ഗയാന: ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയം തീര്‍ത്ത ഷാഹിദ് അഫ്രീദിയുടെ കരുത്തില്‍ പാക്കിസ്ഥാന് ഉജ്ജ്വല വിജയം. ഏറെ നാളത്തെ ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ അഫ്രീദി ഏറെക്കുറെ ഒറ്റയ്‌ക്കുതന്നെയാണ് വിന്‍ഡീസിനെ തകര്‍ത്തുവിട്ടത്. ആദ്യ ബാറ്റ് ചെയ്ത് 76 റണ്‍സ് നേടുകയും ബൗളിംഗ് തുടങ്ങിയപ്പോള്‍ വെറും 12 റണ്‍സ് വിട്ടുകൊടുത്ത് 7 വിക്കറ്റുകള്‍ വീഴ്‌ത്തുകയും ചെയ്താണ് അഫ്രീദി മത്സരത്തിലെ താരമായത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനമാണ് അഫ്രീദിയുടേത്. എട്ട് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് 8 വിക്കറ്റ് വീഴ്‌ത്തിയ ശ്രീലങ്കയുടെ ചാമിന്ദ വാസിന്റെ പേരിലാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. 76 റണ്‍സെടുത്ത അഫ്രീദിയും 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖുമാണ് പാക് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് അഫ്രീദിയുടെ മാസ്മരിക ബൗളിംഗിന്റെ മികവില്‍ വെറും 98 റണ്‍സിന് ഓള്‍ ഔട്ടായി. 25 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. തകര്‍പ്പന്‍ പ്രകടനത്തോടെ അഫ്രീദി ഏകദിന ക്രിക്കറ്റില്‍ ഒരു നാഴികക്കല്ലും പിന്നിട്ടു. 7000 റണ്‍സും 350 വിക്കറ്റുകളും വീഴ്‌ത്തുന്ന ആദ്യതാരമെന്ന ബഹുമതിയാണ് അഫ്രീദി സ്വന്തമാക്കിയത്. ഏകദിനത്തില്‍ 7277 റണ്‍സും 355 വിക്കറ്റുകളുമാണ് അഫ്രീദിയുടെ പേരിലുള്ളത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന്‍ 1-0ന് മുന്നിലെത്തി.
ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഡ്വെയ്ന്‍ ബ്രാവോ പാക്കിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ച് വിന്‍ഡീസ് ബൗളര്‍മാര്‍ അരങ്ങുതകര്‍ത്തപ്പോള്‍ പാക്കിസ്ഥാന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. സ്കോര്‍ബോര്‍ഡില്‍ 47 റണ്‍സ് ചേര്‍ത്തപ്പോഴേക്കും അഞ്ച് മുന്‍നിര താരങ്ങളാണ് പവലിയനിലേക്ക് മടങ്ങിയത്. ജാസണ്‍ ഹോള്‍ഡറുടെ മാരകമായ പേസാണ് പാക്കിസ്ഥാനെ തകര്‍ത്തുവിട്ടത്. സ്കോര്‍ബോര്‍ഡില്‍ 23 റണ്‍സ് ആയപ്പോഴേക്കും അഹമ്മദ് ഷെഹ്സാദ് (5), നസിര്‍ ജംഷാദ് (6), മുഹമ്മദ് ഹഫീസ് (1), ആസാദ് ഷഫീഖ് എന്നിവരെ ഹോള്‍ഡര്‍ മടക്കിഅയച്ചു. അഹമ്മദ് ഷെഹ്സാദിനെയും മുഹമ്മദ് ഹഫീസിനെയും ബൗള്‍ഡാക്കിയപ്പോള്‍ നസിര്‍ ജംഷാദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആസാദ് ഷഫീഖിനെ ഹോള്‍ഡര്‍ ചാള്‍സിന്റെ കൈകളിലെത്തിക്കുകയും ചെയ്തു. സ്കോര്‍ 47-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത ഉമര്‍ അക്മലിനെ റോച്ചും മടക്കിയതോടെ പാക് ഇന്നിംഗ്സ് നൂറ് റണ്‍സ്പോലും കടക്കില്ലെന്ന് തോന്നിപ്പിച്ചു. ഇവിടെ നിന്നാണ് അഫ്രീദിയും ക്യാപ്റ്റന്‍ മിസ്ബയും ചേര്‍ന്ന് പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ആറാം വിക്കറ്റില്‍ 19.1 ഓവറില്‍ 120 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 30-ാം ഓവറിലെ രണ്ടാം പന്തില്‍ പാക് സ്കോര്‍ 100 കടന്നു. അധികം വൈകാതെ അഫ്രീദി അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 35 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയും മൂന്ന് സിക്സറുമടക്കമാണ് അഫ്രീദി 50-ല്‍ എത്തിയത്. ഒടുവില്‍ 39 ഓവറില്‍ സ്കോര്‍ 167-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 55 പന്തില്‍ നിന്ന് 6 ബൗണ്ടറിയും അഞ്ച് സിക്സറുമടക്കം 76 റണ്‍സെടുത്ത അഫ്രീദിയെ പൊള്ളാര്‍ഡിന്റെ പന്തില്‍ സമി പിടികൂടുകയായിരുന്നു. പിന്നീട് സ്കോര്‍ 183-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും നഷ്ടമായി. 7 റണ്‍സെടുത്ത വഹാബ് റിയാസിനെ റോച്ചിന്റെ പന്തില്‍ ഹോള്‍ഡര്‍ പിടികൂടി. സ്കോര്‍ 200-ല്‍ എത്തിയപ്പോള്‍ 52 റണ്‍സെടുത്ത മിസ്ബയും മടങ്ങി. 121 പന്തുകള്‍ നേരിട്ട മിസ്ബ ഒരു ബൗണ്ടറിമാത്രമാണ് നേടിയത്. ബ്രാവോയുടെ പന്തില്‍ ചാള്‍സിന് ക്യാച്ച് നല്‍കിയാണ് മിസ്ബ മടങ്ങിയത്. സ്കോര്‍ 220-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത അസദ് അലിയും മടങ്ങി. ഹോള്‍ഡര്‍ 10 ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളും റോച്ചും ബ്രാവോയും രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
225 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന വിന്‍ഡീസിനെ തുടക്കത്തിലേ പാക് ബൗളര്‍മാര്‍ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. ഏഴ് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടപ്പെട്ടത്. നേരിട്ട ആദ്യ പന്തില്‍ ചാള്‍സിനെ മുഹമ്മദ് ഇര്‍ഫാന്‍ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ അഞ്ച് റണ്‍സെടുത്ത ഡാരന്‍ ബ്രാവോയെ ഇര്‍ഫാന്‍ ഉമര്‍ അക്മലിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ ഗെയില്‍ റണ്ണൗട്ടാവുകയും ചെയ്തു. പിന്നീട് സാമുവല്‍സുംക്യാപ്റ്റന്‍ ബ്രാവോയും ചേര്‍ന്ന് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അഫ്രീദിയുടെ ഉജ്ജ്വല ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിയുന്നതിനാണ് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 10 റണ്‍സെടുത്ത സിമണ്‍സിനെ വീഴ്‌ത്തിക്കൊണ്ടാണ് അഫ്രീദി വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. സിമണ്‍സിനെ ഉമര്‍ അക്മല്‍ സ്റ്റാമ്പ് ചെയ്തപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന ബ്രാവോയെ അഫ്രീദി വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 50 റണ്‍സിലെത്തിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത പൊള്ളാര്‍ഡിനെ അഫ്രീദി വഹാബ് റിയാസിന്റെ കൈകളിലെത്തിച്ചു. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും വിന്‍ഡീസ് ടോപ് സ്കോറര്‍ സമുവല്‍സിനെ അഫ്രീദി വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് സ്കോര്‍ 55-ല്‍ എത്തിയപ്പോള്‍ ഒരുറണ്‍സെടുത്ത റോച്ചിനെ സ്വന്തം പിന്തില്‍ അഫ്രീദി പിടികൂടി. ഒമ്പതാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സമിയും നരേയ്നും ചേര്‍ന്ന് സ്കോര്‍ 98-ല്‍ എത്തിച്ചു. വിന്‍ഡീസ് ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതായിരുന്നു. എന്നാല്‍ 14 റണ്‍സെടുത്ത നരേയ്നെ അഫ്രീദി നസിര്‍ ജംഷാദിന്റെ കൈകളിലെത്തിച്ചു. ഇതേ സ്കോറില്‍ തന്നെ അവസാന വിക്കറ്റും വീണു. ഹോള്‍ഡറെ അഫ്രീദി എല്‍ബിയില്‍ കുടുക്കിയതോടെ വിന്‍ഡീസ് ഇന്നിംഗ്സിന് തിരശ്ശീല വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: