കൊച്ചി: സോളാര്‍ തട്ടിപ്പിന്റെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ടെനി ജോപ്പന് പങ്കുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ടാണ് ജോപ്പന് ഇടപാടുകള്‍ക്ക് കൂട്ടുനിന്നതെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണി ആവശ്യപ്പെട്ടു. ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സരിതയുടേയും ബിജുവിന്റേയും ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് ജോപ്പന് അറിവുണ്ടായിരുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ജോപ്പന് സാമ്പത്തിക ലാഭമുണ്ടായതായി മൊഴി ലഭിച്ചിട്ടുണ്ട്. ജോപ്പന്റെ നിര്‍ദേശപ്രകാരമാണ് പണമിടപാടുകള്‍ നടത്തിയത്. തട്ടിപ്പ് നടത്തിയെന്ന പൊതുവായ വിശ്വാസം ജോപ്പനും സരിതയ്ക്കും ബിജു രാധാകൃഷ്ണനും ഉണ്ടായിരുന്നുവെന്നും എ.ജി ഹൈക്കോടതിയെ അറിയിച്ചു. വാദം കേട്ട കോടതി കേസ് ഡയറികള്‍ പരിശോധിച്ച ശേഷം ഉത്തരവിനായി മാറ്റി.
അതിനിടെ സരിതയേയും ബിജുവിനേയും ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഹാജരാക്കും. വായ്പാ തട്ടിപ്പ് കേസില്‍ ബിജുവിന്റേയും സരിതയുടേയും ഒപ്പം പ്രതിചേര്‍ത്ത പിആര്‍ഡി മുന്‍ ഡയറക്ടര്‍ ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഫിറോസിനെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെ വിമര്‍ശിച്ചിരുന്നു. കേസില്‍ ഫിറോസ് കീഴടങ്ങനാന് സന്നദ്ധനാണെന്ന് ഫിറോസിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: