ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഇന്ന് നടക്കും. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരയില്‍ വിജയത്തോടെ തുടക്കമിടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങുന്നത്. മറുവശത്ത് നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനുള്ള തയ്യാറെടുപ്പുമായാണ് ഓസ്ട്രേലിയ ഇന്ന് തുടങ്ങുന്ന രണ്ടാം ഇംഗ്ലീഷ് പരീക്ഷക്ക് തയ്യാറെടുക്കുന്നത്. ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്സിലാണ് മത്സരം.
ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ ഇരു ടീമുകളിലെയും വാലറ്റക്കാരാണ് പോരാട്ടം ആവേശകരമാക്കിയത്. ഓസ്ട്രേലിയന്‍ നിരയില്‍ അരങ്ങേറ്റക്കാരന്‍ ആഷ്ടണ്‍ അഗറാണ് താരമായത്. അപ്രതീക്ഷിതമായി ടീമിലെത്തിയ അഗര്‍ ആദ്യ ഇന്നിംഗ്സില്‍ ഫില്‍ ഹ്യൂസിനൊപ്പം ചേര്‍ന്ന് റെക്കോര്‍ഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് മത്സരത്തെ ഏറെ ആവേശകരമാക്കി. 98 റണ്‍സ് നേടിയാണ് അഗര്‍ ആദ്യ ഇന്നിംഗ്സില്‍ പുറത്തായത്. ഇതോടെ പതിനൊന്നാമനായി ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയും അഗറിന് സ്വന്തമായി. വാലറ്റക്കാര്‍ പ്രകടിപ്പിച്ച ഈ പോരാട്ടവീര്യം രണ്ടാം ടെസ്റ്റില്‍ തങ്ങള്‍ക്ക് മുതല്ക്കുട്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഓസീസ് നായകന് മൈക്കല്‍ ക്ലാര്‍ക്ക്. മുന്‍നിര ബാറ്റ്സ്മാന്മാര്കൂടി ഫോം കണ്ടെത്തിയാല്‍ ലോര്‍ഡ്സില്‍ വിജയം സ്വന്തമാക്കി പരമ്പരയില്‍ ഒപ്പമെത്ത വിശ്വാസത്തിലാണ് ക്ലാര്‍ക്കും സംഘവും.
ആദ്യ ഇന്നിംഗ്സില്‍ അമ്പേ പരാജയപ്പെട്ട ഓസീസ് ഓപ്പണര്‍മാരായ വാട്സണും റോജേഴ്സും രണ്ടാം ഇന്നിംഗ്സില്‍ മികച്ച പ്രകടനം പുറത്തെടുത്തതും ക്ലാര്‍ക്കിന് പ്രതീക്ഷ പകരുന്നുണ്ട്. കോവനും ക്ലാര്‍ക്കും സ്മിത്തും ഉള്‍പ്പെട്ട മധ്യനിരകൂടി ഫോമിലേക്കുയര്‍ന്നാല്‍ ഓസീസ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന് ഏറെ പണിപ്പെടേണ്ടിവരുമെന്ന് ഉറപ്പാണ്. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. പീറ്റര്‍ സിഡിലും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റിന്‍സണും രണ്ടാം ടെസ്റ്റിലും ഫോമിലേക്കുയര്‍ന്നാല്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ വിജയമെന്ന സ്വപ്നം സഫലമാവും.
എങ്കിലും ഓസ്ട്രേലിയന്‍ ടീമിന്റെ കാര്യം അത്ര ശുഭകരമല്ല. ഉപനായകന്‍ വാട്സനെ ടീമിന്റെ ക്യാന്‍സറെന്ന് വിശേഷിപ്പിക്കുന്ന ക്യാപ്റ്റന്‍ ക്ലാര്‍ക്കിന്റെ റിപ്പേര്‍ട്ട് കഴിഞ്ഞ ദിവസം ചോര്‍ന്നിരുന്നു. ഇതിലൂടെ ഓസ്ട്രേലിയന്‍ ടീമിലെ പടല പിണക്കമാണ് പുറത്തായത്. എങ്കിലും ടീമിനെ ഇതൊന്നും ബാധിക്കില്ലെന്നാണ് ക്യാപ്റ്റന്റെ പ്രതീക്ഷ. ടീം ഒറ്റകെട്ടാണെന്നും ക്ലാര്‍ക്ക് അവകാശപ്പെടുന്നു.
അതേസമയം ആദ്യ ടെസ്റ്റില്‍ വിജയിച്ച അതേ ടീമിനെ തന്നെയാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലും ഇറക്കുക. ട്രോട്ടും റൂട്ടും ബെല്ലും പീറ്റേഴ്സണും പ്രയറിനുമൊപ്പം ക്യാപ്റ്റന്‍ കൂടി തിളങ്ങിയാല്‍ ലോര്‍ഡ്സില്‍ ഇംഗ്ലീഷ് വിജയം സ്വപ്നം കാണുന്നവരും കുറവല്ല. പരമ്പരയില്‍ 2-0 എന്ന അപരാജിത ലീഡും കുക്കിനെയും സംഘത്തെയും മോഹിപ്പിക്കുന്ന വസ്തുതയാണ്. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റ് സ്വന്തമാക്കിയ പേസ് ബൗളര്‍ ജെയിംസ് ആന്ഡേഴ്സണ് നല്കുന്ന ബൗളിംഗ് നിര ഉജ്ജ്വല ഫോമിലാണെന്നതും കുക്കിന്റെ ആത്മവിശ്വാസം ഉയര്‍ന്നു. ആദ്യ ടെസ്റ്റില്‍ ആന്‍ഡേഴ്സനായിരുന്നു മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: