കൊല്ലം ജില്ലയിലെ ന്യായവിലഹോട്ടലുകളുടെ നിലവിലുള്ള അവസ്ഥയെ സംബന്ധിച്ച് പ്രാഥമികവിവരങ്ങള്‍ പോലും അറിയാത്തവിധം കുത്തഴിഞ്ഞ നിലയിലാണ് സിവില്‍സപ്ലൈസ് വകുപ്പ്. നേരത്തെ അഞ്ച് താലൂക്കുകളില്‍ അന്നപൂര്‍ണ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന ചില വിദൂര ഓര്‍മ്മകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. നിലവില്‍ ഒരെണ്ണം പോലും ഇല്ല.
കൊട്ടാരക്കരയില്‍ അന്നപൂര്ണഹോട്ടലുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മാസങ്ങള്‍ക്കുമുമ്പേ അത് പൂട്ടിപ്പോയ വിവരം ജില്ലാ ഓഫീസില്‍ അറിഞ്ഞിട്ടില്ല. സിവില്‍സപ്ലൈസ് കോര്പ്പറേഷന് നല്കുന്ന സാധനസാമഗ്രികള്‍ കൊണ്ടായിരുന്നു അന്നപൂര്‍ണ ഹോട്ടലുകളില്‍ ഭക്ഷണം തയ്യാറാക്കിയിരുന്നത്. ക്രമേണ സാമഗ്രികളുടെ വിതരണത്തിലുണ്ടായ കുറവ് ഹോട്ടലുകളെ ബാധിക്കുകയും ഒടുവില്‍ അടച്ചുപൂട്ടുകയുമായിരുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നല്‍കിവന്ന ന്യായവില ഹോട്ടലുകള്‍ക്ക് ഷട്ടര്‍ വീണു. പാചകത്തൊഴിലാളികള്‍ക്ക് വേതനം മാന്യമായി നല്കാനാകാത്തതും നടത്തിപ്പിന് തിരിച്ചടിയായിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ അന്നപൂര്‍ണ്ണ ഹോട്ടലുകളുടെ പ്രവര്‍ത്തനം നിലച്ചിട്ട് 10 വര്‍ഷത്തിലധികമായെന്ന് സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.നേരത്തെ കണ്ണൂര്‍, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ അന്നപൂര്‍ണ്ണ ഹോട്ടലുകള്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു സ്വകാര്യ ഹോട്ടലുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭിക്കുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്രയമായിരുന്നു അന്നപൂര്‍ണ്ണ ഹോട്ടലുകള്‍. എന്നാല്‍ സിവില്‍ സപ്ലൈസില്‍ നിന്നും സബ്സിഡി നിരക്കില്‍ സാധന സാമഗ്രികള്‍ ലഭിക്കാത്തതിനാല്‍ ഹോട്ടലുകള്‍ അടച്ച് പൂട്ടുകയായിരുന്നു. പുതുതായി ഇത്തരം ഹോട്ടലുകള്‍ ആരംഭിക്കാന്‍ വ്യക്തികളോ സൊസൈറ്റികളോ തയ്യാറായി വരുന്നില്ലെന്നും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ നേരത്തെ അന്നപൂര്‍ണ്ണ ഹോട്ടല്‍ ആരംഭിച്ചിരുന്നുവെങ്കിലും പൂട്ടുകയായിരുന്നു. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് സാധനങ്ങള്‍ നല്കുന്നതില് വീഴ്ച്ച വരുത്തിയതാണ് പൂട്ടാന്‍ കാരണം. ജില്ലയില്‍ ന്യായവിലക്ക് ഭക്ഷണം നല്കുന്ന അന്നപൂര്‍ണ്ണ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്പറഞ്ഞു. കുടുംബശ്രീയുമായി സഹകരിച്ച് കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് താലൂക്കുകളില്‍ ഓരോന്നു വീതമായിരിക്കും തുടങ്ങുകയെന്നാണ് വിശദീകരിച്ചത്.
മലപ്പുറംജില്ലയില്‍ ന്യായവിലക്ക് ഭക്ഷണം നല്കുന്ന പദ്ധതിയായ അന്നപൂര്‍ണ്ണ അസ്തമിച്ചു. എല്ലാ നിയോജകമണ്ഡലങ്ങളിലും അന്നപൂര്‍ണ്ണ എന്നപേരില്‍ ഹോട്ടലുകള്‍ തുടങ്ങിയാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍ പലതും മാസങ്ങള്‍ക്കുള്ളില്‍ തന്നെ അടച്ചുപൂട്ടേണ്ടിവന്നു. കുടുംബശ്രീകളെയും മറ്റും ഉപയോഗിച്ചായിരുന്നു അന്നപൂര്‍ണ്ണ ഹോട്ടലുകള്‍ ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ അന്നപൂര്‍ണ്ണ പദ്ധതിപ്രകാരമുള്ള ഒറ്റ ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നില്ല. കുടുംബശ്രീകള്‍ക്ക് ഹോട്ടലുകള്‍ തുടങ്ങാനായി സഹായങ്ങള്‍ നല്‍കിയിരുന്നെങ്കിലും വിജയത്തിലെത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. സിവില്‍ സപ്ലൈസ് വകുപ്പാണ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. സ്വകാര്യഹോട്ടലുകളില് വന്‍ വില ഇടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരം ഒരു സംരംഭത്തിന് മുതിര്‍ന്നത്. എന്നാല്‍ ഇത് അടച്ചുപൂട്ടിയെങ്കിലും വീണ്ടും തൃപ്തി എന്ന പേരില്‍ മറ്റൊരു പദ്ധതിക്ക് തുടക്കം കുറിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നടത്തിയിരുന്ന മാവേലി ന്യായവില ഹോട്ടലുകളെല്ലാം പൂട്ടി. സപ്ലൈ കോ വാഗ്ദാന പ്രകാരം നിത്യോപയോഗ സാധനങ്ങള്‍ നല്കാഞ്ഞതുതന്നെയാണു കാരണം. ഹോട്ടലുകളില്‍ അസാധാരണമായ തോതില്‍ വില വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് 2009-ാണ് സര്‍ക്കാര്‍ മാവേലി ഹോട്ടലുകള്‍ ആരംഭിച്ചത്. എറണാകുളത്ത് നാലു ഹോട്ടലുകളാണ് ആരംഭിച്ചത്. നഗരത്തില്‍ കാരയ്ക്കാമുറിയിലായിരുന്നു ആദ്യത്തെ മാവേലി. പിന്നീട് തൃപ്പൂണിത്തുറ സിവില്‍ സ്റ്റേഷന്, ചെല്ലാനം കണ്ടക്കടവ്, പറവൂര്‍ താലൂക്ക് മിനി സിവില്‍ സ്റ്റേഷന് എന്നിവിടങ്ങളിലായിരുന്നു ബാക്കി മൂന്നെണ്ണം.
സര്‍ക്കാര്‍ സഹായം കിട്ടിയില്ലെങ്കിലും നാട്ടുകാര്‍ ചേര്‍ന്നു രൂപീകരിച്ച സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ തൃപ്പൂണിത്തുറയിലെ ഹോട്ടല്‍ തുടര്‍ന്നു. ജില്ലാ ഭരണ കേന്ദ്രമായ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച മാവേലി ഹോട്ടല്‍ തുടങ്ങാന്‍ പോലും സര്‍ക്കാരിനായില്ല.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: