തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഒരു വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തിലെ പരാമര്‍ശങ്ങളില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടിയിരുന്നത് താന്‍ ഒരു ഹിന്ദുദേശീയവാദിയാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയായിരുന്നെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. മോദിയുടെ അഭിമുഖം രൂക്ഷവും വ്യാപകവുമായ വിവാദങ്ങള്‍ക്ക് വെടിമരുന്നിട്ടിരിക്കുകയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയത്തെക്കുറിച്ചല്ല വിവാദങ്ങള്‍ നടക്കുന്നതെന്ന് പരമേശ്വരന് പ്രസ്താവനയില്‍ പറഞ്ഞു.
ഓടുന്ന കാറിനടിയില്‍പ്പെട്ട് ഒരു പട്ടിക്കുട്ടി മരിക്കുന്നതുപോലും തനിക്ക് മനോവേദനയുണ്ടാക്കും എന്ന് മോദി പറഞ്ഞതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് അദ്ദേഹം 2002 ലെ ദൗര്‍ഭാഗ്യകരമായ വര്‍ഗ്ഗീയലഹളയെ ന്യായീകരിക്കുകയായിരുന്നു എന്ന് വരുത്തി സമുദായങ്ങള്‍ക്കിടയില്‍ പരസ്പര സപര്‍ദ്ധ വളര്‍ത്താനാണ് എതിരാളികളുടെ ശ്രമം. താന്‍ ഒരു ഹിന്ദുദേശീയവാദിയാണ് എന്ന മോദിയുടെ പ്രസ്താവന വളരെ വ്യാപകവും അഗാധവുമായ അര്ത്ഥതലങ്ങളുളളതാണ്. ഭാരതത്തിലെ പരമോന്നത അധികാരസ്ഥാനത്തേക്ക് ഉയരാന്‍ സാധ്യതയുള്ള ഒരു വ്യക്തിയുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു മോദിയുടെ ആ പ്രസ്താവം.
ഹിന്ദുദേശീയത എന്ന പദപ്രയോഗം ഒരു പക്ഷെ ആദ്യമായും ഏറ്റവും വ്യാപകമായും നടത്തിയിട്ടുള്ളത് സ്വാമി വിവേകാനന്ദനാണ്. ഭാരതത്തില്‍ അദ്ദേഹം ചെയ്തിട്ടുള്ള മിക്കവാറും എല്ലാ പ്രസംഗങ്ങളിലും അദ്ദേഹം ആ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയും ?ഹിന്ദ്സ്വരാജ്? എന്ന പുസ്തകത്തില്‍ ഈ ആശയം പ്രകടമാക്കിയിട്ടുണ്ട്. സവര്‍ക്കര്‍ അതിനെ നിര്‍വ്വചിച്ചുകൊണ്ട് ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. സങ്കുചിതമായ മതമെന്ന അര്‍ത്ഥത്തിലല്ല, വ്യാപകമായ സംസ്കാരം എന്ന അര്‍ത്ഥത്തിലാണ് അവരെല്ലാം തന്നെ ആ പദം ഉപയോഗിച്ചിട്ടുള്ളത്. വര്‍ഗ്ഗീയതയും ഭീകരവാദവും മൂലം രാഷ്ട്രം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മോദി ഉന്നയിച്ച ?ഹിന്ദുദേശീയത? എന്ന ആശയം വിശദമായി ചര്‍ച്ചചെയ്യപ്പെടേണ്ടതായിരുന്നു. ആ അവസരം ഉപയോഗപ്പെടുത്തുന്നതിനു പകരം നിസ്സാരവും അപ്രസക്തവും കേവലം വിദ്വേഷജനകവുമായ ഒരു തലത്തിലേക്ക് ചര്‍ച്ച വലിച്ചിഴക്കപ്പെട്ടത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇന്നത്തെ നിലവാരം എത്ര അധഃപതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിനാവശ്യം ഗൗരവമുള്ള ആശയസംവാദമാണ്. അടിസ്ഥാനരഹിതമായ അപവാദ പ്രചരണമല്ലന്ന് പരമേശ്വരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: