ന്യൂദല്‍ഹി: മന്ദഗതിയിലുള്ള സാമ്പത്തിക പരിഷ്കരണ നടപടികള്‍ രാജ്യത്തിന്റെ വളര്‍ച്ച കുറയ്ക്കുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്. 2013 ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 5.8 ശതമാനമായിരിക്കുമെന്നാണ് എഡിബിയുടെ വിലയിരുത്തല്‍. ജിഡിപി വളര്‍ച്ച ആറ് ശതമാനത്തിലെത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്ക് കൂട്ടല്‍.
2012-13 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തില്‍ എത്തിയിരുന്നു. വ്യാവസായി മേഖലയുടെ മോശം പ്രകടനമാണ് വ്യാവസായിക വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാവാന്‍ കാരണമെന്നാണ് എഡിബിയുടെ വിലയിരുത്തല്‍. 2014 ല്‍ സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണപ്പെരുപ്പ നിരക്ക് കുറയുന്നത് പലിശ നിരക്കില്‍ കുറവ് വരുത്തുന്നതിന് വഴിയൊരുക്കുമെന്നും ഇതിലൂടെ നിക്ഷേപവും ഉപഭോഗവും ശക്തമാകുമെന്നുമാണ് വിലയിരുത്തല്‍. 2013 ല്‍ അമേരിക്ക രണ്ട് ശതമാനവും 2014 ല്‍ 2.6 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നും വിലയിരുത്തുന്നു. ദക്ഷിണ ഏഷ്യയില്‍ ശ്രീലങ്ക ശക്തമായ വളര്‍ച്ച തുടരുമെന്നും എഡിബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ദക്ഷിണ ഏഷ്യയുടെ വളര്‍ച്ചാ നിരക്ക് 5.6 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. അടുത്ത വര്‍ഷം ഇത് 6.2 ശതമാനമാകുമെന്നും വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: