കോട്ടയം: സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥക്കനുസരിച്ച് കരുക്കള്‍നീക്കി കളം പിടിയ്ക്കുന്നതില്‍ വിജയം നേടിയിട്ടുള്ള നേതാവാണ് കെ. എം. മാണി.മുഖ്യമന്ത്രിയാവാന്‍ കരുക്കള്‍ നീക്കിയിട്ടില്ലെന്ന് ഇതിനകം കെ. എം. മാണി തന്നെ വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു. എന്നിട്ടും മാണിയെ മുന്‍നിര്‍ത്തി സംസ്ഥാന രാഷ്ട്രീയം സടകുഞ്ഞെണീറ്റിരിക്കുന്നു.
പതിവുപോലെ വിലപേശലിന്റെ ഒരു പുതിയ തന്ത്രമാണ് ‘അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തത്തി’ന്റെ ഉപജ്ഞാതാവില് നിന്നും ഉടലെടുക്കുന്നതെന്ന് ഉറപ്പാണ്. മാണിയുടെ മകനും കോട്ടയം ലോകസഭാ മണ്ഡലത്തിലെ എം.പിയുമായ ജോസ് കെ. മാണിയുടെ മന്ത്രിസ്ഥാനമാണ് ഇപ്പോഴത്തെയും പ്രശ്നമെന്നത് കേരളാ കോണ്‍ഗ്രസ്സിനുള്ളിലെ പ്രമുഖര്‍ രഹസ്യമായി സമ്മതിക്കുന്നു. കേന്ദ്രത്തിലെ യുപിഎ സക്കാരില്‍ ഘടകകക്ഷിയായി കേരളാ കോണ്‍ഗ്രസ് എത്തിയതിനു ശേഷം മന്ത്രിസഭാ പുന:സംഘടനകള്‍ പലതവണ കഴിഞ്ഞു. ഓരോ തവണയും മാണിക്ക് കോണ്‍ഗ്രസ്സ് നേതൃത്വം മന്ത്രിപദം ഉറപ്പുകൊടുക്കും. പക്ഷേ സമയമാകുമ്പോള്‍ ഒഴിവാക്കപ്പെടും. ആദ്യമൊക്കെ ഒരു എം.പി. മാത്രമാണുള്ളതെന്ന കാരണം പറഞ്ഞാണ് ഒഴിവാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇരുസഭകളിലുമായി രണ്ടു പേരുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തിടെ നടന്ന കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയിലും ഒരു മന്ത്രിപദം പ്രതീക്ഷിച്ചു. എന്നാല്‍ അവിടെയും തഴയപ്പെട്ടു. ഇത് മാണിയെ ചെറുതായല്ല അസ്വസ്ഥനാക്കിയത്. കേന്ദ്ര മന്ത്രിസഭയുടെ ആരംഭം മുതല്‍ മുസ്ലിംലീഗിന് ലഭിച്ച പരിഗണന കേരളാകോണ്‍ഗ്രസിന് ഒരിക്കല്‍ പോലും ലഭിക്കാതെ പോയത് പാര്‍ട്ടി നേതൃനിരയേയും ചൊടിപ്പിക്കുകയുണ്ടായി. മധ്യകേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാണ് ജോസ് കെ. മാണിയുടെ മന്ത്രിപദത്തിന് വിലങ്ങു തടിയെന്ന തിരിച്ചറിഞ്ഞതോടെ കേരളാ കോണ്‍ഗ്രസ്സ് പ്രസിദ്ധീകരണമായ ‘പ്രതിഛായ’യിലൂടെയാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന ഭരണത്തിനും, കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ ഒരേസമയം പ്രതിഷേധം ഉയര്‍ത്തിയാണ് അമര്‍ഷത്തിന് തുടക്കമിട്ടത്. ഇത് ചാനലുകള്‍ വഴി ചര്ച്ചയാക്കിക്കുകയും ചെയ്തു. എന്നാല്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
ഇതിനിടെയാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സോളാര്‍ വിഷയം കത്തിക്കയറിയത്. പ്രതിപക്ഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി മുറവിളി കൂട്ടുന്നതിനിടയില്‍ കോണ്‍ഗ്രസിന്റ വഞ്ചനയ്ക്കെതിരെ പ്രതികരിക്കുന്നതിന് അവസരം കാത്തിരുന്ന മാണി ഈ സന്ദര്‍ഭം മുതലാക്കാനുള്ള അമ്പ് തൊടുത്തത് പി. സി. ജോര്ജ്ജിലൂടെയാണ്. ‘മാണി മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യന്‍’ എന്ന പ്രസ്താവനയിറക്കി ജോര്‍ജ്ജ് ഇതിന്റെ പൂര്‍ത്തീകരണവും വരുത്തി. ഇതിനോട് അനുകൂല നിലപാടുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരിയും എത്തിയതോടെ ‘മാണി ഫാക്ടര്‍’ സജീവമായി.
എല്ലാം നിഷേധിച്ചുകൊണ്ട് കെ.എം. മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തുന്നതുവരെ തന്ത്രപരമായ നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. അടുത്തവര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പു തന്നെയാണ് ഇതില്‍ മുഖ്യം. നിലവില്‍ ജോസ് കെ. മാണി പ്രതിനിധാനം ചെയ്യുന്ന കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റും തരപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യം.
കെ. ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: