ തിരുവനന്തപുരത്ത് ഹനുമാന്ക്ഷേത്രസന്നിധിയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ രാമായണ സന്ദേശം ഉപകരിക്കും. പഴക്കമുള്ള ഈ സന്ദേശം പുതുതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കണം. ആദ്ധ്യാത്മിക ചിന്തകളുള്ള, ഈശ്വരവിശ്വാസമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കണമെന്നും മന്ത്രി പറഞ്ഞു. ശബരിമല മേല്‍ശാന്തിമാര്‍ക്ക് അവരുടെ സേവന കാലാവധി കഴിഞ്ഞാല്‍ സ്പെഷ്യല്‍ കാറ്റഗറി നല്‍കണമെന്നും അമ്പലത്തിലെ പൂജാരിമാര്‍ക്ക് പ്രത്യേക ഗ്രേഡ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രായോഗിക ജീവിതത്തെപ്പറ്റി പഠിപ്പിക്കുന്ന പുസ്തകങ്ങളാണ് ഹൈന്ദവ ഗ്രന്ഥങ്ങളെന്നും ശ്രീരാമന്റെ ത്യാഗപൂര്‍ണ്ണവും മാതൃകാപരവുമായ ജീവിതത്തെപ്പറ്റിയും മനുഷ്യധര്മ്മത്തെപ്പറ്റിയും മാനുഷിക ബന്ധങ്ങളെപ്പറ്റിയും മഹത്ഗ്രന്ഥങ്ങള്‍ മനസ്സിലാക്കിത്തരുന്നുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍നായര്‍ പറഞ്ഞു. രാമായണം പോലുള്ള മഹത് ഗ്രന്ഥങ്ങളുടെ അന്തഃസത്തയിലൂടെയാണ് ലോകം നമ്മളെ അറിയിക്കുന്നതെന്നും അതിനാല്‍ ഈകാവ്യങ്ങളുടെ പൊരുള്‍ കുട്ടികളെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബോര്‍ഡ്മെമ്പര്‍ പി.കെ.കുമാരന്, ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍, ഡോ.വി.ആര്.പ്രബോധചന്ദ്രന്‍നായര്‍, കരുപ്പൂര് ജി.വി.നായര്‍, ഡോ.ആര്.മധുദേവന്നായര്, ബോര്‍ഡ് സെക്രട്ടറി പി.ആര്.ബാലചന്ദ്രന്‍നായര്‍, അസിസ്റ്റന്റ് കള്‍ച്ചറല്‍ ഡയറക്ടര്‍ ആര്.ഷാജി ശര്‍മ്മ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കള്‍ച്ചറല്‍ ഡയറക്ടര്‍ കെ.ചന്ദ്രിക നന്ദിയും പറഞ്ഞു.
ദേവസ്വംബോര്‍ഡ് പുറത്തിറക്കിയ പുതിയ പഞ്ചാംഗം ബോര്‍ഡ് പ്രസിഡന്റ് കോപ്പി ദേവസ്വം മന്ത്രിക്ക് പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: