കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആവിഷ്കരിച്ച ജന്മനക്ഷത്ര വൃക്ഷപരിപാലന പദ്ധതി ഭക്തരെ ചൂഷണം ചെയ്ത് പണം തട്ടുന്നതിനാണെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന അധ്യക്ഷന്‍ ഡോ. കെ. അരവിന്ദാക്ഷന് പറഞ്ഞു. കോട്ടയം തിരുവെങ്കിടപുരത്തു ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന്മനക്ഷത്രവൃക്ഷം നട്ടുപിടിപ്പിക്കുന്നതിന് പ്രതിമാസം 100 രൂപ വീതം ദേവസ്വംബോര്‍ഡിനു നല്‍കണം. ഈ തുക ഒന്നിച്ച് മൂന്നു വര്‍ഷത്തേക്കോ, അഞ്ചുവര്‍ഷത്തേക്കോ അതില്‍കൂടുതലോ വര്‍ഷങ്ങളിലേക്ക് അടയ്ക്കുന്നതിന് സൗകര്യമുണ്ട്. പതിനായിരം രൂപ ഒന്നിച്ച് അടയ്ക്കുന്ന ആളിന്റെ പേര് വൃക്ഷത്തില്‍ എഴുതി വയ്ക്കും. വിദേശവാസികള്‍ അഞ്ഞൂറ് ഡോളര്‍ അടച്ചാല്‍ 10 വര്‍ഷത്തേക്ക് അവരുടെ പേര് വൃക്ഷത്തില്‍ എഴുതിവയ്ക്കും. ഇപ്രകാരമാണ് പദ്ധതിയെപ്പറ്റി പരസ്യപ്പെടുത്തിയിട്ടുള്ളത്. മാസം 100 രൂപ വീതം അടയ്ക്കുന്ന ആളിന് അയാളുടെ വൃക്ഷം അയാളുടെ പേരില്‍ നടുമെന്നതിന് യാതൊരു ഉറപ്പും ബോര്‍ഡ് നല്‍കുന്നില്ല. ഒരേ വൃക്ഷം പലരുടെ പേരില്‍ കാണിച്ച് പണം വാങ്ങുന്നതിന് തടസ്സമില്ല. ഇതിലൂടെ വന്‍ തട്ടിപ്പ് നടക്കും എന്നത് ഉറപ്പാണ്.
ഏറ്റവും ശ്രേഷ്ഠമായ സാമൂഹ്യസമത്വകേന്ദ്രമായ ക്ഷേത്രങ്ങളില്‍ ധനികരെയും ദരിദ്രരെയും രണ്ടു തരത്തില്‍ കാണുന്നതിന് ബോര്‍ഡിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാകും. ക്ഷേത്രത്തില്‍ അസമത്വങ്ങള്‍ സൃഷ്ടിക്കുന്ന ബോര്‍ഡിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്. ക്ഷേത്രത്തിലെ ഭക്തന്മാര് 100 രൂപ നല്കി രജിസ്റ്റര്‍ ചെയ്യണമെന്നും അപ്രകാരം ചെയ്ത ഭക്തന്മാര്ക്കു മാത്രമേ ക്ഷേത്രഉപദേശകസമിതി തെരഞ്ഞെടുക്കുന്നതിന് വോട്ടിംഗ് അവകാശമുള്ളു എന്നതും ക്ഷേത്രങ്ങളുടെ ഊട്ടുപുരകള്‍ പാട്ടത്തിന് നല്കി പാട്ടക്കാര് അതിനെ ഇതര മതസ്ഥര്‍ക്ക് വാടകയ്ക്ക് നല്കി ബിരിയാരി സദ്യ നടത്താന്‍ ഇടയാക്കിയത് ഭക്തജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളതാണ്. സാമ്പത്തിക നേട്ടത്തിന് വേണ്ടി ഹൈന്ദവക്ഷേത്രങ്ങളുടെ പരിശുദ്ധിയും പാരമ്പര്യവും കളങ്കപ്പെടുത്തുന്നതില്‍ നിന്നും ദേവസ്വം ബോര്‍ഡ് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: